കോഴിക്കോട് ഐഎംഎ ഹാളില്‍ ഹിന്ദുസ്ഥാനി സംഗീതം സംഘടിപ്പിക്കുന്നു. എസ്എസ്എയുടെ നേതൃത്വത്തിലാണ് പരിപാടി നടത്തുന്നത്. സെപ്തംബര്‍ 11ന് വൈകിട്ട് 3മണിയ്ക്ക് നിരഞ്ജന്‍ ഹിന്ദുസ്ഥാനി സംഗീതം അവതരിപ്പിക്കും.
പതിനാറ് വയസ്സുള്ള നിരഞ്ജന്‍, മനസിന്റെ സ്വയം പണിത ഒരു കോണിൽ ജീവിക്കുന്ന കുട്ടികളിൽ ഒരാളായിരുന്നു. എഴുതാനോ വായിക്കാനോ അറിയില്ല. സ്കൂളിൽ പോയാലും വരാന്തയിലെയോ ഗ്രൗണ്ടിലേയോ മൂലയിലെവിടെയെങ്കിലുമായിരുന്നു അവൻ. പാട്ട് കേൾക്കുമ്പോൾ അവനിലുണ്ടാകുന്ന മാറ്റങ്ങൾ ആദ്യം മനസിലാക്കിയത് അച്ഛൻ തന്നെ. പിന്നീടുള്ള ജീവിത മുഹൂര്‍ത്തങ്ങള്‍ ഏവര്‍ക്കും പ്രചോദനം പകരുന്നതാണ്.
ഓട്ടിസം ഉൾപ്പെടെ സവിശേഷ സ്വഭാവമുള്ള ആയിരക്കണക്കിന് കുട്ടികളുണ്ട് ചുറ്റിലും. കൊള്ളാത്തവരായി ഉപേക്ഷിക്കുകയല്ല, ചേർത്ത് പിടിച്ച് സ്വന്തം വഴി കാണിച്ചു കൊടുക്കുകയാണ് വേണ്ടത് എന്ന സന്ദേശവുമായാണ് എസ്എസ്എയുടെ നേതൃത്വത്തില്‍ നിരഞ്ജന്‍ ഹിന്ദുസ്ഥാനി സംഗീതത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.