നിഴലിനപ്പുറം

0
553

കഥ

സിദ്ധാർത്ഥ് കെ. എസ്

പല മുഖങ്ങൾ എല്ലാം ഒരാൾ തന്നെ. മുഖങ്ങളിൽ ചിലത് അലറുന്നു, ചിലത് പൊട്ടിച്ചിരിക്കുന്നു, ചിലത് കരഞ്ഞ് കരഞ്ഞ് അവശരായിരിക്കുന്നു. എല്ലാം ഞാൻതന്നെയാണ്. പക്ഷെ ഒന്നായിരുന്ന ഞാൻ ഏങ്ങനെ പലതായി? എന്തു കൊണ്ടാണ് ഈ മുഖങ്ങളുടെ വികാരങ്ങൾ എന്നെ പരവശനാക്കുന്നത്? ഈ കൂട്ട കരച്ചിലുകളും അട്ടഹാസങ്ങളും എനിക്ക് താങ്ങാൻ കഴിയുന്നില്ല. “ഇതു ഞാനല്ല” ഫെഡറിക്കിന്റെ വാക്കുകൾ മനസ്സിലേക്ക് വന്നു. “ആ സ്ഥലം ശപിക്കപ്പെട്ടതാണ് അങ്ങോട്ട് പോവരുത്”. ശരീരമാകെ വിയർക്കുന്നതായ് തോന്നി, കണ്ണുകൾ പതുക്കെ പുക്കെ അടഞ്ഞു പോകുന്നു. ഞാൻ ഉറക്കത്തിന്റെ കയങ്ങളിലേക്ക് തെന്നി വീഴുകയാണോ?

നോർവേ യൂനിവേഴ്സിറ്റിയിൽ സൈക്കോളജിയിൽ ഗവേഷണങ്ങൾ നടത്തുകയായിരുന്നു അയാൾ. മനുഷ്യമനസ്സിന്റെയും ശരീരത്തിന്റെയും സങ്കീർണമായ പ്രവർത്തന പ്രതിപ്രവർത്തനങ്ങളെ കുറിച്ചുള്ള പഠനങ്ങൾക്കിടയിലാണ് അവിശ്വസനീയമായ ഈ സ്ഥലത്തെ കുറിച്ച് അയാൾ വായിക്കുന്നത്. എങ്കിലും വ്യക്തമായ ഒരു ചിത്രം അയാൾക്ക് ലഭിച്ചില്ല. യൂനിവേഴ്സിറ്റിയിലെ തന്നെ സീനിയർ പ്രൊഫസറും അയാളുടെ സുഹൃത്തും കൂടിയായ ഫെഡറിക്കാണ് ഈ സ്ഥലത്തെ കുറിച്ച് കൂടുതൽ അയാളോട് പറഞ്ഞത്. “ഉടലും ആത്മാവും വേർത്തിരിച്ചെടുക്കുന്ന സ്ഥലം”. വർഷങ്ങളായ് മനുഷ്യവാസം ഇല്ലാത്ത സ്ഥലം. കുറുനരികൾ ഓരിയിടാത്ത മൂങ്ങകൾ അപകടസൂചനകൾ തരാത്ത ശ്മശാനം. പീദ്ര നദിയുടെ വടക്കുകിഴക്കൻ തീരങ്ങളിലെ ഈ തുരുത്തിന് പേർഷ്യൻ സഞ്ചാരികൾ ‘mouth of devil at the end of Pidra’ എന്നാണ് പറയാറ്. സൂര്യാസ്തമനത്തിനു മുമ്പുള്ള 3 മണിക്കൂർ കാലയളവു മാത്രമേ ഈ തുരുത്ത് സാറ്റ്ലൈറ്റ് ചിത്രങ്ങളിൽ പോലും പ്രത്യഷപ്പെടാറുള്ളു. നോർവേ തീരങ്ങളിൽ അപൂർവ്വമായി മാത്രം കാണാറുള്ള ഈ തുരുത്ത് ചുവപ്പും പച്ചയും കലർന്ന പുകപടലങ്ങളാൽ മൂടി കിടക്കുകയും പ്രകാശം പരത്തുകയും ചെയ്യുന്നു എന്ന് ദൃക്സാക്ഷികളിൽ പലരും പറയുന്നു. മനുഷ്യ മനസ്സിനെയും ശരിരത്തിനെയും വേർതിരിച്ചെടുക്കുന്ന ആസ്ട്രൽ പ്രൊജക്ഷനു സമാനമായ ഒരു പ്രവർത്തനം ഇവിടെ നടക്കുന്നു എന്ന് പറയപ്പെടുന്നു. രഹസ്യം അന്വേഷിച്ചുപോയ പലർക്കും ഓർമ്മ നഷ്ട്ടപെടുകയോ സമനില തെറ്റുകയോ ചെയ്തിട്ടുണ്ട്, ചിലർ തിരിച്ചുവന്നോ എന്നു പോലും സംശയമാണ്. അതിനാൽ തന്നെ നോർവേ ഗവർണ്മെന്റ് ഈ തുരുത്തിലേക്കുള്ള യാത്രാനുമതി നിഷേധിച്ചിരിക്കുകയാണ്. പല ചരിത്രകാരൻമാരും എഴുത്തുകാരു സിനിമാ സംവിധായകരും അവരുടെ സൃഷ്ടികളിൽ ഈ സ്ഥലത്തെ പ്രതിപാദിക്കുന്നു.

അന്നു രാത്രി അയാൾ ഉറങ്ങിയില്ല തിരിഞ്ഞും മറിഞ്ഞും കിടന്നാലോചിച്ചത് ആ സ്ഥലത്തെ പറ്റിയായിരുന്നു. അതിന്റെ സാധ്യതകളെ കുറിച്ചും രഹസ്യങ്ങളെ കുറിച്ചും അയാൾ വിശദമായി തന്നെ ആലോചിച്ചു. ഈ സ്ഥലത്തിന്റെ നിഗൂഢതകളെ കുറിച്ച് തന്റെ പി എച്ച് ഡി പ്രബന്ധത്തിൽ വിശദമായി പരാമർശിച്ചാൽ അത് അന്താരാഷ്ട്രതലത്തിൽ പോലും ശ്രദ്ധിക്കപെടുമെന്ന് അയാൾക്ക് തോന്നി. ഫെഡറിക്ക് പലതവണ തടയുവാൻ ശ്രമിച്ചെങ്കിലും അയാളുടെ തീരുമാനത്തിന് മാറ്റമില്ലായിരുന്നു. ആദ്യം വിസമ്മതിച്ചെങ്കിലും വലിയ തുക വാഗ്ദാനം ചെയ്തപ്പോൾ പ്രദേശവാസികളിൽ ചിലരുടെ സഹായത്തോടെ ഒരു ചെറിയതോണി അയാൾക്ക് സംഘടിപ്പിക്കാനായി. പിറ്റേന്ന് പുലർച്ചെ തന്നെ അയാൾ തുരുത്തിലേക്കുള്ള യാത്ര ആരംഭിച്ചു. കാര്യമായ ഒഴുക്കില്ലാത്തതു കൊണ്ടും കാറ്റിന്റെയോ മഴയുടെയോ പേടിപ്പെടുത്തലുകൾ ഇല്ലാത്തതുകൊണ്ടോ സ്വയം തുഴയുന്നതിന്റെ ബുദ്ധിമുട്ട് അയാളെ അലോസരപ്പെടുത്തിയില്ല ഏതാണ്ട് തുടർച്ചയായ അഞ്ച് മണിക്കൂറുകളോളം അയാൾ ലക്ഷ്യമില്ലാതെ തുഴഞ്ഞു. ശരിക്കും ക്ഷീണിച്ചിരിക്കുന്നു. സൂര്യാസ്തമനത്തിന്റെ ചുവന്ന രശ്മികൾ പുഴയിൽ പ്രതിഫലിക്കാൻ തുടങ്ങിയപ്പോൾ അയാൾ കണ്ടു തിളക്കം കുറഞ്ഞ ഒരു ഭൂപ്രദേശം പുഴയിൽ വ്യക്തമായി വരുന്നു. പത്തു മിനുട്ടിൽ കൂടുതൽ തുഴയേണ്ടി വരില്ല എന്നയാൾ കണക്കുകൂട്ടി. തുരുത്തിന്റെ ചുറ്റുമുള്ള വെള്ളം വ്യക്തവും തെളിഞ്ഞതുമാണ് ആഴത്തിലൂടെ ഊളിയിടുന്ന മീനുകളെ പോലും വ്യക്തമായി കാണാം. അയാൾ പ്രകാശം പരത്തുന്ന ആ തുരുത്ത് ലക്ഷ്യമാക്കി തുഴഞ്ഞു നിഗൂഢമായ പലതിന്റെയും ചുരുളഴിക്കാനുള്ള ആവേശത്തിൽ.

കണ്ണുകൾ പതുക്കെ തുറന്നപ്പോൾ എല്ലാം ശാന്തമായ പോലെ അയാൾക്കു തോന്നി നേരത്ത പല രൂപങ്ങളിൽ കണ്ട മുഖങ്ങളും ഇപ്പോൾ തനിക്കു ചുറ്റുമില്ല. തുരുത്ത് വളരെ ശാന്തമാണ് സൂര്യാസ്തമനത്തിന് ഇനിയും 1 മണിക്കൂർ ബാക്കി ഉണ്ട് എത്ര‌യും പെട്ടന്ന് വന്ന കാര്യം പൂർത്തിയാക്കി തിരിച്ചു പോണം. അയാൾ പോക്കറ്റിൽ നിന്നും ഒരു സിഗററ്റെടുത്ത് കത്തിച്ചു തെല്ലൊരാശ്വാസം തോന്നി. പക്ഷെ മനുഷ്യമനസ്സിനെയും ശരീരത്തെയും വേർതിരിച്ചെടുക്കുന്ന പ്രവർത്തനത്തിന്റെ യാതൊരുവിധ അവശേഷിപ്പുകളൊ തെളിവുകളൊ ഇവിടെ കാണാനില്ല. ദ്വീപിന്റെ പച്ച പ്രകാശവും പുകചുരുളുകളും ഫോസ്ഫറസിന്റെയും കോടമഞ്ഞിന്റെയും സാന്നിദ്ധ്യം കൊണ്ടാവാം എന്നയാൾ അനുമാനിച്ചു അതിന്റെ കൂടെ അസ്തമനത്തിന്റെ വെളിച്ചം കൂടി ചേരുന്നതു കൊണ്ടാവാം ഓറഞ്ചുനിറം അനുഭവപ്പെടുന്നത്. ഭൂമിശാസ്ത്രപരമായും, സസ്യങ്ങളുടെ സ്വഭാവം കൊണ്ടും തുരുത്തിന് കാര്യമായ പ്രത്യേകളില്ല. അവിടവിടമായി ചിതറി കിടക്കുന്ന എല്ലിൻ കഷ്ണങ്ങളും മണ്ണിൽ നിന്ന് പലപ്പോഴായി ഉയർന്നുവരുന്ന മാംസഗന്ധവുമൊഴിച്ചാൽ ഇവിടെ ഭയപ്പെടാനായി ഒന്നും തന്നെയില്ല. അയാൾ ആകാശത്തേക്കു നോക്കി സൂര്യൻ അസ്തമിക്കാറായി പതുക്കെ തുരുത്ത് അപ്രത്യക്ഷമാകും, അസ്തമനത്തിനുശേഷം തിരിച്ചു പോക് എളുപ്പമായിരിക്കില്ല; അപകടം പിടിച്ചതായിരിക്കും എന്ന് തോണി തന്ന വൃദ്ധൻ പറഞ്ഞത് അയാളോർത്തു. തന്റെ പേപ്പറിന് ഗുണകരമായ ഒന്നും തന്നെ കണ്ടത്തിയില്ല എന്നത് അയാളെ നിരാശനാക്കിയിരുന്നു. സൂര്യൻ മറഞ്ഞു പൊയ്ക്കൊണ്ടിരിക്കുകയാണ് എത്രയും പെട്ടന്ന് തിരിച്ചു പോണം എന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ പിന്നീടു വരാം എന്നും അയാൾ തീർച്ചയാക്കി. ധൃതിയിൽ തന്നെ അയാൾ തോണിയിൽ കയറി തിരിച്ചു തുഴഞ്ഞു കുറച്ചു ദൂരം പിന്നിട്ടപ്പോൾ അയാൾ തിരിഞ്ഞു നോക്കി. ദ്വീപിൽ ആകെ പച്ച പ്രകാശം പരന്നിരിക്കുന്നു, യാത്രക്കാരെ ആകർഷിക്കുവാൻ ദംഷ്ട്രകളൊളിപ്പിച്ച യക്ഷിയെപ്പോലെ ദ്വീപ് അയാളെ നോക്കി ചിരിക്കുന്ന പോലെ തോന്നി. ചുറ്റുമുള്ള വെള്ളവും ഇലകളും തിളങ്ങുന്നു. ഇലകൾ വകഞ്ഞു മാറ്റി പ്രകാശം പരത്തികൊണ്ട് ഒരു രൂപം തുരുത്തിന്റെ അറ്റത്തേക്കു വന്നു കുറച്ചു സമയം അയാളെ നോക്കി നിന്ന ശേഷം രൂപം അയാളോട് കൈ വീശി യാത്ര പറയുന്നു. ഒരു നിമിഷം അയാൾ ഞെട്ടി സത്ബ്ധനായിരുന്നു! കണ്ണിൽ ഇരുട്ടു കയറുന്നതായും ശ്വാസം കിട്ടാത്ത പോലെയും അയാൾക്കനുഭവപ്പെട്ടു. അയാൾ ആ രൂപത്തിലേക്ക് തന്നെ തുറിച്ചു നോക്കി . ഒരു നിമിഷം തരിച്ചിരുന്നു! ആ രൂപത്തിന് തന്റെ മുഖച്ഛായ ഉണ്ടോ?! സ്വന്തം മുഖം ഓർത്തെടുക്കാൻ അയാൾ പുഴയിലേക്ക് നോക്കി. ആളില്ലാത്ത തോണിയുടെ പ്രതിബിംബം പുഴ ഒരു ശവമഞ്ചം പോലെ വഹിച്ചു കൊണ്ടുപോകുന്നു.


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in,

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

google-play-logo

LEAVE A REPLY

Please enter your comment!
Please enter your name here