കേരളപ്പിറവി ദിനത്തിൽ ഒറ്റാൽ പ്രദർശിപ്പിക്കുന്നു

0
775

കൊച്ചി: നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ കൊച്ചിയിലെ ടാഗോർ ലൈബ്രറിയിൽ ജയരാജിന്റെ ഒറ്റാൽ എന്ന അസാധാരണ ചലച്ചിത്രം പ്രദർശിപ്പിക്കുന്നു. ലൈബ്രറി ആരംഭിക്കുന്ന ടാഗോർ ടാക്കീസ് എന്ന ചലച്ചിത്ര കൂട്ടായ്മയുടെ തുടക്കമായാണ് ഒറ്റാൽ പ്രദർശിപ്പിക്കുന്നത്.

മലയാളത്തിലുണ്ടായ മികച്ച ചിത്രമാണ് ഒറ്റാൽ. ആൻറൺ ചെക്കോവിന്റെ വാങ്ക എന്ന ചെറുകഥയെ അവലംബമാക്കി കുട്ടനാടിന്റെ പശ്ചാത്തലത്തിലാണ് സിനിമ സംഭവിക്കുന്നത്.  മനുഷ്യന്റെ അനാഥത്വമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. അച്ഛനുമമ്മയും തുണയില്ലാതെ ഭൂമിയിൽ പിറക്കുന്ന താറാവുകഞ്ഞുങ്ങളെപ്പോലെയാവുകയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ കുട്ടപ്പായി. കുട്ടപ്പായിക്ക് തുണയായുള്ളത് എഴുപതു പിന്നിട്ട താറാവു കർഷകനായ വല്യപ്പച്ചായിയും. ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് ദേശാടനം നടത്തുന്നതു കൊണ്ട് രണ്ടാം ക്ലാസ്സിൽ വെച്ച് പഠിപ്പു നിർത്തുകയാണ് കുട്ടപ്പായി. പിന്നീടവൻ പ്രകൃതിയിൽ നിന്നുള്ള പാഠങ്ങളാണ് പഠിക്കുന്നത്. ഔപാചാരിക വിദ്യാഭ്യാസം നൽകുന്ന പാഠങ്ങളിൽ നിന്ന് വേറിട്ട് അവൻ സ്വയത്താമാക്കുന്ന അറിവുകൾ. കൂട്ടുകാരനായ ടിങ്കുവുമായ് പങ്കുവെക്കുന്നതിലുടെ നിലവിലുള്ള വിദ്യാഭ്യാസ സന്പ്രദായത്തിന്റെ അപര്യാപ്തതയിലേക്കും സിനിമ വെളിച്ചം തൂകുന്നു.

ബാലവേലയിലേക്ക് എത്തപ്പെടുന്ന നിസ്സഹായരായ കുട്ടികളുടെ ജീവിതവും ഒറ്റാൽ അടയാളപ്പെടുത്തുന്നു. ഒരു കാലത്ത് കച്ചവട സിനിമയിൽ അഭിരമിച്ചിരുന്ന ജയരാജ് ദേശാടനം എന്ന സിനിമയിലൂടെയാണ് സ്വയം തിരിച്ചറിയുകയും തന്റെ ചലച്ചിത്ര ജീവിതത്തിന്റെ ദിശ മാറ്റുകയും ചെയ്തത്. പിന്നീടാണ് കളിയാട്ടവും കണ്ണകിയും ശാന്തം കരുണം തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്ത് മലയാളത്തെ ലോകസിനിമയുടെ പന്ഥാവിലേക്ക് തിരിച്ചുവിടുന്നത്.

ലോക സിനിമിയിൽ മലയാളത്തിന്റെ സ്ഥാനം ഉറപ്പിച്ച ചിത്രം കൂടിയാണ് ഒറ്റാൽ 2015ലെ IFFK എന്ന അന്തർ ദേശീയ മേളയിൽ സുവർണ്ണചകോരമടക്കം നാല് അവാർഡുകളാണ് ഒറ്റാൽ നേടിയത്. ദേശീയ സംസ്ഥാന അവാർഡുകളും ജയരാജിനെത്തേടിയെത്തി. അഭിനയം തൊഴിലാക്കിയവരെയല്ല കഥാപാത്രങ്ങൾക്ക് അനുയോജ്യരായവരെ കണ്ടെത്തി അഭിനയിപ്പിക്കുകയാണ് വേണ്ടതെന്ന തിരിച്ചറിവിലേക്ക് ഈ സംവിധായകൻ എത്തിയതിന്റെ പരിണിതിയാണ് ഒറ്റാൽ എന്ന സിനിമ.

കുട്ടികൾക്കു പോലും മനസ്സിലാകുന്ന ഒരു ചലച്ചിത്രഭാഷയിലാണ് ജയരാജ് ഈ സിനിമയുണ്ടാക്കിയത് എന്നിട്ടു പോലും ഈ ചിത്രം പ്രദർശിപ്പിക്കാൻ കേരളത്തിൽ തീയേറ്റർ ലഭിച്ചില്ല എന്നതാണ് മലയാള സിനിമ നേരിടുന്ന പ്രതിസന്ധി.
തീയേറ്ററിൽ കാണാൻ കഴിയാതിരുന്ന ചിത്രങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുക – അത്തരം സിനിമകളെക്കുറിച്ച് ചർച്ചകൾ സംഘടിപ്പിക്കുക എന്നീ ഉദ്ദേശത്തോടെയാണ് കൊച്ചിയിൽ ടാഗോർ ടാക്കിസിന് തുടക്കം കുറിക്കുന്നത്…….

സി.ടി. തങ്കച്ചൻ

LEAVE A REPLY

Please enter your comment!
Please enter your name here