ഒറ്റച്ചോദ്യം – അമൽ രാജ് ദേവ്

0
155

ഒറ്റച്ചോദ്യം

അജു അഷ്‌റഫ് / അമൽ രാജ് ദേവ്

ഒരു അഭിനേതാവ് (ആക്ടർ )എന്ന നിലയിൽ ശരീരം, ഇടം, സമയം എന്നീ ഘടകങ്ങളെ താങ്കൾ എങ്ങനെയാണ് അഭിനയം എന്ന പ്രോസസിലേക്ക് എടുക്കുന്നത്? എന്താണ് അമൽ രാജ് എന്ന നടന്റെ ആക്റ്റിംഗ് പ്രാക്ടീസ് മെത്തേഡ് ?

ഒരു ആക്ടർ എന്ന നിലയിലെന്റെ ബോഡി, ടൈം, സ്‌പേസ് എന്നിവയെ എങ്ങനെയാണ് ഞാൻ എന്റെ ആക്ടിങ് പ്രോസസിലേക്ക് ഇമ്പ്ലിമെന്റ് ചെയ്യുന്നത് എന്ന് ചോദിച്ചാൽ, ബോധപൂർവം അതിനൊരു ശ്രമം ഞാൻ നടത്താറില്ല എന്നതാണ് വാസ്തവം. ഒരു കഥാപാത്രം ചെയ്യാൻ വേണ്ടി, അല്ലെങ്കിൽ ആ കഥാപാത്രത്തിന് വേണ്ടി നമ്മളുടെ ശബ്ദത്തെയും ശരീരത്തെയും മനസിനെയും രാകി മിനുക്കി എടുക്കുന്നതിനേക്കാൾ, നിരന്തരമായി നമ്മുടെ ശരീരവും സ്‌പേസും സമയവും മൈൻഡും ശബ്ദവുമൊക്കെ ട്യൂൺ ചെയ്തുകഴിഞ്ഞാൽ, അത്‌ നമ്മളിലേക്കെത്തുന്ന ഏത് കഥാപാത്രത്തിന്റെ ആഴങ്ങളിലേക്കും ഒഴുകി ഇറങ്ങാൻ പറ്റുന്ന, വളരേ സുഖകരമായ ഒരവസ്ഥയിലേക്ക് എന്നെ പാകപ്പെടുത്തി എടുക്കാനാവും എന്ന് ഞാൻ വിശ്വസിക്കുന്നു. അതിനാണ് എപ്പോഴുമെന്റെ പരിശ്രമം. അത്‌ നിരന്തരം ചെയ്യാൻ ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ് ഞാൻ. ഒരു നടനെ സംബന്ധിച്ചിടത്തോളം അയാളുടെ ശരീരമാണ് ഏറ്റവും പ്രധാനം. ആ ശരീരത്തിൽ നിന്നുകൊണ്ടാണ് അദ്ദേഹത്തിന്റെ അംഗവിക്ഷേപങ്ങളിലൂടെയും മറ്റും കഥാപാത്രത്തിന്റെ ഉള്ളറകളിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നത്. എവിടെ ആയാലും, ഏത് സമയത്തായാലും ശരീരത്തെ നിരന്തരം പരിശീലിപ്പിക്കാൻ ശ്രമിക്കുന്നൊരു വ്യക്തിയാണ് ഞാൻ. അതിന്, ഏത് കാരക്ടറാണോ, ആ ക്യാരക്റ്ററിന്റെ ആംബിയൻസ് എന്താണോ എന്നത് മനസിലാക്കി, അതിലേക്ക്, ആ പാത്രത്തിലേക്ക് എന്നെ ഉരുക്കി ഒഴിക്കുക എന്നതാണ് ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന പ്രോസസ്.

ചില പ്രത്യേക ഘട്ടങ്ങളിൽ, തീർത്തും വ്യത്യസ്തമായ കഥാപാത്രങ്ങളിൽ ചിലപ്പോൾ കൂടുതൽ അധ്വാനം വേണ്ടിവരാറുണ്ട്. വ്രതമടക്കമുള്ള മുറകളിലൂടെ ശരീരത്തെ പാകപെടുത്തേണ്ടി വരാറുണ്ട്. ചിലപ്പോൾ അത്‌ വ്യായാമം ആയേക്കും. എന്നിരുന്നാലും, സ്വാഭാവികമായി, സാധാരണ രീതിയിൽ അത്തരത്തിൽ ഒരു അധ്വാനം അധികമായി എടുക്കേണ്ടി വരാറില്ല. ചെറുപ്പം മുതൽ ഇതൊക്കെയും പരിശീലിക്കുന്നത് കൊണ്ടാവാം. നാലാം ക്ലാസിൽ തന്നെ ഞാൻ നാടകത്തോട് ഓരം ചേർന്ന് നടക്കാൻ തുടങ്ങിയിട്ടുണ്ട്. സ്കൂൾ കാലഘട്ടത്തിലും നാടകം കൂടെയുണ്ടായിരുന്നു.നാടകത്തിലെ ചിട്ടവട്ടങ്ങൾ എന്നും കൂടെ ഉണ്ട്. അതിനാൽ തന്നെ എന്റെ ശരീരത്തിലും താളത്തിലും ആ ചിട്ട അടങ്ങിയിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങനെയാണ് ഞാൻ കഥാപാത്രങ്ങളുടെ ഉള്ളിലേക്ക് ഇറങ്ങാറ്. പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കാൻ ശ്രമിക്കാറ്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here