അതിജീവനത്തിനായി ഒരു കലാസന്ധ്യ

0
531

പാലക്കാട്‌: പ്രളയം മാറിയ വഴിയിൽ, ജലം കൊണ്ട് മുറിവേറ്റവരുടെ വേദനയിൽ നാമെല്ലാം ഒറ്റക്കെട്ടായി പങ്കുചേരുകയാണ്. നാനൂറിലധികം ജീവനുകളെടുത്ത പെരുമഴക്കാലം, ഇരുപതുലക്ഷത്തോളം മനുഷ്യരെയാണ് ക്യാമ്പുകളിലെത്തിച്ചത്. ഇരുപതിനായിരം കോടിയുടെ നാശനഷ്ടം എന്ന പ്രാഥമിക വിലയിരുത്തൽ കേരളം പോലൊരു സംസ്ഥാനത്തിന് താങ്ങാവുന്നതിനും എത്രയോ വലുതാണ്. പക്ഷേ നമുക്കതിജീവിച്ചേ പറ്റു.

ഒട്ടേറെ കലാകാരൻമാരുടെ പിറവി കൊണ്ടു സമ്പന്നമായ പാലക്കാട് ഈ അതിജീവന പാതയിൽ വേറിട്ട സംഭാവന നൽകാൻ ശ്രമിക്കുകയാണ്. പാലക്കാടിന്റെ സാംസ്കാരിക കൂട്ടായ്മയൊരുക്കുന്ന ഒരു കലാ സന്ധ്യ. സെപ്റ്റമ്പർ 15-ാം തീയതി വൈകിട്ട് 6 മണിക്ക് രാപ്പാടിയിൽ വച്ചാണ് We Shall Overcome എന്ന് പേരിട്ട കലാകാരൻമാരുടെ ഒത്തു ചേരൽ. ജലം കൊണ്ടേറ്റ മുറിവുണക്കാൻ പ്രശസ്ത ഗായകരും, വാദ്യകലാകാരന്മാരും, ചലച്ചിത്ര താരങ്ങളും, സിനിമാ പ്രവർത്തകരും ഒത്തുചേരും. പദ്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി, പദ്മശ്രീ ജയറാം, സംവിധായകൻ കമൽ, ശ്യാമപ്രസാദ്, വിദ്യാധരൻ മാഷ്, വാണി ജയറാം, രമ്യാ നമ്പീശൻ ,പ്രദീപ് സോമസുന്ദരം, പ്രകാശ് ഉള്ള്യേരി, സ്റ്റീഫൻ ദേവസ്സി, പണ്ഡിറ്റ് രമേഷ് നാരായൺ, രൂപ ശ്രീ കരുണാമൂർത്തി തുടങ്ങി ഒട്ടേറെപ്പേർ അതിജീവനത്തിന്റെ വഴിയിൽ കലയുടെ തണൽ വിരിച്ച് നമുക്കൊപ്പം ഉണ്ടാകും എന്നറിയിച്ചിട്ടുണ്ട്.

യാത്രാ ചിലവടക്കം പൂർണ്ണമായും സൗജന്യമായാണ് ഈ കലാകാരന്മാർ കേരളത്തിന്റെ മുറിവുണക്കാൻ എത്തിച്ചേരുന്നത്. കലാ സന്ധ്യയിൽ ഒത്തുചേരുന്ന എല്ലാ സുമനസ്സുകളും നൽകുന്ന സംഭാവനകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നമ്മൾ തത്സമയം കൈമാറും. കലാ സന്ധ്യയുടെ ആവിഷ്ക്കാരം പ്രകാശ് ഉള്ള്യേരിയുടെ സംവിധാനത്തിലായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here