Homeലേഖനങ്ങൾഊഷ്മളമായ ബന്ധങ്ങൾ

ഊഷ്മളമായ ബന്ധങ്ങൾ

Published on

spot_img

 

ഷൗക്കത്ത്

കുഞ്ഞുന്നാളിൽ അവൾക്ക് അവനോട് സ്നേഹം തോന്നി. അച്ഛനിൽനിന്നു കിട്ടാത്ത സ്നേഹം അവനിൽ അവൾ സ്വപ്നം കണ്ടു. അവർ അടുത്തു. പ്രണയിച്ചു. വിവാഹിതരായി.

അവന്റെ മോഹങ്ങളെ സാക്ഷാത്ക്കരിക്കുക മാത്രമായിരുന്നു അവളുടെ ജീവിതം. അവളെ അവൾ കണ്ടതേയില്ല. കാരണം, അവൾക്ക് അച്ഛന്റെ സ്നേഹം വേണമായിരുന്നു.

വിവാഹം കഴിഞ്ഞതോടെ അവനിലെ സുഹൃത്തും കാമുകനും ഭർത്താവിന്റെ ഇരുളിൽ മറഞ്ഞു പോയി. അവൾ നിരാശയിലായി. സമർപ്പണം ദുരിതമായി.

പിതൃസ്നേഹം തേടിയുള്ള അവളുടെ അന്വേഷണം തുടർന്നു. അവൾക്ക് വേണ്ടതെന്തെന്ന് അവന് മനസ്സിലായതേയില്ല. പരസ്പരം മനസ്സിലാക്കാനാവാതെ പോവുകയെന്നത് ബന്ധത്തെ എത്രമാത്രം കലുഷമാക്കുമെന്ന് അറിയാത്ത ആരാണുള്ളത്.

അകമേ വിള്ളലുകൾ. രക്ഷതേടി അവൾ പഠിച്ചു. വീണ്ടും പഠിച്ചു. ഉന്നത വിദ്യാഭ്യാസം നേടി. മികച്ച ജോലി കിട്ടി. വാശിയായിരുന്നു ഉള്ളിൽ. എത്ര ആഴത്തിൽ അവനു തന്നെ സമർപ്പിച്ചുവോ അത്ര ആഴത്തിൽ തന്റേടിയായി. എന്നാൽ അതും സ്വയം പീഢനം എന്ന അസ്വാസ്ഥ്യമല്ലാതെ മറ്റൊന്നും നല്കിയില്ല. ഞാൻ സ്വതന്ത്രയാണെന്ന തോന്നൽ മാത്രം. കാട്ടിക്കൂട്ടലുകൾ മാത്രം. രാത്രികൾ ഉറക്കമില്ലാത്ത പ്രേതാലയമായി. വാശി മൂത്ത് വിളർച്ച ബാധിച്ചു.

അവൾ പിരിയാൻ തന്നെ തീരുമാനിച്ചു. ഇനി ഒരിക്കലും ശരിയാവില്ലെന്നുറപ്പിച്ചു. എഴുവയസ്സുള്ള മകളെ ആരുനോക്കും എന്നതു മാത്രമായി അവർക്കിടയിലെ ചർച്ച. ഭൂതകാലത്തെ കുറ്റവും കുറവുകളും പരസ്പരം വാരിയെറിഞ്ഞ് അവർ ദിനരാത്രങ്ങളെ വികൃതമാക്കി.

അവൻ ഭർത്താവായി നിന്ന് അന്ത്യശാസനങ്ങൾ നല്കി. അവളെ നേർവഴിക്കു കൊണ്ടുവരാൻ പുരുഷന്റെ വഴികൾ മാത്രമെ അവന് അറിയുമായിരുന്നുള്ളൂ. രണ്ടു പേരും സമാധാനത്തിൽ വരേണ്ട മനുഷ്യന്റെ വഴി അറിയില്ലായിരുന്നു.

രണ്ടു പേരോടും തനിയെ സംസാരിച്ചു. കണ്ണിൽ ചെറിയൊരു കരടു വീണാൽ എങ്ങനെയാണോ മൊത്തം കാഴ്ച നഷ്ടപ്പെടുക അതു തന്നെയാണ് ഇവരിലും സംഭവിച്ചതെന്ന് ബോദ്ധ്യമായി.

അവർക്ക് പരസ്പരം സ്നേഹമുണ്ട്. ആ സ്നേഹമാണ് പരാതി പരിഭവമായി പരസ്പരം ചെളി വാരിയെറിയുന്നത്. ഒപ്പം രണ്ടു പേരും പറഞ്ഞത് ഒന്നു തന്നെ. അവൻ നല്ലവനാണ്. അവൾ നല്ലവളാണ്. എന്നാൽ എനിക്കു വേണ്ടത് അറിയുന്നില്ല. അത് അവരെ ബോദ്ധ്യപ്പെടുത്തിക്കൊടുക്കുക മാത്രമെ എനിക്ക് ചെയ്യാനുണ്ടായിരുന്നുള്ളൂ.

ആശ്രയിച്ചു ജീവിക്കുക, സ്വാശ്രയത്വം നേടുക എന്നത് മനുഷ്യ ജീവിതത്തിന്റെ രണ്ട് സമ്മർദ്ദങ്ങളാണ്. പരസ്പരാശ്രയത്തിൽ കഴിയുന്ന ജീവിയെന്ന നിലയിൽ സ്വാതന്ത്ര്യം അവിടെയാണ് തെളിയുക. അതിന് സ്വന്തം താൽപര്യത്തിൽ ജീവിക്കുമ്പോഴും അപരന്റെ താൽപര്യത്തെ മാനിക്കുകയെന്ന മര്യാദ നിർബന്ധമാണ്.

അവന് എരിവ് കൂടുതൽ ഇഷ്ടമാണ്. എനിക്ക് ഇഷ്ടമില്ല. എങ്കിലും ഞാൻ എരിവ് ഉപേക്ഷിക്കാം എന്നൊരാൾ തീരുമാനിച്ചാൽ അത് അധികം നീണ്ടു നില്ക്കില്ല. എരിവ് കുറയ്ക്കുക മാത്രമെ ചെയ്യാവൂ. അത് രണ്ടു പേരെയും പരിഗണിക്കുന്ന നിലപാടാണ്. ആ നിലപാടിലേ ബന്ധം ആരോഗ്യ പൂർണ്ണമാകൂ.

ഭാര്യ ഭർത്താക്കന്മാർ എപ്പോഴും ആ ബന്ധം തന്നെ തുടരണമെന്നില്ല. ആ ബന്ധത്തിന് ഇടർച്ച വന്നാൽ കുറച്ചുനാൾ സുഹൃത്തുക്കളായി കഴിയാനുള്ള വിവേകം കാണിക്കണം. കല്യാണം കഴിയുന്നതോടെ ബന്ധങ്ങളിലെ വൈവിധ്യങ്ങൾ അറ്റുപോവുകയും ഏകമുഖത്വം സ്ഥായിയാക്കാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് എല്ലാ അസ്വാസ്ഥ്യങ്ങൾക്കും പ്രധാന കാരണം.

ഭാര്യാഭർത്താക്കന്മാർ അച്ഛനമ്മമാരാകണം, സഹോദരീ സഹോദരനാകണം, കാമുകീകാമുകനാകണം, സുഹൃത്തുക്കളാകണം. എന്തിന്, വല്ലപ്പോഴും അപരിചിതർ പോലുമാകണം. എങ്കിലേ ബന്ധം ആഴങ്ങളിലേക്ക് വളരുകയുള്ളൂ.

എന്തായാലും നല്ല സുഹൃത്തുക്കളായി ഒരേ വീട്ടിൽ കഴിയാൻ അവർ തീരുമാനിച്ചു. ബന്ധുക്കളുടെയും കുടുംബക്കാരുടെയും സമ്മർദ്ദങ്ങളെ അവഗണിക്കാനും തീരുമാനമായി. എങ്ങനെയെങ്കിലും അവരെയൊന്നു ശരിയാക്കിയേ അടങ്ങൂ എന്നു തീരുമാനിച്ച് കച്ചകെട്ടിയിറങ്ങുന്ന ബന്ധുമിത്രാദികളാണ് പലപ്പോഴും സാദ്ധ്യതകളെ മണ്ണിട്ടു മൂടുന്നത്.

ഭാര്യ ഭർതൃബന്ധത്തിന് അവധി കൊടുത്ത് സൗഹൃദത്തിന് തിരികൊളുത്തിയ അവർ തനിയെ ബന്ധങ്ങളുടെ വൈവിധ്യങ്ങളിലേക്ക് സഞ്ചരിക്കാതിരിക്കില്ല. കാരണം, അവർ അത്രമാത്രം പരസ്പരം സ്നേഹിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ട്രക്കിങ്ങില്‍ വഴി തെറ്റുന്നത് നല്ലതാണ്

Travel തിര ഉത്തരാഖണ്ഡ് യാത്രയില്‍ അധികമാരും പോയിട്ടില്ലാത്ത സ്ഥലമാവും ചോപ്ത -ചന്ദ്രശില. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് വന്യജീവിസങ്കേതത്തിന്റെ ഭാഗമായ പുല്‍മേടുകളുടെയും നിത്യഹരിതവനമേഖലയുടെയും ഒരു...

പൂവാൽമാവ്

(കവിത) വിനോദ് വിയാർ മതിലീന്ന് തലവെളിയിലിട്ടാണ് മാവിൻ്റെ നിൽപ്പ് ഇലകൾ കൊണ്ട് ചിരി കായകൾ കൊണ്ട് തലയെടുപ്പ് കാറ്റിനൊപ്പം കൂടി വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി, പൂവാൽമാവ്. പേരിട്ടത് ഞാനായതുകൊണ്ട് എന്നോടാണ് ദേഷ്യം, ഒറ്റമാങ്ങ...

എന്റെ സന്ദേഹങ്ങൾ

(കവിത) കെ.ടി അനസ് മൊയ്‌തീൻ   1 കത്തി കൊണ്ട് കുത്തിയതല്ല. വിഷം കൊടുത്തതല്ല. തള്ളിത്താഴെയിട്ടതല്ലേയല്ല. രാവിലെയെണീറ്റപ്പോൾ എനിക്കിഷ്ടമല്ലെന്നു പറഞ്ഞതാണ് ഹേതു. ഈ കേസെടുത്തവന്റെ സന്ദേഹപ്പട്ടികയിൽ എന്റെ കൈകൾ പ്രതി ചേർക്കപ്പെടില്ല. 2 ആ കുന്നിലാണ് നിന്നെയടക്കുന്നത്. മറ്റൊരാൾക്ക് നിന്റെ ചൂട് കായാൻ...

കണ്ണീരും സംഗീതവും ഇഴചേര്‍ന്ന ബാബുക്കയുടെ ജീവിതം ബിച്ച ഓര്‍ക്കുമ്പോള്‍

The Reader’s View അന്‍വര്‍ ഹുസൈന്‍ "അനുരാഗഗാനം പോലെ അഴകിൻ്റെ അല പോലെ ആരു നീ ആരു നീ ദേവതേ" പ്രണയിനിയെ വിശേഷിപ്പിക്കാൻ ഈ മനോഹര വരികൾ...

More like this

ട്രക്കിങ്ങില്‍ വഴി തെറ്റുന്നത് നല്ലതാണ്

Travel തിര ഉത്തരാഖണ്ഡ് യാത്രയില്‍ അധികമാരും പോയിട്ടില്ലാത്ത സ്ഥലമാവും ചോപ്ത -ചന്ദ്രശില. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് വന്യജീവിസങ്കേതത്തിന്റെ ഭാഗമായ പുല്‍മേടുകളുടെയും നിത്യഹരിതവനമേഖലയുടെയും ഒരു...

പൂവാൽമാവ്

(കവിത) വിനോദ് വിയാർ മതിലീന്ന് തലവെളിയിലിട്ടാണ് മാവിൻ്റെ നിൽപ്പ് ഇലകൾ കൊണ്ട് ചിരി കായകൾ കൊണ്ട് തലയെടുപ്പ് കാറ്റിനൊപ്പം കൂടി വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി, പൂവാൽമാവ്. പേരിട്ടത് ഞാനായതുകൊണ്ട് എന്നോടാണ് ദേഷ്യം, ഒറ്റമാങ്ങ...

എന്റെ സന്ദേഹങ്ങൾ

(കവിത) കെ.ടി അനസ് മൊയ്‌തീൻ   1 കത്തി കൊണ്ട് കുത്തിയതല്ല. വിഷം കൊടുത്തതല്ല. തള്ളിത്താഴെയിട്ടതല്ലേയല്ല. രാവിലെയെണീറ്റപ്പോൾ എനിക്കിഷ്ടമല്ലെന്നു പറഞ്ഞതാണ് ഹേതു. ഈ കേസെടുത്തവന്റെ സന്ദേഹപ്പട്ടികയിൽ എന്റെ കൈകൾ പ്രതി ചേർക്കപ്പെടില്ല. 2 ആ കുന്നിലാണ് നിന്നെയടക്കുന്നത്. മറ്റൊരാൾക്ക് നിന്റെ ചൂട് കായാൻ...