കാറ്റിന്റെ മരണം

0
113

(ക്രൈം നോവല്‍)

ഡോ. മുഹ്‌സിന കെ. ഇസ്മായില്‍

അദ്ധ്യായം 7
ഒരു നിഴലായ്

മരിച്ചവരുടെ ശബ്ദം കേള്‍ക്കാന്‍ കഴിയുമോ? അപ്പോള്‍, താനും മരിച്ചു കഴിഞ്ഞോ? കുന്നിക്കുരു ഒരു ഗ്ലാസ് ജാറില്‍ നിറയുന്നത് പോലെ ഭയം വലിയൊരു അട്ടിയായി മാറുന്നത് സമീറ അറിയുന്നുണ്ടായിരുന്നു.

ക്ലാസ്സ് മുറക്ക് നടന്നു കൊണ്ടിരുന്നു. റൂം മേറ്റ്‌സ് കോളേജില്‍ നിന്നു തിരിച്ചു വരുമ്പോള്‍ കുറേ കഥകള്‍ പറയും-

സീനിയര്‍ ചേട്ടന്മാര്‍ ക്ലാസ്സില്‍ വന്നു അനൌണ്‍സ് ചെയ്ത ആര്‍ട്ട് ഫെസ്റ്റിനെക്കുറിച്ച്, ചേട്ടന്മാര്‍ തലേ വര്‍ഷം ജൂണിയേര്‍ഴ്സിനെ റാഗ് ചെയ്തതിന്റെ പശ്ചാത്തപമെന്നോണം ഈ വര്‍ഷം തങ്ങള്‍ക്കു ക്യാന്റീനില്‍ നിന്നു ഐസ് ക്രീം വാങ്ങിത്തന്നതും സൗഹൃദപൂര്‍വ്വം സംസാരിച്ചതും, ക്ലാസ്സ് കഴിഞ്ഞു ആണ്‍പിള്ളേയുടെ കൂടെ കറങ്ങാന്‍ പോയത്. പക്ഷേ, സമീറയ്ക്കു കേള്‍ക്കേണ്ടത് ഒരേയൊരു കാര്യമായിരുന്നു-കഡാവറിനെക്കുറിച്ച്.

”കഡാവര്‍ പിന്നെയെന്തെങ്കിലും സംസാരിച്ചോ?” കോളേജില്‍ നിന്നു വെള്ളക്കോട്ടും കയ്യില്‍ തൂക്കി തിരിച്ചു വരുന്ന റൂം മേറ്റ്‌സിനെ സ്റ്റെപ്പില്‍ വെച്ച് തന്നെ തടഞ്ഞു നിര്‍ത്തി സമീറ ചോദിക്കും.

” പിന്നെ, സംസാരിച്ചു സംസാരിച്ചു. നിന്നോട് ഐ ലവ് യൂ പറയാന്‍ പറഞ്ഞിട്ടുണ്ട്. നിനക്കു വേറെ പണിയൊന്നുമില്ലേ?” ആതിര തുറന്നടിച്ചു.

” അവള്‍ക്കു സുഖമില്ലാഞ്ഞിട്ടല്ലേ? നീയിങ്ങനെ അവളെ കുറ്റപ്പെടുത്തല്ലേ? അവള്‍ക്കിവിടിരുന്നു ബോറടിക്കുന്നുണ്ടാകും,” ഇവാന്‍ സമീറയെ ആശ്വസിപ്പിക്കുന്ന മട്ടില്‍ പറഞ്ഞു,

” നീയൊരു കാര്യം ചെയ്യ്. വീട്ടിലേക്കു പൊയ്‌ക്കോ. അവിടെയാകുമ്പോ അപ്പനും അമ്മച്ചീമുണ്ടല്ലോ. കുറച്ചു ദിവസം അവിടെ നിന്നു ഒന്ന് ഫ്രഷായിട്ട് വാ.”

സമീറയ്ക്കു ദേഷ്യവും സങ്കടവുമൊരുമിച്ചു വന്നു. അവള്‍ കോണിപ്പടി കയറി വസ്ത്രങ്ങള്‍ അയലില്‍ തലകുത്തിക്കിടക്കുന്ന ടെറസ്സില്‍ പോയിരുന്നു. പായലു പിടിച്ച ടെറസ്സിന്റെ ഒരു ഭാഗം മുഴുവന്‍ ഇങ്ങോട്ട് വരണ്ട എന്ന സൈന്‍ ബോര്‍ഡു പിടിച്ചത് പോലെ സമീറയ്ക്ക് തോന്നി. ദൂരെ കാന്റീനും കോളേജും ഒരു രക്തരക്ഷസ്സിനെപ്പോലെ സമീറയെ തുറിച്ചു നോക്കി. അതിനകത്തു അടച്ചിട്ട മുറിയില്‍ ആ ഡിസ്സെക്ഷന്‍ മേശയ്ക്ക് മുകളിലെ തണുത്തുറഞ്ഞ കഡാവറിനെക്കുറിച്ചോര്‍ത്തപ്പോള്‍ അവളുടെ പേശികള്‍ വലിഞ്ഞു മുറുകി. കഡാവര്‍ എഴുന്നേറ്റു വന്നു തന്നോട് വാ തോരാതെ സംസാരിക്കുന്നതു അവള്‍ കേട്ടു. ഒരു കൂട്ടം കഡാവറുകള്‍ അവളെ വളഞ്ഞു. സമീറ ചെവി പൊത്തിയലറി.

” എന്താ ഒരു വിഷമം?” കാറ്റ് സമീറയോട് കുശലമന്വേഷിച്ചു. സമീറ കൈകള്‍ മുന്നോട്ടു നീട്ടിയപ്പോള്‍ മുന്നിലൊരു കുളിരനുഭവപ്പെട്ടു.

” നോ,” സമീറ ഞെട്ടിത്തിരിഞ്ഞു.

പതിയെ, കൂട്ടുകാരികള്‍ സമീറയില്‍ നിന്നു അകലം പാലിക്കാന്‍ തുടങ്ങി. അവര്‍ രാത്രിയാകുവോളം മറ്റേതെങ്കിലും മുറിയില്‍ പോയിരുന്നു സമീറ ഉറങ്ങിയതിനു ശേഷം മാത്രമേ റൂമിലേക്ക് തിരിച്ചു വരാറുള്ളൂ. സമീറയ്ക്ക് ഭ്രാന്താണെന്നായിരുന്നു ക്ലാസ്സ്‌മേറ്റ്‌സിന്റെ പൊതുവായ അഭിപ്രായം.

” വട്ടാണെങ്കില്‍ ചികിത്സിച്ചൂടെ ? വെറുതേ മനുഷ്യനെ മെനക്കെടുത്താന്‍,” എന്ന സംഭാഷണശകലം അന്ന് രാത്രിയില്‍ പ്ലേറ്റും ഗ്ലാസ്സുമായി മെസ്സിലേക്ക് ഡിന്നര്‍ കഴിക്കാന്‍ പോകുന്നതിനിടയില്‍ പാതി തുറന്നിട്ട കതകിലൂടെ സമീറയെ അന്വേഷിച്ചെത്തി. സമീറയ്ക്ക് ഒരുപാട് സങ്കടം തോന്നി. കൂട്ടുകാരികളോടൊപ്പം ഞായറാഴ്ചകളില്‍ നടക്കാന്‍ പോയതും ആതിര കസിന്റെ കല്യാണത്തിനു വീട്ടില്‍ പോയപ്പോള്‍ ആതിരയുടെ കൂടി ഹിസ്റ്റോളജി റെക്കോര്‍ഡ് താന്‍ ഉറക്കമിളച്ചിരുന്നു വരച്ചു തീര്‍ത്തതും സമീറയ്‌ക്കോര്‍മ്മ വന്നു. താന്‍ എല്ലാവരേയും പോലെ ഒരു ‘സാധാരണ’ കുട്ടിയാണ് എന്നു കാണിക്കാനുള്ള ശ്രമമായിരുന്നു ഇത് വരെ . ക്ലാസ്സ് കഴിഞ്ഞു വന്നാല്‍ കിടന്നുറങ്ങി വൈകുന്നേരമെഴുന്നേറ്റ് ചായക്കപ്പുമെടുത്ത് ഉറക്കച്ചടവോടെ മെസ്സ് ഹോളില്‍ പോയി ചായ കുടിച്ചു ടീ വീ ഹോളില്‍ പോയി സിനിമ കണ്ട് രാത്രി വന്നു കിടന്നുറങ്ങുകയും പരീക്ഷ വരുമ്പോള്‍ ഗൈഡുകളെടുത്ത് ഉറക്കമിളച്ചിരുന്നു അവയിലെഴുതി വെച്ചിരിക്കുന്നത് എന്താണെന്നു പോലുമറിയാതെ ചറ പറ കാണാതെ പഠിക്കുകയും ചെയ്യുന്ന ദിനചര്യകള്‍ സമീറയെ മടുപ്പിക്കുന്നുണ്ടായിരുന്നുവെങ്കിലും അതെല്ലാം ‘സാധാരണ’ ആകാനുള്ള ശ്രമത്തിന്റെ ഭാഗമായി സഹിക്കുകയായിരുന്നു. ആ വീര്‍പ്പ് മുട്ടലുകളക്കിടയില്‍ തനിക്ക് നഷ്ട്‌പ്പെട്ടത് തന്നെത്തന്നെയാണ് എന്ന തിരിച്ചറിവ് വന്നപ്പോള്‍ അവള്‍ക്ക് തന്നോടു തന്നെ വെറുപ്പ് തോന്നി.

” എല്ലാം വെറുതേ. എല്ലാവരും തന്നെ പറ്റിക്കുകയാണ്,” ചോദ്യങ്ങളുടെ ഉന്തിലും തളളിലും സമീറയുടെ മസ്തിഷ്‌ക്കം പുകഞ്ഞു.

സമീറ ജനാലക്കരികിലിട്ട കസേരയിലിരുന്നു പുറത്തേക്ക് നോക്കി വെറുതേയിരുന്നു. പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ഒന്നും ചെയ്യാതേ ഇങ്ങനെ ഇരിക്കുമ്പോള്‍ തന്റെ ചിന്തകളെല്ലാം എങ്ങോട്ടോ ഓടിയകലുന്നത് പോലെ സമീറയ്ക്ക് തോന്നും. മറിച്ചു, അലട്ടുന്ന ചിന്തകളെ മനസ്സില്‍ നിന്നു മായ്ക്കുവാന്‍ ശ്രമിച്ചാല്‍ ഒരു ബൂമറാങ്ക് പോലെ അവ തിരിച്ചു വരും.

ചിത്രീകരണം: മിഥുന്‍ കെ.കെ.

ഫോണിന്റെ റിംഗ് ടോണ്‍ അരിച്ചരിച്ച് സമീയുടെ ചെവിയിലെത്തി. ഇപ്പോള്‍, അന്തരീക്ഷത്തിലെ നേര്‍ത്ത ഒരു പ്രകമ്പനം പോലും സമീറയെ ഭയപ്പെടുത്തും . ആ ശബ്ദമവസാനിപ്പിക്കാണെന്ന വണ്ണം അവള്‍ ഫോണെടുത്ത് ചെവിക്കു നേരെ പിടിച്ചു.

”ഹലോ, മോളേ. നീ ഈ ആഴ്ച വരുന്നില്ലേ?”

”ഇല്ലമ്മച്ചീ, നെറയെ പഠിക്കാനൊണ്ടു,” സമീറ യാന്ത്രികമായി പറഞ്ഞു. വെള്ളത്തില്‍ ഒന്ന് രണ്ട് നീര്‍ക്കാക്കകള്‍ വട്ടമിട്ട് നീന്തിക്കളിക്കുന്നുണ്ടായിരുന്നു. അവ തല വെള്ളത്തിനകത്തേക്ക് പൂഴ്ത്തുന്നതും തിരിച്ചെടുത്തു പറന്നുയരുന്നതും കാണാന്‍ സമീറയ്ക്കിഷ്ടമായിരുന്നു. പക്ഷേ, അതൊന്നും ആസ്വദിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല സമീറ.

”ടീ, നിന്റെ ഫ്രെണ്ട്‌സില്ലേ, സ്വപ്നയും അയേശയും? അവര് വിളിച്ചിരുന്നു ലാന്‍ഡ് ഫോണില്. നീ പ്ലസ് ടൂ ഗെറ്റുഗതറിന് പോകുന്നില്ലേയെന്ന്,” അമ്മച്ചിയ്‌ക്കെന്തോ ഗൂഡോദ്ദേശമുണ്ടെന്ന് തോന്നി. ഏട്ടനെ വിളിച്ചാലറിയാം.

”ഇപ്രാവശ്യം ആരാ ബ്രോക്കറ്? അപ്പുണ്ണി നായരോ ചാണ്ടിയോ?”

”നിന്നെ അവന്‍ വിളിച്ചിരുന്നല്ലേ?” നീയിന്നെന്തായാലും വാ. വന്നിട്ട് സംസാരിക്കാം.”

പണ്ട് കല്യാണമെന്ന് പറയുമ്പോള്‍ മനസ്സിലുണ്ടാകുന്ന നാണവും ഹൃദയത്തിലുണ്ടാകുന്ന കുളിരും എന്തോ ഇന്നില്ല. ആ സംഭവത്തോട് കൂടി ഒരു മരവിപ്പ് തന്റെ ഹൃദയത്തെ പൊതിഞ്ഞത് പോലെ.

ചുവപ്പ് തൊപ്പിക്കാരന്‍ മരംകൊത്തി ഒരു മരത്തില്‍ നിന്നു മറ്റ് മരങ്ങളിലേക്ക് പ്രതീക്ഷയോടെ ചാടിക്കളിച്ചു.

അന്നുമൊരു ഞായറാഴ്ചയായിരുന്നു. ഇടവപ്പാതിയായിട്ടും കാര്‍മേഘങ്ങള്‍ ഒളിച്ചു കളിക്കുന്ന കാലം. തലേ ദിവസം പെയ്ത മഴയുടെ ഈറനണിഞ്ഞു കഥകള്‍ കാതോര്‍ക്കുവാന്‍ വാകക്കുന്ന് സമീറയേയും കാത്തിരുന്നു. പുതുതായി രൂപപ്പെട്ട കൊച്ചു വെള്ളപ്പാച്ചിലുകളില്‍ ചവിട്ടി വലിയ പാറകളെ വകവെക്കാതെ കുതിച്ചൊഴുകുന്ന വെള്ളച്ചാട്ടത്തിന്റെ അട്ടഹാസം ശ്രവിച്ചു സമീറ കുന്നുകയറി.
”സമീറ, നീ വന്നുവോ?” വാകമരങ്ങള്‍ അഭിവാദ്യം ചെയ്തു. നിനക്കിതാ കാറ്റ് ഒരു കുന്നു പൂക്കള്‍ തന്നിരിക്കുന്നു.

”സമീറ, നീയിന്നു ആ പ്രണയകഥ മുഴുമിക്കില്ലേ? ഇന്നലെ നിന്റെ കഥയുടെ ബാക്കിയറിയാതെ എനിക്കുറക്കം വന്നില്ല,” ഓലയില്‍ ഊഞ്ഞാലാടുന്ന ഓലേഞ്ഞാലി പരിഭവിച്ചു.

” സമീറാ, നീയിന്നിത്തിരി വൈകിയോ? അതോ, ഞാന്‍ നേരത്തെ എത്തിയതാണോ?” എഴുത്തുകാരനന്വേഷിച്ചു.

”ഞാന്‍..,” സമീറ ഉത്തരങ്ങള്‍ക്കായി പരതി.

”ഞാന്‍ നിഴലുകളെക്കുറിച്ച് നോവല്‍ രചിക്കുന്നതെന്താണെന്ന് നിനക്കു മനസ്സിലായോ? നിഴലുകള്‍ക്ക് വികാരങ്ങളില്ല. അവ രൂപങ്ങള്‍ മാത്രമാണ്. നീയും അങ്ങനെയായിരുന്നാല്‍ മതി.”

എഴുത്തുകാരന്‍ പറഞ്ഞതൊന്നും സമീറയ്ക്ക് മനസ്സിലായില്ല.

”എനിക്കു മനസ്സിലാകുന്നുണ്ട്. നിനക്കിപ്പോള്‍ ഇവര്‍ക്ക് കഥ പറഞ്ഞു കൊടുക്കുന്നതാണ് പ്രധാനം. കഥ പറയാന്‍ നീയെന്നെ പഠിപ്പിക്കേണ്ട. കഥാപാത്രമായിരുന്നാല്‍ മതി,” എഴുത്തുകാരന്‍ കുപിതനായത് സമീറയോര്‍ത്തു. ഇതാണോ പ്രണയം? പ്രണയിനിക്ക് ഒരു നിഴലായി നില്‍ക്കാനേ കഴിയുകയുള്ളോ? ആരുടെ നിഴലാണ്? തന്റെ തന്നെ നിഴലാകാന്‍ അവകാശമുണ്ടോ? ഒരു വേദന സമീറയുടെ തൊണ്ടയില്‍ തങ്ങി നിന്നു. അതൊരു വെറുപ്പായി വളര്‍ന്നു. ‘ഇതിനിടയിലാണ് അമ്മച്ചിയുടെ കല്യാണാലോചന.

താനെന്ത് ചെയ്യണം? വീട്ടിലേക്കു പോകണോ? വീട്ടുകാര്‍ തന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുമോ? ഭാവനയില്‍ ഒഴുകി നടക്കുന്ന പെണ്‍കുട്ടിയെന്ന് സുഹൃത്തുക്കളും ബന്ധുക്കളും വിധിയെഴുതില്ലേ? തനിക്ക് കഡാവറിന്റെ ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞെന്ന് പറഞ്ഞാല്‍ എല്ലാവരും തന്നെ ഭ്രാന്തിയെന്ന് മുദ്രകുത്തില്ലേ? സ്‌നേഹം ഭാവിച്ചു തന്റെയെടുത്ത് വന്നു വിശേഷങ്ങളന്വേഷിക്കാന്‍ നാണിച്ചേട്ടത്തിയും കൂട്ടരും മത്സരിക്കില്ലെ? തന്റെ മനസ്സിലേക്ക് തള്ളിക്കയറി വരുന്ന ചോദ്യങ്ങളില്‍ നിന്നൊളിച്ചോടാന്‍ സമീറ ആകാശത്തില്‍ ഭാരിച്ച തൂവലുകളുമായി പറന്നകലുന്ന മയിലുകളെ നോക്കി.

അടുത്ത നിമിഷം ‘എഴുത്തുകാരനെ നീ പ്രണയിക്കുന്നില്ലേ?’ എന്ന ശബ്ദത്തിന്റെ ഉടമയെ കണ്ടെത്തിയത് പോലെ മനസ്സ് പിടഞ്ഞു. അത് എഴുത്തുകാരനായിരിക്കുമോ? അയാള്‍ കൊല്ലപ്പെട്ടതാണോ? ആരാണ് കൊന്നത്? ഇനി അയാളാണോ തണുത്തുറഞ്ഞ ശരീരവുമായി…

സമീറയുടെ നട്ടെല്ലിലൂടെ ഒരു തണുപ്പ് ഇരച്ചു കയറി.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here