ഫോട്ടോ സ്റ്റോറി
നിധീഷ് കെ ബി
കൊറോണ രണ്ടാം വയസിലേക്കു നടന്നു കൊണ്ടിരിക്കുന്നു. ഒന്ന് സ്വതന്ത്രമായി പുറത്തേക്കു ഇറങ്ങുവാനോ യാത്രകളും മറ്റും പോകുവാനോ പറ്റാതെ നമ്മൾ എല്ലാം അടച്ചു പൂട്ടി ഇരിപ്പാണ്. ആദ്യത്തെ ലോക്ക് ഡൌൺ നിങ്ങളെ പോലെ തന്നെ എന്നിലും മാനസികമായി പിരിമുറുക്കങ്ങൾ ഉണ്ടാക്കിയിരുന്നു. അതു കുറക്കുന്നതിനു വേണ്ടി വീടിനു ചുറ്റുപാടും പക്ഷികളെയും ഇത്തിരി കുഞ്ഞൻമാരേയും നിരീക്ഷിക്കാൻ തുടങ്ങി. പക്ഷികളായി മൈന, കാക്ക കുട്ടുറുവൻ തുടങ്ങിയ സാധാരണ കാണാറുള്ളവരിൽ ഒതുങ്ങി നിന്നു. അങ്ങനെയാണ് ഈ ഇത്തിരി കുഞ്ഞൻമാരുടെ ലോകത്തിലേക്കു ഇറങ്ങി ചെല്ലുന്നത്. ആദ്യമൊക്കെ അധികം ആരെയും കണ്ടിരുന്നില്ല എങ്കിലും ശ്രമം തുടർന്ന് കൊണ്ടേയിരുന്നു. കൂടുതൽ ശ്രദ്ധയോടെ ഓരോ ദിവസവും അവരുടെ ലോകത്തിലേക്കു വീണ്ടും വീണ്ടും ഇറങ്ങി ചെന്നുകൊണ്ടിരുന്നു. അപ്പോഴാണ് ഞാൻ എത്തിയത് ഒരു അത്ഭുത ലോകത്തെക്കാണെന്ന് മനസ്സിലായത്. ഇപ്പോൾ വെറുതെ ഒന്ന് കണ്ണോടിച്ചാൽ തന്നെ പലയിടത്തും അവരെ കാണുന്നുണ്ട്. എത്ര എത്ര ജോലികളാണ് അവർ ഒരു ദിവസം ചെയ്തു പോരുന്നത് എന്നത് എന്നിൽ ആശ്ചര്യം ഉളവാക്കയിരുന്നു. ഒരു പക്ഷെ നമ്മൾ മാതൃകയാക്കേണ്ട ജീവികളാണ് അവ. തേൻ നുകരുന്നതും, പരാഗണം നടത്തുന്നതും തുടങ്ങി നമുക്ക് ദോഷമായ കീടങ്ങളെ നശിപ്പിക്കുന്നത് മുതൽ ഒട്ടനവധി കാര്യങ്ങൾ.. മനുഷ്യരാശിയുടെ നിലനിൽപ് തന്നെ അവരുടെ കരങ്ങളിലാണെന് നമ്മൾ പലപ്പോഴും മറന്നു പോകുന്നു. അനിയന്ത്രിതമായ കീടനാശിനി പ്രയോഗത്താലും വനനശീകരണവും ആഗോളതാപനവും എല്ലാം ഇവരെ ഭൂമിയിൽ നിന്നും തുടച്ചു മാറ്റികൊണ്ടിരിക്കുന്നു. ഇവരും ഈ ഭൂമിയുടെ അവകാശികളാണ് ഇവരും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
ഇതിലെ എല്ലാ ചിത്രങ്ങളും എന്റെ വീട്ടിലെ പൂന്തോട്ടത്തിൽ നിന്നും പറമ്പിൽ നിന്നും എടുത്തതാണ്.
ഇതു പോലെ നിങ്ങളുടെ ചുറ്റുപാടും ഇവരുണ്ട്. സമയം കിട്ടുമ്പോഴൊക്കെ അവരെ കൂടുതൽ അറിയാൻ നമുക്ക് ശ്രമിക്കാം.
Two tailed spider വളരെ പരന്ന ശരീരമുള്ള ഇവക്ക് അവസാന ജോഡി നൂല്ഉത്പാദന അവയവങ്ങൾ വാല് പോലെ പുറത്തേക്കു നീണ്ടുനില്കുന്നത് കൊണ്ടാണ് ഇരട്ടവാലൻ ചിലന്തി എന്ന് പേര് വന്നത്
Stingless bee മറ്റു തേനീച്ചകളെ പോലെ ഇവർ കുത്താറില്ല, പക്ഷേ അവയുടെ കൂടുകൾ അസ്വസ്ഥമായാൽ കടിച്ചുകൊണ്ട് പ്രതിരോധിക്കും.