(ക്രൈം നോവല്‍)
ഡോ. മുഹ്‌സിന കെ. ഇസ്മായില്‍
അദ്ധ്യായം 29
അന്ന് വരെയനുഭവിക്കാത്ത ശാന്തതയോടെ സമീറ കുളക്കടവിലിരുന്നു. കുളത്തിന്റെ ചുറ്റുമതിലിൽ പറ്റിപ്പിടിച്ച പായലുകൾ അവരുടെ സഞ്ചാരകത്തിന്റെ കഥ പറഞ്ഞു. കുളത്തിൽ വിരിഞ്ഞ ഓളങ്ങൾ നിഴലുകളുടെ നൃത്തമാസ്വദിച്ചു.
“സമീറാ, നിന്നെക്കാണാൻ ഇതാ കുറച്ചാളുകൾ വന്നിരിക്കുന്നു,” സമീറയുടെ അസ്സിസ്റ്റന്റ് ചൈത്ര വിളിച്ചു പറഞ്ഞു. മേഡം മേഡം എന്നുമാത്രം വിളിച്ചിരുന്ന അവളെക്കൊണ്ടു പേര് വിളിപ്പിക്കാൻ സമീറ ഏറെ പാടുപെട്ടിരുന്നു. അമ്മിണിച്ചേച്ചിയുടെ മകളാണ് ചൈത്ര. മാതാവ് നഷ്ടപ്പെട്ട അവളെ നരക ജീവിതത്തിൽ നിന്നു രക്ഷപ്പെടുത്തിയതും ചൈത്രയെ വളർത്തിയതും അവളുടെ ജീവിതത്തിലെ സത്യങ്ങൾ ലോകത്തിന് മുമ്പിൽ വിളിച്ചു പറഞ്ഞു അവളെ സഹായിച്ചതും സമീറയാണ്. അങ്ങനെ എത്രയെത്ര ആളുകളെയാണ് അവൾ രക്ഷിച്ചിട്ടുള്ളത്.
“ ദാ വരുന്നൂ മോളേ,” സമീറ നിഴലുകളോടു സമയമന്വേഷിച്ചിട്ടു പറഞ്ഞു.
‘കാറ്റിന്നും വന്നില്ലല്ലോ,’സമീറയുടെ മനസ്സ് അന്നത്തെ കാത്തിരിപ്പവസാനിപ്പിച്ചു ജോലിയിലേക്ക് വിടവാങ്ങുമ്പോഴും കാറ്റിനെക്കുറിച്ചുള്ള ഓർമ്മകൾ അയവിറക്കി. ആ സംഭവത്തിന് ശേഷം പിറ്റേ ദിവസം താൻ കണ്ണു തുറക്കുന്നത് വരെ കാറ്റ് തന്നെ കാത്തിരുന്നതും സത്യം തെളിഞ്ഞതോട് കൂടി തനിക്ക് തിരിച്ചു പോകണമെന്നും മറ്റൊരു ദൌത്യമുണ്ടെന്നും പറഞ്ഞു തന്നോടു യാത്ര പറഞ്ഞു പോയതും അവൾ ദുഖത്തോടെ ഓർത്തു. എങ്കിലും വല്യച്ഛന്റെ കഴിവുകളെല്ലാം തന്നിൽ നിലനില്ക്കുന്നതിൽ സമീറ സന്തോഷവതിയായിരുന്നു. അതോ, അതെല്ലാം തനിക്ക് തന്നിലുള്ള വിശ്വാസമാണോയെന്ന് സമീറ ചിലപ്പോൾ ആശ്ചര്യപ്പെടാറുണ്ട്. സമീറയുടെ അത്യാധുനിക സജ്ജീകരണങ്ങളുള്ള ഓഫീസിൽ വല്യച്ഛന്റെ പടമുണ്ട്, തെറാപ്പി റൂമുകളുണ്ട്. എല്ലാ റൂമുകൾക്കും പുറത്തേക്ക് തുറക്കുന്ന ചില്ലു വാതിലുകളുണ്ട്. അവ തുറന്നിട്ടിട്ടാണ് സമീറയുടെ ചികിത്സ. മുറ്റത്തു നിറയെ വാകമരങ്ങളുണ്ട്. അവയിൽ നിന്നു തൂങ്ങിക്കിടക്കുന്ന ചുമന്ന വാകമരപ്പൂക്കളുണ്ട്.
തന്റെ ആദ്യത്തെ രോഗിയെ സമീറ ഇന്നുമോർക്കുന്നു. അത് കാർലോസിന്റെ മകനായിരുന്നു. അവനിപ്പോൾ സമീറയുടെ ഓഫീസിന്റെ മേൽനോട്ടം വഹിക്കുന്നു. അന്ന് സമീറയുടെ ചികിത്സ കഴിഞ്ഞപ്പോൾ അവൻ ആവശ്യപ്പെട്ടത് ഒന്ന് മാത്രമാണ്, സമീറ എല്ലാവരെയും സഹായിക്കണം. സമീറയുടെ വാക്കുകളിൽ മായാ ജാലമുണ്ട്. മറ്റുള്ളവരെ മനസ്സിലാക്കാനും അവരെ ആശ്വസിപ്പിക്കാനും സമീറയ്ക്കറിയാം. സമീറയുടെ വാക്കുകൾ ഒരത്ഭുതലോകം സൃഷ്ടിക്കുന്നു. അതിനകത്ത് പ്രവേശിക്കുന്ന ആളുകൾക്ക് തന്റെ പ്രശ്നങ്ങളില്ലാതാകുന്നത് പോലെത്തോന്നും. സമീറ ആ പ്രശ്നങ്ങളെ തന്റെ വാക്കുകൾ കൊണ്ടില്ലാതാക്കും. ഏത് സാഹചര്യത്തിലും എങ്ങനെ പെരുമാറണമെന്നോ പ്രതികരിക്കണമെന്നോ പറഞ്ഞു കൊടുക്കും. മനസ്സുകളെ വായിക്കാനറിയുന്ന ചേച്ചി-അങ്ങനെയാണ് കാർലോസിന്റെ മകൻ സമീറയെ വിശേഷിപ്പിക്കുന്നത്. കരഞ്ഞു കൊണ്ട് വന്നവർ സമാധാനത്തോടെ ചിരിച്ചു കൊണ്ട് വീട്ടിലേക്കു പോകും. എത്ര കുറച്ചു കാലം കൊണ്ടാണ് സമീറ ലോകത്തെ അറിയപ്പെടുന്ന ഒരു കുറ്റാന്വേഷകയായി മാറിയത്? ഇന്ന് പോലീസുകാരും നിയമപാലകരും വിദ്ധക്തോപദേശത്തിനായി സമീറയെ തേടി വരുന്നു. സത്യം കണ്ടെത്തുക മാത്രമല്ല, കുറ്റവാളികളെ സത്യവാന്മാരാക്കാനും സമീറയ്ക്കറിയാം. എന്നാൽ, ഉത്ഘാടനങ്ങള്ക്കും സോഷ്യൽ മീഡിയാ പ്രവർത്തനങ്ങൾക്കും സമീറയെ കിട്ടില്ല. എല്ലാം ശാന്തി നശിപ്പിക്കും—ചോദിക്കുന്നവരോടു സമീറ പറയും. കാപട്യം നിറഞ്ഞ സുഹൃത്തുക്കളെത്തേടിയുള്ള സമീറയുടെ യാത്ര അവസാനിച്ചിരിക്കുന്നു. സുഹൃത്തുക്കളെന്നത് ബാഹ്യമായത് മാത്രമല്ല. കാണിച്ചു കൂട്ടലുകല്ല. നമ്മൽ ജീവിക്കുമ്പോൾ നമ്മുടെ ചുറ്റും ജീവിക്കുന്ന പ്രകൃതിയും നമ്മുടെ കൂടെ ജീവിക്കുന്ന ചിന്തകളും നമ്മുടെ സുഹൃത്തുക്കളല്ലേ ? ഇതെല്ലാം പഠിപ്പിച്ചു തന്ന കാറ്റിനെത്തേടിയുള്ളതാണ് സമീറയുടെ യാത്ര.
തന്റെ അന്നത്തെ അതിഥിയെക്കാണാൻ സമീറ തന്റെ ഒഫീസിന്റെ വാതിലു തുറന്നു. സമീറ പുഞ്ചിരിയോടെ അവരെ അകത്തേക്ക് വിളിച്ചിരുത്തി. അവരുടെ പ്രശ്നങ്ങൾ കേൾക്കാൻ സമീറ തന്റെ മനസ്സ് തുറന്നു.
സമീറയുടെ കയ്യിലൊരു കുളിരനുഭവപ്പെട്ടു. ‘അതോ തനിക്ക് തോന്നിയതാണോ?’ സമീറയുടെ ഹൃദയം മെല്ലെ ഒന്ന് പുഞ്ചിരിച്ചു.
(അവസാനിച്ചു)
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല