പ്രതിഭ പണിക്കർ
നിന്നാൽ പ്രണയിക്കപ്പെടുകയെന്നാൽ,
മാഞ്ഞ് ഏറെക്കഴിഞ്ഞ രാവിനിപ്പുറവും
നിന്റെ വിരൽത്തുമ്പ് തൊട്ടയിടങ്ങളിലെ
മിന്നൽക്കണങ്ങളാൽ
മുഴുവനായ് പടർന്നെരിയപ്പെടലാണ്;
നിന്റേതുമായ് കൂടിച്ചേർന്ന
ഉടൽവല്ലികളിലൊക്കെയും
ഒരു മുൾപ്പടർപ്പുമായി കോർക്കപ്പെട്ടത് പോലെ
നീറ്റൽ അറിയലാണു;
നിശ്വാസങ്ങൾ കലർന്ന നിമിഷം മുതൽ
തെറ്റിപ്പോയ നെഞ്ചിടിപ്പുകളെ
വരുതിയിലാക്കാൻ പാടുപെടലാണു.
എന്റെ തൂലികത്തുമ്പിലും, പുസ്തകയേടുകളിലും,
നീ എന്ന അക്ഷരത്തെ,
പ്രതിച്ഛായയിലെ ഒളിച്ചുവയ്ക്കാനാവാത്ത ചിരിയിൽ
നിന്റെ അധരങ്ങളെ,
കവിളിൽ നിന്റെ കൺപീലികളെ,
വലംകഴുത്തിൽ നിന്റെ ചുംബനങ്ങളെ,
ഒന്നിച്ചുപുതച്ചുറങ്ങിയ നിലാഞൊറികൾക്കിടയിൽ
നിന്റെ ഗന്ധത്തെ
വേർതിരിച്ചെടുക്കാനാവലാണു.
ആരവങ്ങളൊന്നും ശ്രവിക്കാതെയും,
എങ്ങും നിലം തൊടാതെയും
തീർക്കുന്ന പകലുകളിലും,
നീ എന്ന ലഹരിയുമായുള്ള താരതമ്യത്തിൽ
പിന്നിലായിപ്പോകുന്ന വീഞ്ഞിനെ
അനുകമ്പയോടെ കുടിച്ചിറക്കുന്ന നിശകളിലും
ഒരു പ്രണയബാധിതദ്വീപാണു ഞാൻ എന്ന്
സ്വയം പ്രഖ്യാപിക്കലാണു;
കോൺക്രീറ്റ്-കാടുകൾക്കിടയിലൂടെ
ഉലാത്തുന്ന വഴികളെ
ചേർത്തുപിടിയ്ക്കപ്പെട്ട് നിന്നോടൊത്ത് നടക്കുന്ന
ഇരുളിടനാഴികൾ ആയി ധരിച്ച്
വസന്തത്തിലെ ഒരുലയുന്ന
പൂമരച്ചില്ലയായി മാറലാണു.
ഇത്രയും തീക്ഷ്ണമായിട്ടുള്ളതാണു
നിന്റെ പ്രണയമെന്നിരുന്നാൽക്കൂടിയും
എനിക്കീ ഗൂഢമായ വിവശത,
പതിവുള്ള ഉപചാരസന്ദേശങ്ങളിലെയും,
ലജ്ജ ചുവപ്പിയ്ക്കയാൽ
അടക്കിവയ്ക്കുന്ന വാക്കുകളിലെയും
ഉയിരിനെ എങ്ങനെയെങ്കിലും
നീ വായിച്ചെടുത്തെങ്കിൽ
എന്ന് പതിവായി ആഗ്രഹിക്കൽ ആണു.
എന്നിലെ നിന്നെ
ആരെങ്കിലും കണ്ടെടുത്താലോ
എന്ന ഭയത്തെ
ഒളിപ്പിയ്ക്കേണ്ടി വരുന്നതിലെ
ഒരു പതിവ് അസ്വസ്ഥതയും..
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
പ്രതിഭ പണിക്കർ വളരെയേറെ ശ്രദ്ധിക്കപ്പെട്ട് വരുന്നു മലയാള കവിതയിൽ
നന്ദി, സ്നേഹം..