കാറ്റിന്റെ മരണം

0
128

(ക്രൈം നോവല്‍)

ഡോ. മുഹ്‌സിന കെ. ഇസ്മായില്‍

അദ്ധ്യായം 10
ബോറിയാസിന്റെ കഥ

ഒരു കൈ വെച്ച് മുടിയില്‍ പറ്റിപ്പിടിച്ച മാറാമ്പല്‍ തട്ടിക്കളഞ്ഞു കൊണ്ട് വാകമര പുസ്തകത്തിന്റെ പുറം ചട്ടയില്‍ കൊത്തി വെച്ച അക്ഷരങ്ങളിലൂടെ സമീറ വിരലുകളോടിച്ചു. കതകുകളും വാതിലും അടച്ചിട്ടുണ്ടെന്നു ഉറപ്പു വരുത്തിയതിനു ശേഷം അവള്‍ മെല്ലെ ആ പുസ്തകത്താളുകള്‍ തുറന്നു.

കട്ടിയുള്ള ഓരോ താളുകളും ഒഴിഞ്ഞു കിടന്നു. പതിയെ, ഓരോ അക്ഷരങ്ങളായി താളുകളിലേക്ക് പറന്നു വന്നു. അവ പക്ഷേ, ആ താളുകളില്‍ വാക്കുകളോ വാചകങ്ങളോ തീര്‍ത്തില്ല. താളുകളിലേക്ക് കടന്ന മാത്രയില്‍ അവ അപ്രതീക്ഷിതമായി. അവ തീര്‍ക്കുന്ന വാചകങ്ങള്‍ സമീറയുടെ ചെവിയില്‍ ആരോ മന്ത്രിക്കുന്നത് പോലെ.

ഇത് ഗ്രീക്ക് ദൈവമായ ബോറിയാസിന്റെ കഥയാണ് എന്ന് വിചാരിക്കുന്നുവെങ്കില്‍ തെറ്റി. ഇക്കഥയിലെ മുഖ്യ കഥാപാത്രത്തിനു ബോറിയാസിന്റേത് പോലെ വലിയ വെള്ളച്ചിറകുകളും നീണ്ട താടിയുമൊക്കെയുണ്ട്. ശക്തനുമാണ്. ദേഷ്യക്കാരാനും എടുത്തു ചാട്ടക്കാരനുമാണ്. അത് കൊണ്ട് തന്നെയാണ് ഞാനെന്റെ കഥയിലെ മുഖ്യ കഥാപാത്രമായി ഇയാളെ തിരഞ്ഞെടുത്തത്.

കയ്യിലെ ഫോണോ ഇയര്‍ ഫോണോ ടാബോ മാറ്റി വെച്ച ശേഷം മാത്രമേ നിങ്ങള്‍ ഇനിയുള്ള വരികള്‍ വായിക്കാവൂ. കാരണം, ഇവിടെ വിധികര്‍ത്താവ് നിങ്ങളാണ്. ശിക്ഷിക്കപ്പെടേണ്ടയാള്‍ ആരാണെന്ന് തീരുമാനിക്കുന്നതും ശിക്ഷ എന്താണെന്ന് തീരുമാനിക്കുന്നതും നിങ്ങളാണ്.

സമീറയുടെ കാതുകള്‍ വരികള്‍ക്കിടയിലൂടെ സഞ്ചരിക്കാന്‍ സജ്ജമായി.

ഇത് ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് അതായത്, രണ്ടായിരമാണ്ടില്‍ നടന്ന കഥയാണ്. രണ്ടായിരം തികയുന്നതോടു കൂടി ലോകമവസാനിക്കുമെന്ന് ഒരു കിംവദന്തി പരന്നതും അത് പേടിച്ചു കുറച്ചു പേരെങ്കിലും കതകു കൊട്ടിയടച്ചു വീട്ടിലിരുന്നതും എനിക്കോര്‍മ്മയുണ്ട്. അല്ല, ഞാനൊന്ന് ചോദിക്കട്ടെ, അടുത്ത ഒരു മണിക്കൂറിനുള്ളില്‍ ലോകമവസാനിക്കുമെന്ന് കേട്ടാല്‍ നിങ്ങളെന്തു ചെയ്യും?

അത് ഇടകലര്‍ന്ന വികാരങ്ങളായിരിക്കും സൃഷ്ടിക്കുക. ഭയം, ദുഃഖം, മനസ്താപം, ജീവിതമാസ്വദിച്ചില്ലല്ലോ എന്ന നഷ്ടബോധം. ഇവയില്‍ ഏതായാലും മനുഷ്യര്‍ തൃപ്തരായിരിക്കില്ല എന്ന് ഉറപ്പാണ്. എന്തിനും ഏതിനും ദേഷ്യപ്പെടുന്ന ഒരാളുടെ കാര്യമൊന്നാലോചിച്ചു നോക്കൂ. അയാള്‍ മുതിര്‍ന്നിട്ടും ഒരു ചെറു പൈതലിനെപ്പോലത്തന്നെയാണെന്ന് പറഞ്ഞാല്‍ നിങ്ങളില്‍ ചിലരെങ്കിലും മൂക്കത്തു കൈവെക്കും. ഞാന്‍ പറഞ്ഞു തരാം. വികാരങ്ങള്‍ നിയന്ത്രിക്കുവാന്‍ കഴിയാത്ത ഒരാളാണ് ദേഷ്യപ്പെടുന്നത്. അല്ലെങ്കില്‍ തനിക്കു ആ സാഹചര്യത്തിലുള്ള ആധികാരിത നഷ്ടപ്പെട്ടുവെന്നു തോന്നുമ്പോള്‍. ചുരുക്കിപ്പറഞ്ഞാല്‍, മനസ്സ് അനുഭവിക്കുന്ന അരക്ഷിതാവസ്ഥയില്‍ നിന്നു രക്ഷപ്പെടാന്‍.

ബോറിയസിന്റെ കാര്യവും വ്യത്യസ്തമായിരുന്നില്ല. അയാളുടെ ജീവിതം സംതൃപ്തമായിരുന്നു. ഒരുപാടു പണം കയ്യില്‍ വരുന്നത് വരെ. ചെറുപ്പം മുതലേ അവഗണനയും ദാരിദ്ര്യവും അനുഭവിച്ചു വളര്‍ന്ന ഒരാള്‍ക്കു താനനുഭവിക്കാത്ത ജീവിത സുഖങ്ങള്‍ പെട്ടന്ന് മുന്നില്‍ വന്നു നില്‍ക്കുമ്പോള്‍ അങ്ങനെ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. അയാളുടെ ജീവിതം സുഖലോലുപങ്ങള്‍ക്കടിമപ്പെട്ടു. ജോലിയെന്നത് ഭാരവും ശേഷമുള്ള ഓരോ നിമിഷവും ആഘോഷവുമായിത്തീര്‍ന്നു. തന്റെ ചെറു കുടുംബത്തില്‍ നിന്നുമയാള്‍ ശാരീരികമായും വൈകാരികമായും അകന്നുവെന്ന് പ്രത്യേകിച്ച് എടുത്തു പറയേണ്ട കാര്യമില്ലല്ലോ.

എന്നാല്‍ അയാളെ ഈ സംഭവത്തില്‍ കൊണ്ട് ചാടിച്ചതു പണത്തോടുള്ള ആര്‍ത്തിയൊന്നുമാത്രമാണ്. പണം വിട്ടു കൊടുക്കാനുള്ള വൈമനസ്യം. താനാണ് ഈ ലോകത്തില്‍ പണം കൈകാര്യം ചെയ്യുവാന്‍ ഏറ്റവും ഉത്തമാണെന്ന മിഥ്യാബോധം.

എന്തിനവേ, ബോറിയാസെന്ന ചെറുപ്പക്കാരന് ആ മാസം ഒരിത്തിരി കൂടുതല്‍ പണമുണ്ടാക്കണമെന്നുള്ള ആഗ്രഹം തോന്നി. അയാള്‍ അപ്രാവശ്യം തൊഴിലാളികള്‍ക്ക് വേതനം കൊടുത്തില്ല. ബിസിനസ് നഷ്ടത്തിലാണെന്നും പണം കിട്ടിയാല്‍ ഉടനെ തിരിച്ചു തരാമെന്നുള്ള വ്യാജേന അയാള്‍ ആ വലിയ തുക കൈക്കലാക്കി. അതേറ്റെന്നു മനസ്സിലായപ്പോള്‍ ബോറിയാസതൊരു പതിവാക്കി.

അയാള്‍ ആര്‍ക്കും പണം നല്‍കില്ല എന്ന് പറഞ്ഞുവല്ലോ. ഭാര്യയ്ക്ക് എന്തെങ്കിലും ആവശ്യത്തിനായി താന്‍ കൊടുക്കുന്ന പണമോ ഭാര്യയുടെ സ്വന്തം സമ്പാദ്യമോ എന്തെങ്കിലും സൂത്രം പറഞ്ഞു കൈക്കലാക്കുന്നതും ഇയാളുടെ പതിവായിരുന്നു. അങ്ങനെയൊരു ദിവസമാണ് അയാളുടെ ഫാക്ടറിയില്‍ കള്ളന്‍ കയറിയത്. പണത്തിനു ആക്രാന്തമുള്ള തൊഴിലാളികള്‍ക്ക് വേതനം നല്‍കാത്ത സ്വന്തം ഭാര്യയ്ക്ക് പോലും അല്പം പണം നല്‍കാത്ത അല്പനായത്തിനാല്‍ നാട്ടുകാര്‍ മുഴുവന്‍ ബോറിയാസിനെത്തന്നെ സംശയിച്ചു. ഇത് ബോറിയാസിന്റെ മറ്റൊരു തട്ടിപ്പാകുമെന്ന് കരുതി.

ചിത്രീകരണം: സുബേഷ് പത്മനാഭന്‍

കഥ ഇവിടെ അവസാനിക്കുന്നില്ല.

കുറച്ചു നേരം കൂടി കാത്തെങ്കിലും പിന്നെ ഒരു ശബ്ദവും പുസ്തകത്തില്‍ നിന്നു പുറത്തു വന്നില്ല. സമീറയുടെ മനസ്സിലൂടെ ഒരു ഭീതി തുളച്ചു കയറി. താനിപ്പോള്‍ കേട്ടത് വെറുമൊരു കെട്ടുകഥയാകണേ എന്നു പ്രാര്‍ത്ഥിച്ചു കൊണ്ടവള്‍ മെല്ലെ ആ പുസ്തകം അടച്ചു വെച്ചു.

എത്ര തന്നെ ആലോചിച്ചിട്ടും വല്യപ്പച്ചന്റെ മരണവും കാറ്റിന്റെ കഥയിലെ മുഖ്യ കഥാപാത്രമായ ബോറിയാസും തമ്മിലുള്ള ബന്ധം കണ്ടെത്താനായില്ല. അവള്‍ വല്യപ്പനെക്കുറിച്ചെന്തെങ്കിലും വിവരം കിട്ടുമോ എന്നറിയാന്‍ മുറിക്കു പുറത്തിറങ്ങി.

അടുക്കളയില്‍ നിന്നു ബീഫിന്റെ മണം കിട്ടിയപ്പോള്‍ അന്നൊരു ഞായറാഴ്ചയാണോ എന്ന് സമീറയുടെ മനസ്സ് കൂട്ടിയും കിഴിച്ചും നോക്കി. താന്‍ വാകമര പുസ്തകം വായിക്കുമ്പോഴാണല്ലോ അമ്മച്ചിയുടെ ഫോണ്‍ ബെല്ലടിച്ചത്. അമ്മച്ചിയ്ക്കിങ്ങോട്ട് വരുന്ന ഒരേയൊരു കോളേ ഉള്ളൂ. അത് ലൂക്കായുടേതാണ്. അമ്മച്ചിയുടെ ഔട്ട്‌ഗോയിങ് ലിസ്റ്റില്‍ വീട്ടുകാരും നാട്ടുകാരുമൊക്കെയുണ്ട്. അതൊരു പരദൂഷണ ഫോണ്‍ ഗ്രൂപ്പാകുന്നു. ഒന്നെങ്കില്‍ വ്യാഴാഴ്ച അല്ലെങ്കില്‍ ശനിയാഴ്ച. ഈ ദിവസങ്ങളിലാണല്ലോ ലൂക്ക രാവിലെ അമ്മച്ചിയെ വിളിക്കുന്നത്. ഈ 5 ജീ യുഗത്തിലും എന്തിനു ഒരു ടൈം ടേബിള്‍ പിന്തുടരുന്നുവെന്ന ചോദ്യത്തിന് ആണുങ്ങളെന്നും ആണുങ്ങളാണെന്ന ഉത്തരമേ സമീറയ്ക്കുള്ളൂ. അമ്മച്ചിയുടെ ഒരേ ക്രമത്തിലുള്ള ഒരേ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ വോയിസ് റിക്കോര്‍ഡ് ചെയ്തു വാട്‌സാപ്പിലയക്കാതെ ലൂക്ക ആഴ്ചയില്‍ രണ്ടു ദിവസം മുടങ്ങാതെ വിളിക്കുന്നതിലാണ് സമീറയ്ക്കത്ഭുതം.

” അമ്മച്ചീ, ഇന്നെന്താ വിശേഷിച്ച്?”

”ലൂക്കാ വരുന്നുണ്ടെടീ. ഇന്നു വൈകുന്നേരമിങെത്തും,” മസാലയെല്ലാം പിടിച്ചു വെന്തു കറുത്തു തുടങ്ങിയ ബീഫ് വരട്ടിയതിന്റെ മുകളിലേക്കു നല്ല വെളുത്ത തേങ്ങാക്കൊത്തു വിതറുന്നതിനിടയില്‍ അമ്മച്ചി പറഞ്ഞു. താന്‍ വന്നപ്പോള്‍ ഉണക്കച്ചോറും പരിപ്പും മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ എന്ന് മസ്തിഷ്‌കം സമീറയ്ക്കു സിഗ്‌നലുകള്‍ കൊടുത്തു.

” വല്യച്ഛനെങ്ങനെയാ മരിച്ചത്?” സമീറ എടുത്തടിക്ക് ചോദിച്ചു. വല്യച്ഛന്റെ മരണ വാര്‍ത്ത ആദ്യമായി കേട്ടത് പോലെ അമ്മച്ചി നിലവിളിക്കാന്‍ തുടങ്ങി. അപ്പോഴും കൈ ഒരു റോബോട്ടിനെപ്പോലെ മുറ്റത്തെ വേപ്പിലയില്‍ നിന്നു ഇല നുള്ളി ബീഫിലേക്ക് ഇട്ടു. അപ്പോഴാണ് സമീറ ഓര്‍ത്തത് വല്യച്ഛന്റെ മരണത്തെക്കുറിച്ച് ആരും ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല. വല്യപ്പച്ഛന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നത് പോലെ മാത്രമേ എല്ലാവരും സംസാരിക്കാറുള്ളൂ. അപ്പച്ചന്‍ വരെ ആ പതിവിതുവരെ തെറ്റിച്ചിട്ടില്ല. ഇതിന്റെ കൂടെ വല്യപ്പച്ഛനെ ആരോ കൊന്നതാണെന്ന് കൂടിയറിഞ്ഞാല്‍ അമ്മച്ചിയെങ്ങനെ പ്രതികരിക്കുമെന്ന് ഏകദേശമൊരു രൂപം കിട്ടിയതിനാല്‍ സമീറ തോട്ടിലേക്കിറങ്ങി. അവിടെ സമീറയെക്കാത്തു ഒരാള്‍ നില്‍പ്പുണ്ടായിരുന്നു.

” എവിടെയായിരുന്നു?”

ശബ്ദത്തിന്റെ ഉറവിടം തേടി സമീറയുടെ കൈകള്‍ ചലിച്ചു. തൊട്ട് മുന്നിലൊരു കുളിരനുഭവപ്പെട്ടപ്പോള്‍ ചിരിച്ചു കൊണ്ട് സമീറ ചോദിച്ചു,
” അതു ശെരിക്കുള്ള കഥയാണോ?”

” ഏത്?”

” വാകമര പുസ്തകത്തിലുള്ളത്, ‘ സമീറയുടെ മുഖത്തു അത്ഭുതം നിറഞ്ഞു.

” എനിക്കറിയില്ല. എനിക്കതു വായിക്കാനോ കേള്‍ക്കാനോ പറ്റില്ല. എനിക്കു സമീറയുടെ ശബ്ദം മാത്രമേ കേള്‍ക്കാന്‍ പറ്റൂ.”


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here