ഇരുള്‍

0
155

(നോവല്‍)

യഹിയാ മുഹമ്മദ്

ഭാഗം 6

തുറയൂരില്‍നിന്ന് ഏതാണ്ട് പന്ത്രണ്ട് കിലോമീറ്റര്‍ കാണും കവലയിലേക്ക്. ഒന്നര മണിക്കൂര്‍ ഇടവിട്ട് ലൈന്‍ബസ്സും ട്രിപ്പടിക്കുന്ന ജീപ്പ് സര്‍വീസുമുണ്ട് കവലവരെ. കവലമുതല്‍ കഴുകപ്പാറവരെ മൂന്നുനാല് കിലോമീറ്റര്‍ ഇടുങ്ങിയ കാട്ടുപാതയാണ്. അധികദിവസങ്ങളിലും വൈകുന്നേരം ചെറിയ ചാറ്റല്‍മഴയും ഉണ്ടാകും. വളവുകള്‍ ഒരുപാടുള്ള ആ പാതയ്ക്ക് ചുറ്റും മുറ്റിട്ട കാടുതന്നെയാണ്. എന്നോ ഒരിക്കല്‍ ടാര്‍ ചെയ്തുപോയതിന്റെ അവശിഷ്ടങ്ങള്‍ കാണാമെങ്കിലും ചെറിയതോതില്‍ വെള്ളം കെട്ടിനില്‍ക്കുന്ന കുഴികളാണ് കൂടുതലും.

രാവിലെ 7.30ന് കഴുകപ്പാറയില്‍ നിന്നെടുത്ത് തുറയൂരുവരെ പോവുന്ന സഞ്ചാരി ബസ്സുതന്നെയാണ് അവരുടെ പ്രധാന യാത്രാമാര്‍ഗം. പിന്നെ ഒറ്റയുംതെറ്റയുമായി ഓട്ടോയോ ജീപ്പോ കിട്ടിയാലായി. അതുകൊണ്ടുതന്നെ കവലവരെ കാല്‍നട തന്നെയാണ് അവര്‍ക്കു ശരണം. വൈകുന്നേരം 5.30നാണ് തിരിച്ചുള്ള സഞ്ചാരി ബസ്സിന്റെ മടക്കയാത്ര. ആ രണ്ടു സമയങ്ങളിലും ബസ്സിനുവേണ്ടി കോളേജ് വിദ്യാര്‍ത്ഥികളും ടൗണില്‍ ജോലിചെയ്യുന്നവരും അങ്ങോട്ടുമിങ്ങോട്ടും ശ്വാസംപിടിച്ചുള്ള ഓട്ടമാണ്.

പരമ്പരാഗതമായി ട്രാവല്‍സ് ആന്‍ഡ് ടൂറിസം മേഖലയില്‍ സേവനമനുഷ്ഠിക്കുന്ന പീലിമുറ്റം ആല്‍ബര്‍ട്ടോയുടെ ട്രാവല്‍സ് ബസ്സാണ് സഞ്ചാരി. ബസ് സര്‍വീസ് വലിയ ലാഭമൊന്നുമുണ്ടായിട്ടല്ല. അതൊരു സേവനം, അത്രയേ ആല്‍ബര്‍ട്ട് അതിനെ കാണുന്നുള്ളൂ. ജനിച്ച നാടിനോടുള്ള ഒരു കൂറ് എന്നുവെച്ചോ. മക്കളും പേരമക്കളുമായി പീലിമുറ്റം ട്രാവല്‍സ് ആന്‍ഡ് ടൂറിസം വളരെ മികച്ച രീതിയില്‍ത്തന്നെ ബിസിനസ് നടത്തുന്നുണ്ട്. അതിനിടയില്‍ മക്കള്‍ പലവട്ടം സഞ്ചാരി ബസ്സിനെ നിര്‍ത്താന്‍ നോക്കിയതാണ്. അപ്പോഴെല്ലാം ആല്‍ബര്‍ട്ടോയെ സേവനത്തിന്റെ മഹത്വങ്ങള്‍ ഓര്‍മിപ്പിച്ച് അച്ചന്‍ പിന്തിരിപ്പിച്ചു. ഇതിന്റെ നഷ്ടം ചേര്‍ത്ത് കര്‍ത്താവ് നിങ്ങക്ക് അപ്പുറം ലാഭം തന്നോളും. അതിലാണ് മക്കള്‍ ഒതുങ്ങിയത്. ജോസഫും ആഴ്ചയില്‍ ഒരിക്കല്‍ ഹോസ്റ്റലില്‍ പോവാനും വരാനും ഈ ബസ്സിനെ തന്നെയാണ് ആശ്രയിക്കുന്നത്

അന്നയെ ജോസഫ് ആദ്യം കാണുന്നത് പൊന്തപ്പള്ളി സെമിത്തേരിയില്‍വച്ചാണ്. എപ്പോഴാണെന്ന് വ്യക്തമായി ഓര്‍മയില്ലെങ്കിലും അന്ന് കോളേജും വിട്ടവന്‍ കവലയില്‍ എത്തുമ്പോഴേക്കും സഞ്ചാരി ബസ് പോയിരുന്നു. ഇനി കഴുകപ്പാറവരെ നടക്കുകമാത്രമേ വഴിയുള്ളൂ. ചെറിയ ചാറ്റല്‍മഴയുണ്ടെങ്കിലും പുസ്തകങ്ങള്‍ സഞ്ചിയില്‍ ഭദ്രമായി ഒതുക്കിവെച്ച് അവന്‍ നടന്നുതുടങ്ങി. കഴുകപ്പാറയിലേക്കുള്ള ഉയരം കയറുന്തോറും മഴ ശക്തമായിതന്നെ പെയ്തുതുടങ്ങിയിരുന്നു. ജോസഫ്, ഒരുവിധം അവിടുന്ന് ഓടി പൊന്തപ്പള്ളിയുടെ പിന്‍ഭാഗത്തുള്ള സെമിത്തേരിയോട് ചേര്‍ന്നുള്ള കുരിശുപ്പള്ളിയുടെ ഒരു മൂലയില്‍ നനഞ്ഞ കോഴിയെപ്പോലെ അഭയം പ്രാപിച്ചു.

ചില ഭാഗങ്ങളൊക്കെ പൊളിഞ്ഞുതുടങ്ങിയെങ്കിലും കുരിശുപ്പള്ളി അതിന്റെ പ്രഭാവത്തോടെതന്നെ തലയുയര്‍ത്തി നില്‍ക്കുന്നുണ്ടായിരുന്നു. ഒരു വലിയ ചരിത്രത്തിന്റെ അവശേഷിപ്പുകൂടിയാണല്ലോ അത്. പരിശുദ്ധമാതാവിന്റെ ഓര്‍മകള്‍ നിലനില്‍ക്കുന്ന അവിടം ആത്മീയതയുടെ കുളിര്‍സ്പര്‍ശം നമുക്ക് അനുഭവിക്കാന്‍ കഴിയും. പതിറ്റാണ്ടുകളായി അടഞ്ഞുകിടക്കുന്ന കുരിശുപള്ളിയുടെ പരിപാലനം മുഴുവന്‍ സഭ ഇപ്പോള്‍ അച്ചനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അതിന്റെ താക്കോല്‍ സൂക്ഷിക്കുക എന്നതുതന്നെ വലിയ പുണ്യകര്‍മമാണ്. ചുറ്റും സെമിത്തേരിയും മുന്നില്‍ ഉയര്‍ത്തിക്കെട്ടിയ കല്ലറകളുമായി കാടുപിടിച്ചുകിടക്കുന്ന ആ പഴയ കെട്ടിടം ഒരു ഭയത്തിന്റെ നിഴല്‍രൂപമായി നമ്മെ പേടിപ്പിക്കുന്നുമുണ്ട്.

മൂന്നു ശവക്കല്ലറയില്‍ ഒന്നുകൂടി അവിടെ ബാക്കിയുണ്ട്. നാട്ടുകാരുടെ അഭിപ്രായത്തില്‍ രണ്ടു പേരുകളാണ് ഭൂരിപക്ഷത്തുള്ളത്. ഒന്ന് അപ്പന്‍ യാക്കോബ്. മറ്റേത് പള്ളിയിലെ അച്ചന്‍. ഈ നാട്ടിലെ ഏറ്റവും നല്ല മനുഷ്യര്‍ എന്നറിയപ്പെടാന്‍ ഇവരേക്കാളും യോഗ്യത മറ്റാര്‍ക്കാണ്. കര്‍ത്താവിന്റെ സ്വര്‍ഗവാസസ്ഥലത്തേക്ക് ജീവിച്ചിരിക്കേ തിരഞ്ഞെടുക്കപ്പെട്ടവര്‍.

പുതിയ തലമുറക്ക് ഇതിലൊന്നും വലിയ വിശ്വാസമില്ലെങ്കിലും മുന്‍തലമുറ ആചാരങ്ങളില്‍ കുത്തിമറിഞ്ഞവരാണ്. ഈ തലമുറ മതത്തെക്കാളും ഏറെ മനുഷ്യപക്ഷത്തു നില്‍ക്കുന്നവരാണ്. അതിന് കമ്യൂണിസം ചെയ്ത പങ്ക് വളരെ വലുതാണ് താനും.

ജോസഫ് വളര്‍ന്നത് പൂര്‍ണ്ണമായും ക്രിസ്തീയ ആചാരങ്ങളിലാണെങ്കിലും പാര്‍ട്ടിയില്‍ ചേര്‍ന്നതോടെ കാര്യങ്ങളെ കുറച്ചു കൂടി യുക്തിഭദ്രമായി ചിന്തിക്കാന്‍ പഠിച്ചു.ജോസഫ് പാര്‍ട്ടിയെ കുറിച്ച് പഠിക്കുന്നത് അവളില്‍ നിന്നായിരുന്നു. പ്രസീനയില്‍ നിന്ന്.

മതം പാകിയിട്ട വിശ്വാസത്തിന്റെ വിത്തുകള്‍ എത്ര തന്നെ ചുരണ്ടിക്കളഞ്ഞാലും മനസ്സിന്റെ കോണില്‍ എന്നും ഒരു പൂപ്പലുപോലെ പറ്റിപ്പിടിച്ചിട്ടുണ്ടാവും. ഇതു പോലെ ഒറ്റപ്പെടുന്ന നേരങ്ങളില്‍ ഭയത്തിന്റെ മുഖപടമണഞ്ഞ് അവ വീണ്ടും പതിയെ മുളച്ചുപൊന്തും. അപ്പോഴാണ് ആ കാഴ്ച അവന്‍ കണ്ടത്!’ ജോസഫ് ഉള്ളില്‍ തികട്ടി വന്ന ഭയത്താല്‍ ചുറ്റുപാടും ഒന്ന് നോക്കി.

സെമിത്തേരിയുടെ കിഴക്ക് മാറിയുള്ള ഒരൊറ്റപ്പെട്ട ചെരിവില്‍ മൂന്നാലുപേര്‍ ഒരു ശവമഞ്ചലും ചുമന്നുവരുന്നു. അതൊരു ചെരിവായതുകൊണ്ടുതന്നെ അവരുടെ നെഞ്ചുവരെ മാത്രമേ അവന് കാണാന്‍ കഴിയുന്നുള്ളൂ. അവര്‍ കുനിഞ്ഞ് ആ ശവമഞ്ചല്‍ നിലത്തുവച്ചു. അതിനിടയില്‍ ശവക്കുഴി വെട്ടുന്ന ശബ്ദം . ആ പെരുമഴയില്‍ കാതുകള്‍ നന്നായി കൂര്‍പ്പിച്ചപ്പോള്‍ മാത്രമാണ് ആ ശബ്ദം അവന്‍ കേട്ടത്. അവിടെ എന്താണ് നടക്കുന്നതെന്നറിയാതെ ജോസഫ് അങ്ങോട്ടേക്ക് നീങ്ങി. അവിടെ ഉണ്ടായിരുന്ന മരത്തിന്റെ പിറകില്‍ ജോസഫ് ഒളിച്ചുനിന്ന് അവരെ വീക്ഷിച്ചു. കുഴിവെട്ടുന്ന ഒരാള്‍, പിന്നെ നാലു പുരുഷന്മാരും ഒരു സ്ത്രീയും. അപ്പോഴേക്കും കുഴിയുടെ ഏകദേശം വെട്ടും കഴിഞ്ഞ് അയാള്‍ കരക്കുകയറി. മഴയെത്തടുക്കാന്‍ ശവം മൂടിവെച്ച ഒരു പ്ലാസ്റ്റിക് കവറല്ലാതെ അവരുടെ അടുക്കല്‍ മറ്റൊന്നുമുണ്ടായിരുന്നില്ല. മുഖം തിരിഞ്ഞുനില്‍ക്കുന്നതുകൊണ്ടുതന്നെ ആരുടെയും മുഖം വ്യക്തമായി കാണാന്‍ ജോസഫിന് കഴിയുന്നുണ്ടായിരുന്നില്ല. വെട്ടുകാരനും രണ്ടുപേരും ചേര്‍ന്ന് പ്ലാസ്റ്റിക് കവറില്‍നിന്ന് ശവമെടുത്ത് കുഴിയിലേക്കുവെച്ചു. മറ്റു രണ്ടുപേര്‍ ആ പ്ലാസ്റ്റിക് കവര്‍ രണ്ടറ്റത്തായിപ്പിടിച്ച് കുഴിയില്‍ വെള്ളം വീഴാത്തവിധം നിവര്‍ത്തിവെച്ചു. ആ മഴയില്‍ നനഞ്ഞുകുതിര്‍ന്നവര്‍ പതിയെ പതിയെ കുഴിയിലേക്ക് മണ്ണിട്ടു. അതിനിടയില്‍ കുഴിയുടെ കിഴക്കുഭാഗത്ത് ദുഃഖഭാരം തളംകെട്ടിനില്‍ക്കുന്ന മുഖത്തോടെ പതിയെ പതിയെ മണ്ണുവാരിയിടുന്ന ആ സ്ത്രീയിലായിരുന്നു അപ്പോള്‍ ജോസഫിന്റെ നോട്ടം മുഴുവനും.

കര്‍ത്താവിന്റെ എഴുതപ്പെടാത്ത പുസ്തകത്തില്‍ ഇതൊരു തുടക്കമാണെന്ന് അവനില്‍ ഒരശരീരി ഉണ്ടായതുപോലെ. കര്‍ത്താവേ, നീ ഇച്ഛിക്കുന്നതെന്തോ അതാണല്ലോ മനുഷ്യന്റെ ശരി. നീ നീതിമാനും നന്മനിറഞ്ഞവനുമാകുന്നു. യാതൊരു ഉപാധിയും കൂടാതെ സ്നേഹിക്കുന്നവനും സ്നേഹിക്കാന്‍ പറഞ്ഞവനും. മനുഷ്യന്റെ അന്തരാളത്തില്‍ പ്രണയത്തിന്റെ വിത്ത് മുളപ്പിക്കുന്നവനും നീയാകുന്നു.

ചിത്രീകരണം: സുബേഷ് പത്മനാഭന്‍

ജോസഫിന് ഇന്നേവരെ ആരോടും പ്രണയം തോന്നിയിട്ടില്ല. കോളേജില്‍ എത്രയോ പെണ്‍കുട്ടികള്‍ ഉണ്ടായിട്ടും അവന് ഒരാളോടും അങ്ങനെയൊരു വികാരമുണ്ടായിട്ടില്ല. അല്ലെങ്കില്‍ അതിനെക്കുറിച്ച് അവന്റെ അബോധമനസ്സില്‍പോലും ഒരു ചിന്ത ഉടലെടുത്തിട്ടില്ല. അവന്‍ മറന്നുപോയ ഒരു അധ്യായമായിരുന്നു പ്രണയം വിപ്ലവം തലക്ക് പടിച്ചു നടന്ന കാലം പ്രണയം ചുവപ്പിനോട് രക്തം തിളച്ച തൊക്കെ പ്രസ്ഥാനത്തിന്.. പക്ഷേ, ഇവളെ കണ്ടപ്പോള്‍ മാത്രം എന്താണ് തന്നില്‍ സംഭവിച്ചത്. വീണ്ടുംവീണ്ടും കാണാന്‍ മനസ്സിനൊരു വെമ്പല്‍ ഇതാണോ പ്രണയം? ജോസഫിന് ചിറകുകള്‍ മുളച്ചതുപോലെ. പ്രണയം ചിറകുകള്‍ മുളപ്പിക്കുകയും, സങ്കല്‍പ്പങ്ങളുടെ അനന്തവിഹായുസ്സില്‍ നമ്മെ സഞ്ചരിപ്പിക്കുകയും ചെയ്യുന്നു. അവന്റെ ചിന്തകള്‍ മുഴുവനും ആ നിമിഷം തന്നെ അവളാല്‍ മൂടപ്പെട്ടു കഴിഞ്ഞിരുന്നു. അവള്‍ ആരാണെന്നോ എന്താണെന്നോ എങ്ങിനെയാണെന്നോ അവനറിയില്ല. അല്ലെങ്കിലും ആത്മാക്കളുടെ സഞ്ചാരപഥത്തിന് വിലക്കുകള്‍ നിഷിദ്ധമല്ലേ. ഇതായിരുന്നു ജോസഫിന്റെ അന്നയുമായുള്ള ആദ്യത്തെ കൂടിക്കാഴ്ച.

അവളുടെ ഭര്‍ത്താവിന്റെ ഭൗതികശരീരത്തിനു മുകളില്‍ അവസാനത്തെപിടി മണ്ണുവാരിയിട്ട് അന്ന സെമിത്തേരിയില്‍നിന്നും തിരിഞ്ഞുനടന്നു. സാരിത്തലപ്പ് ചുഴറ്റിയെടുത്ത് അവള്‍ തലയിലേക്കിട്ടു. നനഞ്ഞുകുതിര്‍ന്ന ഒരു റോസാപ്പൂപോലെ. മരത്തിനു പിന്നില്‍ ജോസഫ് വെറുമൊരു ശരീരം മാത്രമായതു പോലെ. അവന്റെ ആത്മാവ് അപ്പോള്‍ ചിത്രശലഭമായ് ആ പൂവിന് ചുറ്റും പാറിനടന്നു. പ്രണയത്തിന്റെ മാസ്മരികത. നാമറിയാതെ നമ്മുടെ ആത്മാവിനെ സഞ്ചരിപ്പിക്കാനുള്ള മിടുക്ക് പ്രണയത്തിനല്ലാതെ മറ്റെന്തിനാണുള്ളത്! വിട്ടുമാറാത്ത പ്രേമാധിക്യത്താല്‍ അവന്‍ ആകമാനം നനഞ്ഞു കുതിര്‍ന്നിരുന്നു. അവളുടെ മുഖത്ത് സ്ഥായിയായ വിഷാദഭാവത്തിനുപുറമേ ഈ മരണം കാര്യമായ ഭാവമാറ്റമൊന്നും വരുത്തിയില്ലെന്നു തോന്നുന്നു. അല്ലെങ്കില്‍ വേദനകളും ദുഃഖങ്ങളും സഹിച്ച് സഹിച്ച് വേദനതന്നെ അവള്‍ മറന്നുപോയിക്കാണണം.

അനന്തരം അയാള്‍ ഉറക്കത്തിലേക്ക് വഴുതിവീണു. നീണ്ട ഉറക്കത്തിനിടയില്‍ കര്‍ത്താവ് അവന്റെ വലതുവാരിയെല്ലില്‍ നിന്നും ഒന്ന് ഊരിയെടുത്ത് അവളെ സൃഷ്ടിച്ചു. അയാള്‍ ഉറക്കത്തില്‍നിന്നും എഴുന്നേറ്റപ്പോള്‍ തന്റെ അടുത്തുകിടക്കുന്ന സ്ത്രീരൂപത്തെ കണ്ട് അത്യന്തം ആനന്ദിച്ചു. പ്രേമാധിക്യത്താല്‍ അയാള്‍ അവളെത്തന്നെ നോക്കിനിന്നു. കര്‍ത്താവ് അരുള്‍ ചെയ്തു: ആദമേ ഇത് ഹവ്വ. നിന്റെ ഇണ. നിങ്ങള്‍ യഥേഷ്ടം ഈ ഏദന്‍തോട്ടത്തില്‍ ജീവിച്ചു കൊള്ളുക. ഒരു നിമിഷം ജോസഫിന് ആ സെമിത്തേരി ഒരേദന്‍തോട്ടമാണെന്നും അവള്‍ ഹവ്വയും താന്‍ ആദമാണെന്നും തോന്നി. അത് വെറും തോന്നലായിരുന്നില്ല, അവന്റെ ഉള്ളില്‍നിന്നും ആരോ അവള്‍ നിന്റെ ഇണയാകുന്നു. നിന്റെ ആത്മാവിന്റെ പാതിയാവുന്നു എന്ന് മന്ത്രിക്കുന്നതുപോലെ തോന്നി. ആ തോന്നലിനെ ശരിവെച്ച് അവള്‍ സെമിത്തേരിയില്‍നിന്നും നടന്നുമറയുന്നതുവരെ നോക്കിനിന്നു.

അന്ന് രാത്രി ജോസഫിന് ഉറങ്ങാനെ പറ്റിയില്ല. തിരിഞ്ഞുംമറിഞ്ഞും കിടന്നു. കണ്ണില്‍ മുഴുവന്‍ അവളായിരുന്നു. അവള്‍ മാത്രം! ഓരോ നിമിഷവും അവള്‍ കൂടെ വേണമെന്ന് മനസ്സ് മന്ത്രിക്കുന്നതുപോലെ. പ്രേമത്തിന് വേദനയുണ്ടെന്നും അത് ഉരുകിയൊലിക്കുന്ന ലാവ, പച്ചമാംസത്തില്‍ ഇറ്റിക്കുന്നതുപോലെ വേദന നിറഞ്ഞതാണെന്നും അവന് മനസ്സിലായി. അവളിലേക്കെത്താനുള്ള വഴികളെക്കുറിച്ചാണ് ഇപ്പോള്‍ അവന്റെ ചിന്ത. അവള്‍ ആരാണെന്നോ എവിടെയാണെന്നോ എനി എങ്ങനെ കാണുമെന്നോ അവനറിയില്ല. അതൊരാധിയായി അവനില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ചു. കുത്തിയൊലിക്കുന്ന പേമാരിയില്‍ ദിശയറിയാതെ ആ കാറ്റ് പലയിടത്തും സഞ്ചരിച്ചു. ഈ ചിന്തകള്‍ അവനെ അദൃശ്യനാവാനുള്ള വഴിയെക്കുറിച്ച് ചിന്തിപ്പിച്ചു. കാറ്റോ വെളിച്ചമോ ആയിരുന്നെങ്കില്‍ ആരുമറിയാതെ അവളുടെ അടുത്തേക്ക് കയറിച്ചെല്ലാമല്ലോ എന്ന് മോഹിപ്പിച്ചു. അവള്‍ ആരാണെന്നോ എവിടെയാണെന്നോ അറിയാതെ ഇനി ഒരൊറ്റ രാത്രിയും തനിക്കുറങ്ങാനാവില്ലെന്നവന്‍ തിരിച്ചറിഞ്ഞു.

എത്രയെത്ര സ്ത്രീകളെ ദിവസവും കാണുന്നു, ഇടപഴകുന്നു. പക്ഷേ, അവള്‍ക്കുമാത്രം എന്താണിത്ര പ്രത്യേകത? അറിയില്ല. കണ്ണടക്കുമ്പോള്‍ സെമിത്തേരിയും അവളും മാത്രം. ഹവ്വയെ സൃഷ്ടിച്ചതുപോലെ ചിലപ്പോള്‍ അവളെ തന്റെ വാരിയെല്ലുകൊണ്ടായിരിക്കും സൃഷ്ടിച്ചിരിക്കുക. അല്ലെങ്കില്‍ അവളില്ലാത്ത ശൂന്യത എന്നില്‍ നിറയുമോ?

അവള്‍ ആരെന്നറിയാന്‍ ഇനി ഒരൊറ്റ വഴിയേ ഉള്ളൂ… ഇന്നലെ ഈ കവലയില്‍ നടന്ന മരണം ആരുടേതാണെന്നറിയണം. അതിന് വലിയ ബുദ്ധിമുട്ടില്ലെന്നവനറിയാം. തോമായുടെ ചായക്കടവരെയൊന്ന് പോവണം. നാട്ടിലെ ചെറുതും വലുതുമായ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന വാര്‍ത്താവിനിമയകേന്ദ്രം. ഉറക്കം പൂര്‍ണ്ണമായും നഷ്ടപ്പെട്ടു എന്നുറപ്പായപ്പോള്‍ ആ രാത്രിതന്നെ അവന്‍ തോമാച്ചായന്റെ ചായക്കട ലക്ഷ്യമാക്കി നടന്നു. പൂര്‍ണ്ണചന്ദ്രന്‍ കൂട്ടിനെന്നപോലെ അവനോടൊപ്പം സവാരിക്കിറങ്ങി.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here