ജ്യോതി അനൂപ്
കേരള സാഹിത്യ അക്കാദമി അവാർഡും (2017) വയലാർ അവാർഡും ( 2019) നേടിയ ശ്രീവി.ജെ ജെയിംസിന്റെ ‘നിരീശ്വരൻ’ അത്യന്തം കൗതുകകരമായ ചില ചിന്തകൾ പങ്കുവെയ്ക്കുന്നു .
നിരീശ്വര സവിധത്തിൽ അധ:കൃതനും ആഢ്യനുമില്ല പണ്ഡിതനും പാമരനുമില്ല നിങ്ങൾക്ക് ഗീതയോ ഖുറാനോ ബൈബിളോ എന്തു വേണമെങ്കിലും അവിടെ പാരായണം ചെയ്യാം കാറൽ മാക്സിന്റെ മൂലധനമോ വൈരുധ്യാത്മകഭൗതികവാദമോ വായിക്കാം മെഴുകുതിരിയും നിലവിളക്കും കത്തിക്കാം ആഗ്രഹിക്കുമ്പോലെ പ്രാർത്ഥിക്കാം!
ഈശ്വരൻ ഉണ്ടെന്നും ഇല്ലെന്നും വിശ്വസിക്കുന്നവരുണ്ട്. വിശ്വാസത്തിന്റെ പേരിലുള്ള അന്ധവിശ്വാസങ്ങളെ എതിർക്കാൻ നിരീശ്വര പ്രതിഷ്ഠ നടത്തിയ മൂന്ന് കൂട്ടുകാർ, അവർ തങ്ങളെ സ്വയം വിശേഷിപ്പിക്കുന്നത് ആഭാസന്മാരെന്നും..! എന്നാൽ അവർ പ്രതിഷ്ഠിച്ച നിരീശ്വരൻ ജാതിഭേദമെന്യേ ആ പ്രദേശത്തിന്റെ വിശ്വാസത്തിന്റെ അടിസ്ഥാനമാവുകയും ജനനായകപദവിയിലേക്കുയരുകയും ചെയ്യുന്നു. ഇതിനെ എതിർക്കുന്ന അഭാസന്മാർക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളും സംഘർഷങ്ങളുമാണ് നോവൽ ഇതിവൃത്തമാക്കുന്നത്. അത്യന്തികമായി വിശ്വാസത്തിന്റെ പേരിലുള്ള മനുഷ്യമനസ്സിന്റെ ദൗർബല്യങ്ങളെ വരച്ചുകാട്ടുന്നു.
ആത്മീയതയുടെ അതിന്ത്രിയമായ സൗഖ്യം അനുഭവിക്കുവാൻ വിശ്വാസിക്കും അവിശ്വാസിക്കും കെല്പുണ്ട്. സർവ്വ ചരാചരങ്ങളെയും പ്രകൃതിയേയും സ്നേഹിക്കുന്നവർക്ക് അതിലെ ഓരോ പൂവിലും പുൽക്കൊടിയിലും ദർശിക്കുന്നത് തന്റെ തന്നെ ആത്മചൈതന്യത്തിന്റെ ഭാഗമാണെന്ന ബോധ്യമുള്ളവർക്ക്, ആത്മീയതയുടെ ഉത്തുംഗ ശൈലത്തിൽ വിരാചിക്കുവാനാകുമെന്ന സത്യം നോവൽ പങ്കു വെയ്ക്കുന്നു.
നീണ്ട ഇരുപത്തിനാല് വർഷത്തെ അനസ്തേഷ്യാ മയക്കത്തിൽ നിന്ന് ഉണർന്ന ഇന്ദ്രജിത്തിന്റെ അനുഭവങ്ങളിലൂടെ അതീത മനശാസ്ത്രത്തിന്റേയും ടെലിപ്പതിയുടേയും ഗഹനയിലേക്ക് വായനക്കാരെ കൈപിടിച്ചു കൊണ്ടു പോകുന്നു. ഒറ്റ നോട്ടത്തിൽ വൈരുദ്ധ്യമെന്നു തോന്നാവുന്ന എന്നാൽ പലതിനേയും ശാസ്ത്ര യുക്തിയിൽ ബോധ്യപ്പെടുത്തുന്ന വ്യതിരിക്ത ചിന്തകളും പങ്കുവെയ്ക്കുന്നു .
ദീർഘനാളത്തെ അബോധമനസ്സിലെ ജീവിതത്തിനു ശേഷം വർത്തമാന കാലത്തേക്ക് തിരിച്ചെത്തുന്ന ഇന്ദ്രജിത്ത് തനിക്കു ചുറ്റും കാണുന് നയാഥാർഥ്യങ്ങളുമായ് പൊരുത്തപ്പെടാനാകാതെ ആത്മസംഘർഷത്തിലാവുന്നു. ബോധവും അബോധവും തമ്മിൽ തിരിച്ചറിയാനാവാത്തപ്രഹേളികയിൽപ്പെട്ടുഴലുന്നു. അബോധ മനസ്സിലെ തന്റെ ജീവിതത്തെക്കുറിച്ച് റോബർട്ടോ എന്ന ശാസ്ത്രജ്ഞനോട് മാത്രം മനസ്സു തുറക്കുന്നു. റോബർട്ടോ മനുഷ്യമനസ്സിനേയും ചുറ്റുപാടിലെ ജീവീയവും അജീവിയവുമായ വസ്തുക്കളുടെ നിലനില്പിനെപ്പറ്റിയും ഗുണപരവുംഗണപരവുമായ അവയുടെ വെത്യാസങ്ങളെപ്പറ്റിയും ആദിശങ്കരന്റെ ഏകത്വദർശനവും (ബ്രഹ്മസത്യം ജഗത്മിഥ്യ )ഐൻസ്റ്റീന്റെ ആ പേക്ഷികസിദ്ധാന്തവുമായും ബന്ധപ്പെടുത്തി തന്റേതായ കാഴ്ചപ്പാട് പങ്കുവെയ്ക്കുന്നു .
കാഴ്ചയെക്കുറിച്ച് കേൾവിയെക്കുറിച്ച് യുക്തിസഹമായ എന്നാൽ കൗതുകകരമായ വിശദീകരങ്ങൾ റോബർട്ടോപങ്കുവെയ്ക്കുന്നു. പ്രപഞ്ചത്തിൽ നാം കാണുന്നതു മാത്രം സത്യം എന്നു പറയുന്നത് നമ്മുടെഇന്ദ്രിയ പരിമിതി മാത്രമാണ്! നാം കാണുന്ന ത്രിമാന ലോകത്തെ ചില ജീവികൾക്ക് ദ്വിമാനമായിട്ടേ കാണാനാകൂ എന്നാൽ മറ്റു ചിലതിന് അതിൽ കൂടുതലും, നമ്മുടെ ശബ്ദ പ്രപഞ്ചത്തേക്കാൾ സൂക്ഷ്മവും ബൃഹത്തുമായ ശബ്ദ പ്രപഞ്ചമുള്ള ജീവികളെപ്പറ്റി നമുക്കറിവുള്ളതാണല്ലോ .
മൈനസ് അനന്തതയും പ്ലസ് അനന്തയും കൂടിച്ചേർന്നാൽ പൂജ്യം. പൂജ്യത്തോട് ഒരു പത്ത് കൂട്ടിച്ചേർത്താൽ ബാലൻസ് ചെയ്യാൻ വേണ്ടി പൂജ്യം ഒരു മൈനസ് പത്ത് ഉത്പാദിപ്പിക്കുന്നു. എല്ലാ ദു:ഖങ്ങളും എല്ലാ സുഖങ്ങളും കൂടിച്ചേർന്നാൽ പൂജ്യം എല്ലാ ഇരുട്ടും എല്ലാ വെളിച്ചവും കൂടിച്ചേർന്നാൽ പൂജ്യം. ഈശ്വരനും നിരീശ്വരനും കൂടിച്ചേർന്നാൽ പൂജ്യം. അതായത് ഓരോ സുഖത്തേയും ബാലൻസ് ചെയ്യുന്ന തത്തുല്യ ദു:ഖം പ്രപഞ്ചത്തിലുരുത്തിരിയുന്നു. കാണപ്പെടുന്ന ഈ ദൃശ്യ പ്രപഞ്ചത്തിന്റെ മാറ്ററിനെ ബാലൻസ് ചെയ്യാനുള്ള ആന്റി മാറ്റർ പ്രപഞ്ചത്തിലുണ്ടെന്ന് ആധുനിക ശാസ്ത്രം പറയുന്നു.
ന്യൂട്ടന്റെ മൂന്നാം ചലന നിയമത്തിന്റേയും കേവല പൂജ്യം ത്തിന്റേയും (absolute Zero) അടിസ്ഥാനത്തിൽ ശാസ്ത്രവസ്തുതകളേയും പ്രാപഞ്ചിക വിശ്വാസങ്ങളെയും ബന്ധിപ്പിക്കുന്ന വാഗ് വിലാസങ്ങൾ ഏറെ കൗതുകത്തോടു കൂടി വായിച്ചു പോകാൻ കഴിയും.
സ്ഥലവേശ്യയാകേണ്ടിവന്ന ജാനകിയോട് കൂട്ടുകാരനായ റോബർട്ടോ എന്ന ശാസ്ത്രജ്ഞൻ മനുഷ്യനന്മയുടെ അളവുകോലാൽ അളക്കപ്പെടുമ്പോൾ അവൾ മറ്റാരേക്കാൾ മുന്നിലെത്തുമെന്ന് സമർത്ഥിക്കുകവഴി ആത്മനിന്ദയും പാപബോധവും കഴുകിക്കളഞ്ഞ് അസ്വസ്ഥയുടെ മാറാല വകഞ്ഞ് മാറ്റി തെളിഞ്ഞ മനസ്സുമായ് വേശ്യാവൃത്തി ഉപേക്ഷിച്ച് ഒരു സാധാരണ സ്ത്രീയായി പ്രകാശമുള്ള ചിരിയോടെ അവൾ ജീവിതത്തെ സ്വീകരിക്കുന്നു.
മനുഷ്യമനസ്സിനെ ആത്മവിശ്വാസത്താൽ പ്രകാശിതമാക്കുവാൻ പോസിറ്റീവായ ചില വാക്കുകൾക്ക് സാധിക്കും. അത്ഭുതകരമായ പരകായപ്രവേശങ്ങൾ സാധ്യമാകുന്ന ചിന്തകൾക്ക് വിധേയമാണ് മനസ്സ്. ലാളനയും സ്നേഹവും ആശ്രയവും കൊതിക്കുന്ന ഒരു കൊച്ചുകുഞ്ഞാണത്. അത് ബോധത്തിലും അബോധത്തിലും പ്രവർത്തിക്കുന്നു.
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.