നിരഞ്ജന്‍ പാടി, കോഴിക്കോടിന്റെ ഹൃദയത്തിലേക്ക്

0
435

ബി. എസ്

കോഴിക്കോട് ഒരുപാട് സാംസ്‌കാരിക പരിപാടികള്‍ക്ക് സാക്ഷിയായിട്ടുണ്ട്. പക്ഷെ, ഐ.എം.എ ഹാള്‍ ഇന്നലെ കോഴിക്കോടിന് സമ്മാനിച്ചത് വ്യത്യസ്തമായ അനുഭവം ആയിരുന്നു. ഓട്ടിസത്തെ സംഗീതം കൊണ്ട് മറികടക്കുന്ന മിടുക്കനായ നിരഞ്ജന്റെ അരങ്ങേറ്റമായിരുന്നു ചൊവ്വാഴ്ച. എസ്.എസ്.എയുടെ നേതൃത്വത്തില്‍ സംഘടപ്പിച്ച പരിപാടി ആരോഗ്യ വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സംഗമമായി മാറി.

മാറ്റി നിര്‍ത്താന്‍ എളുപ്പമാണ്. പക്ഷെ, ചേര്‍ത്ത് പിടിച്ചു കൂടെ നടത്തിയാല്‍ അത് പലര്‍ക്കും പ്രചോദനമാവും. അതാണ് ബിനി വാര്യരും രാമദാസ് മാസ്റ്ററും ചെയ്തത്. തങ്ങളുടെ മകന്‍ നിരഞ്ജന്റെ ശരിയായ നൈപുണ്യത്തെ കണ്ടെത്തി. പതിനാറ് വയസ്സുള്ള നിരഞ്ജന്‍, മനസിന്റെ സ്വയം പണിത ഒരു കോണില്‍ ജീവിക്കുന്ന കുട്ടികളില്‍ ഒരാളായിരുന്നു. എഴുതാനോ വായിക്കാനോ അറിയില്ല. സ്‌കൂളില്‍ പോയാലും വരാന്തയിലെയോ ഗ്രൗണ്ടിലേയോ മൂലയിലെവിടെയെങ്കിലുമായിരുന്നു അവന്‍. പാട്ട് കേള്‍ക്കുമ്പോള്‍ അവനിലുണ്ടാകുന്ന മാറ്റങ്ങള്‍ ആദ്യം മനസിലാക്കിയത് അച്ഛന്‍ തന്നെ.

കേരളത്തില്‍ 38 ലക്ഷത്തിലധികം ഭിന്നശേഷിക്കാരായവരുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരുടെ കൈപ്പിടിച്ചു കൊണ്ട് അവരുടെ കഴിവുകളെ പൊതു ഇടങ്ങളിലേക്ക് പരിചിതമാക്കുക എന്നത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടര്‍ച്ചയാണ്. പുനരധിവാസം സാധ്യമാവുകയാണ്.

എഴുതാനോ വായിക്കാനോ അറിയാത്ത നിരഞ്ജന്‍ കേള്‍വിയിലൂടെയാണ് സംഗീതത്തെ ഉള്‍കൊണ്ടത്. നിരാശപ്പെട്ടിരിക്കുന്ന രക്ഷിതാക്കളുണ്ട് ഒരുപാട്. അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് നിരഞ്ജന്റെ സംഗീത വിരുന്ന്. ഇതുപോലെയുള്ള വേദികള്‍ ഇനിയുമുണ്ടാവട്ടെ, കേരളത്തില്‍ എല്ലായിടത്തും.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പാറശ്ശേരി, കോഴിക്കോട് കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാധാകൃഷ്ണന്‍, എസ്.എസ്.എ ജില്ലാ പ്രോജക്ട്് ഓഫീസര്‍ എ.കെ അബ്ദുല്‍ ഹക്കീം, ഡോ: മഹ്‌റൂഫ് രാജ് തുടങ്ങി നിരവധി പേര്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here