കവിത
നിമിഷ എസ്
രാവിലെ,
കടലക്കറിക്കിടാൻ
കറിവേപ്പിലയ്ക്ക് ചെന്നപ്പോ,
രാധേമ്മ എന്നോട്
മിണ്ടീതൊക്കെയും
എന്റമ്മേടെ പേരുവിളിച്ചാണ്.
രാധേമ്മേടമ്മയും എന്നെ
“അമ്മപ്പേരാ”ണ് വിളിച്ചത്.
ഇന്നാട്ടിലെനിക്കെന്റെ
പേരില്ലെന്നോർക്കാൻനേരം
രണ്ടുപെണ്ണുങ്ങളും എന്നോട്
അമ്മേപ്പറ്റി ചോദിച്ചു.
ആ പെണ്ണുങ്ങൾക്കുമുന്നിൽ
ഞാനമ്മേടെ കഥയായി,
അമ്മേടെ നോവായി.
കഥപറഞ്ഞോണ്ടിരുന്നപ്പോ
പിന്നെയും ഓർത്തു,
ഇവിടെനിക്കെന്റെ പേരില്ല,
കഥയില്ല,നാടില്ല.
ഞാനിവിടെന്റമ്മയുടെ ബാക്കി.
അമ്മേടെ കഥനൊന്ത് തീർന്നപ്പോ
കറിവേപ്പിലത്തണ്ട് നനഞ്ഞു.
ഇറങ്ങിനടക്കാൻനേരം
എനിക്കുപിന്നിൽ
രണ്ടുപെണ്ണുങ്ങൾ,
രണ്ടു കഥകൾ,
ഒരേ വാഴ്‌വിന്റെ രണ്ടു വഴികൾ.
അന്നുച്ചയ്കമ്മേടെ
കൂട്ടുകാരിവന്നു.
രണ്ടമ്മമാരുടെ കഥകൾ.
കരഞ്ഞതും പറഞ്ഞതും
ചിരിച്ചതും
ഓടിക്കിതച്ചതും
ഇറയത്തും തിണ്ണപ്പടിയിലും
ഇരുന്ന് ചിലമ്പി.
കഥകളൊക്കെയും
ഉയിരുള്ള കാലങ്ങളാണ്.
നട്ടുച്ചനേരത്തും
കട്ടൻചായ തിളയ്ക്കുമ്പോഴും
എനിക്കന്റമ്മേടെ കഥ ഓർമ്മവരും.
ഞാനെന്റമ്മേടെ കഥയിലൊരു
വരിമാത്രം.
ഇവിടെന്റെ മുന്നിൽ,
രണ്ടുപെണ്ണുങ്ങൾ,
രണ്ട് കഥകൾ,
ഒരേ നോവിന്റെ രണ്ടറ്റങ്ങൾ.
കാലങ്ങൾക്കിപ്പുറം
തോൽക്കാനിഷ്ടമില്ലാത്ത
പെണ്ണുങ്ങളുടെ കഥകൾ
എന്റെ വിരലറ്റത്തും
ചുണ്ടറ്റത്തുമിരുന്ന് വിറച്ചു.
കൂട്ടുകാരിക്കമ്മ കറിവേപ്പില
കൊടുത്തുവിട്ടപ്പോ
ഞാൻ രാധേമ്മയെ ഓർത്തു,
എന്റമ്മയെ ഓർത്തു,
രാധേമ്മേടമ്മയെ ഓർത്തു,
എനിക്കുമുന്നിലും പിന്നിലും
നടന്ന പെണ്ണുങ്ങളെയത്രയും
ഓർത്തോണ്ടിരുന്നു.
ഇവർക്കിടയിലൊക്കെയും
ഞാൻ മൂന്നാമത്തേത്.
മൂന്നാമത്തെ കാലം,
മൂന്നാമത്തെ നോവ്,
മൂന്നാമത്തെ ചിരി,
മൂന്നാമത്തെ കഥ.
എന്റെയുള്ളുകരഞ്ഞു.
ഞാനിവിടെന്റമ്മയുടെ കഥ.
ഞാനിവിടെന്നും രണ്ടുപെണ്ണുങ്ങളുടെ
കഥകേട്ടിരിക്കുന്ന
മൂന്നാമത്തെ കഥ.
ഞാനിവിടെന്റെ പെണ്ണുങ്ങളുടെ കഥകൾ.
ഞാനിവിടെന്റെ പെണ്ണുങ്ങളുടെ
കഥപറച്ചിലുകാരി.
ഞാനിവിടെ കഥയില്ലാത്തൊരു കവിത.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.