ട്രാൻസ്ജെൻഡർ ‘ദൃശ്യത’യുടെ മാറ്റങ്ങളുമായി ‘നിഴല്‍ പോലെ’

0
535

സച്ചിന്‍ എസ്.എല്‍ 

മണുഗുണാഞ്ചൻ, ചാന്തുപൊട്ട്, ഒമ്പത് എന്നിങ്ങനെ പൊതുസമൂഹം ചാർത്തിയ പരിഹാസപ്പേരുകൾ തലയിലേറ്റി ഞെരിഞ്ഞമരാൻ വിധിക്കപ്പെട്ടിരുന്ന ട്രാൻസ്ജെൻഡറുകൾ വർത്തമാന കാലത്ത് അതിജീവനത്തിന്റെയും കുതിച്ചുചാട്ടങ്ങളുടെയും ചരിത്രവിജയങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടിരിക്കുന്നു.

ഭിന്നലൈംഗീകത എന്നത് തികച്ചും ഒരു വ്യാജനിർമ്മിതിയാണെന്നുള്ള ധാരണ ഇന്ന് പൊതുമണ്ഡലത്തിൽ പ്രകടമായിത്തുടങ്ങി. ഒരു വ്യക്തിയുടെ വളർച്ചാഘട്ടത്തിലുള്ള സാമൂഹിക സാഹചര്യങ്ങൾ നിർമ്മിച്ചെടുക്കുന്ന ബോധമാണ് ലിംഗപദവി എന്ന് മലയാള ചലച്ചിത്ര സംവിധായകൻ രഞിത്ത് ശങ്കറ് തന്റെ ഹിറ്റു ചിത്രങ്ങലിലൊന്നായ ‘മേരിക്കുട്ടി‘യിലൂടെ മാലോകർക്ക് കാട്ടിക്കൊടുത്തത് ഈയടുത്ത കാലത്താണ്. ആണത്തത്തിന്റെയും പെണ്ണത്തത്തിന്റേയും വ്യവസ്ഥാപിതമായ പരമ്പരാഗതയുക്തികൾക്ക് പുറത്തു നിൽക്കുന്ന സവിശേഷ വ്യക്തിത്വങ്ങളെ ലിംഗമന്നെ അടിസ്ഥാന ധാരണയോട് ചേർത്തു വിശകലനം ചെയ്തിരുന്ന ഒരു സമൂഹം ഇന്ന് അവരെ വ്യത്യസ്തരല്ല വ്യക്തിത്വമുള്ളവരാണെന്ന നിലയ്ക്ക് മഹാരാജാസിലൂടെ ബിരുദ അഡ്മിഷൻ നൽകിയതും ഈയടുത്ത് വാര്‍ത്തയായി.

ഫ്യൂഡൽ പുരുഷവരേണ്യവർഗ്ഗ ബോധമുള്ള കാലത്തു നിന്നും തുല്യരായി സ്ത്രീയേയും കണ്ടുതുടങ്ങിയ ഒരു സമൂഹത്തിൽ നാം എത്തിച്ചേർന്നെങ്കിൽ തത്തുല്ല്യരായി ട്രാൻസ്ജെൻഡറുകളും എത്തുന്ന കാലം വിദൂരമല്ല. അതിനുമുന്നോടിയെന്നോണം ഒരു കൂട്ടം യുവ അഭിലാഷികളുടെ ‘നിഴല്‍ പോലെ‘ മ്യൂസിക്കൽ ആൽബം എത്തുകയായി. സഫീർ പട്ടാമ്പി സംവിധാനം ചെയ്യുന്ന ഈ ആൽബത്തിലൂടെ നായികയായി എത്തുന്നത് ട്രാൻസ് വുമണ്‍ ആയ അഞ്ജലി അമീറാണ്. ഇതിലൂടെ മലയാളത്തിലെ ആദ്യത്തെ മ്യൂസിക്കൽ ആൽബം ട്രാൻസ് വുമണ്‍ നായികയാവുകയാണ് അവർ. അതു വഴി ചരിത്രത്തിന്റെ ഭാഗമായി മാറുകയാണ് ‘നിഴല്‍ പോലെ‘ മ്യൂസിക്കല്‍ ആൽബത്തിന്റെ അണിയറക്കാർ.

മമ്മൂട്ടി നായകനായ ‘പേരന്‍പ്‘ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ച അഞ്ജലി അമീർ അതിനു ശേഷം ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലും സാന്നിധ്യമറിയിച്ചു. അതുവഴിയാണ് ജന ശ്രദ്ധ പിടിച്ചു പറ്റിയത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ട്രാൻസ് സിനിമാനടി എന്ന ലേബലിലേക്ക് ‘പേരൻപി‘ന്റെ റിലീസോടെ അവരറിയപ്പെടും. ഇക്കാലമത്രയും, മലയാളസിനിമയിൽ ഉൾപ്പെടെ ട്രാൻസ് ജെൻഡറുകളായി വേഷമിടുന്നത് പൊതുവെ പുരുഷ താരങ്ങൾ തന്നെയാണ്. പലപ്പോഴും അഭിനയിക്കുന്ന വേഷങ്ങളിൽ വ്യത്യസ്തത പുലർത്താനുള്ള ഒരു അവസരത്തെ പ്രയോജനപ്പെടുത്തുന്നു എന്നത് മാത്രമാണീ ഉദ്യമങ്ങൾക്കു പിന്നിൽ. പക്ഷേ ഇവിടെ അഞ്ജലി സിനിമാനടിയാകുന്നതോടെ സിനിമാലോകത്തെ ഈ ആൾമാറാട്ടത്തിന് തിരശ്ശീല വീഴുകയാണ്. സിനിമയുടെ റിലീസ് ഈയടുത്തു തന്നെ ഉണ്ടാകും.

പക്ഷേ അതിനു മുമ്പേ അഞ്ജലിയെ മലയാളികൾക്ക് മുന്നിലും അതുവഴി ലോകത്തിനു മുന്നിലും ഫീച്ചർ ചെയ്യുകയാണ് ഒരു കൂട്ടം സംഗീത സ്നേഹികൾ കണ്ട സ്വപ്നം. അഞ്ജലിക്കൊപ്പം, രാധിക പിള്ള, ദീപക് ജെ. ആർ തുടങ്ങിയവരാണ് മ്യൂസിക് ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്. രമേഷ് കാവിലിന്റെ വരികൾക്ക് ഈണം നൽകിയത് പ്രശാന്ത് നിട്ടൂരാണ്. ഈ ഗാനം ആലപിച്ചതും ആൽബത്തിലെ പുരുഷ ലീഡ് ചെയ്തതും വിവിധ റിയാലിറ്റി ഷോകളിലൂടെ മലയാളികൾക്ക് സുപരിചിതനായ ദീപക് ജെ. ആർ ആണ്. ഗിറ്റാറിന്റെ മാത്രം അകമ്പടിയുള്ള ഈ പാട്ടിന് ഗിറ്റാർ വായിച്ചത് മലയാള സിനിമാ ഗാനരംഗത്ത് ഇന്ന് സജീവസാന്നിധ്യമായ സുമേഷ് പരമേശ്വർ ആണ്. മഹേഷ് മാധവ് റായിയുടെ ഛായഗ്രാഹണത്തിൽ ഒരുങ്ങിയ ഈ മ്യൂസിക്കൽ ആൽബം സത്യം ഓഡിയോസ് ഈ മാസം സെപ്റ്റംബർ 15 ന് പുറത്തിറക്കുന്നു.

ട്രാൻസ് ജെൻഡേഴ്സിനും സമൂഹത്തിൽ പലതും ചെയ്യാനുണ്ട്. അങ്ങനെ പൊതുധാരയിലേക്കുള്ള അവരുടെ പ്രവേശം സുഗമമാക്കുന്നതിന്റെ മുന്നോടിയായി ‘നിഴൽ പോലെ‘ മ്യൂസിക്കൽ ആൽബത്തെ വിലയിരുത്താം. നിലവിൽ സമൂഹത്തിൽ എന്തെങ്കിലും മാറ്റം വരുത്തണമെന്നാഗ്രഹിക്കുന്ന യുവസമൂഹത്തിന്റെ പ്രതിനിധികളായി മുന്നിട്ടിറങ്ങിയ ക്രൂ മെമ്പേഴ്സിനു എല്ലാവിധ ഭാവുകങ്ങളും.

LEAVE A REPLY

Please enter your comment!
Please enter your name here