നൂറാം കോല്

2
503

കവിത

ശരത് മഹാസേനൻ

ഉറക്കം,
തെങ്ങിൻ തലപ്പിലെ
മിന്നാമിന്നി മൊട്ടുപോലെ
അകലങ്ങളിൽ മിന്നിമറയുന്നു,
രാത്രി,
ഏകാന്തതയിൽ തുഴയെറിയുന്ന
തോണിയെ പോലെയലയുമ്പോൾ,
ഓർമ്മകൾ ചിലമ്പുന്ന മഴക്ക്
കൂട്ടുവരുന്ന ഉപ്പുനീറുന്ന കാറ്റ്
തോണിയെ പുലരിയോടടുപ്പിക്കുന്നു,



ആ മഴയിൽ നനഞ്ഞു ഞാൻ
നീറ്റുകക്ക പോലെ നീറി
പരകോടിയിലേക്കു ചിതറുന്നു,
പുലരിയിൽ നിന്ന് രാവോളം
നിന്നിൽ ചിതറിത്തെറിച്ചരെന്നെ
നീ പോലുമറിയാതെ പറുക്കിയകറ്റാൻ
ഞാനൊരു നൂറാംകോല് കളിക്കിറങ്ങി
വീണ്ടുമൊരു വിഫലശ്രമം നടത്തുന്നു,
കാട്ടുതീയെ കാത്തിരിക്കുന്ന
തേക്കിൻകുരുവിന്റെ ക്ഷമയോടെ
കണ്ണുനിറയാതെ,
കാഴ്ചമറയാതെ,
ശ്വാസമിടറാതെ,
ഉള്ളുപിടയാതെ,
ആഴങ്ങളിലേക്ക് ആഴ്നിറങ്ങുന്ന
കല്ലിന്റെ നിസ്സഹായതയോടെ
പ്രാണന്റെ പ്രാണനെ
തട്ടി അകറ്റുന്നൊരു
നൂറാം കോല് കളി…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here