ഒറ്റയ്ക്കൊരു വിരുന്നുകാരി

1
510
athmaonline-ottakkoru-virunnukari-vijisha-vijayan-thumbnail

വിജിഷ വിജയൻ

വയൽ വരമ്പിന്നോരത്തെ
ആ പഴയ വീട്ടിലേക്ക്
കൊതുമ്പുവള്ളങ്ങളിൽ
നാമൊഴുക്കിവിട്ട
പ്രേമലേഖനങ്ങൾ
പെറ്റുപെരുകിയിട്ടുണ്ട്.

നിന്റെ ചുണ്ടിൽനിന്നൂർന്ന്
വീണ മധുകൊണ്ടവിടം
വഴുക്കലുകൾ വന്ന്
ജരാനരകളില്ലാത്ത
ഭൂതകാലത്തിലേക്ക്
തെന്നിപ്പോകുന്നുണ്ട്..

നിനക്കോർമയുണ്ടോ?
അവിടെനമുക്കേറെ
പ്രിയപ്പെട്ടൊരു
നടുത്തളമുണ്ടായിരുന്നു.
മിണ്ടുന്ന മൗനങ്ങൾ
കഥ പറഞ്ഞൊരിടം..



വഴിക്കണ്ണുകൾ ജീവിതത്തോട്
ചേർത്തെഴുതിയ ആദ്യകവിതയിൽ
ആളിക്കത്തിയ
അവസാന വരിയിലേക്ക്
ചേർത്തെഴുതാനെന്നോ
പറഞ്ഞു വച്ചൊരു കടം..

നാമിടയ്ക്ക് പറയാറുള്ള
തമാശച്ചുരുളുകളിൽ
നിവർത്താതെ വച്ച
സീമാലംഘനചുംബനങ്ങളിൽ
വെന്തു വിയർത്ത
ഇടനാഴികൾ നിശ്ചലമായിരുന്നു..

വഴക്കിട്ടും വാരിപ്പുണർന്നും
വടക്കിനിയിലിരുന്ന്
നീ തരാറുള്ള ചോറുരുളയിൽ
സമൃദ്ധവിഭവങ്ങളേതുമില്ലാഞ്ഞും
മോതിരവിരലിൽ പറ്റിപ്പിടിച്ചരണ്ടു-
വറ്റുകൾക്കുപോലുമെത്ര സ്വാദായിരുന്നു..



കണ്ണടച്ച് നടക്കാൻ പഠിച്ച
നീളൻ വരാന്ത നിറയെ
ഛായാചിത്രങ്ങളാൽ
വരഞ്ഞിട്ട നമ്മുടെ
പ്രമദസരോവരങ്ങൾ
ജലരേഖകൾ മറച്ചിരുന്നു..

രാപ്പകൽ ഭേദമില്ലാതെ
അവിടമേറ്റവും അലങ്കോലമായ
വായനാവസന്തമുറിയിലെ
ഹൃദയരേണുക്കളിൽ
നാം തൊട്ടുപോയിടം
കാലമൊപ്പിട്ടു വച്ചിരുന്നു..

വിദുരമായൊരു
ആത്മബന്ധത്തിന്റെ
ആദിമധ്യാന്തം
തരിശുപോൽകിടന്നിട്ടും
ഓർമക്കൂമ്പാരങ്ങളുടെ
നെൽക്കതിരുകളിൽ
നീരുനിറഞ്ഞിരുന്നു..

മഴക്കോളുപങ്കിട്ട
പാതിരാപ്പനിയിൽ
നാമടക്കിവച്ച
നിശ്വാസങ്ങളാൽ
പടുത്തുയർത്തിയ,
ചോർന്നൊലിക്കുന്ന
പ്രണയസൗധത്തിലേക്ക്,
നീയില്ലാതെ തനിച്ചായിപ്പോയൊരു
വിരുന്നുകാരിയായ് മാത്രം
ഞാനെങ്ങനെ കയറിച്ചെല്ലും?


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here