വായന
ഭാഗ്യശ്രീ രവീന്ദ്രൻ
നീലച്ചടയൻ ഒരു നല്ല പുസ്തകമാണ്. മടുപ്പില്ലാതെ തുടർന്ന് വായിപ്പിക്കുന്നുണ്ട് അഖിൽ. എട്ടുകഥകളിലായി അഖിൽ വരച്ചിടുന്ന ജിയോഗ്രാഫി, അവിടെ ജീവിക്കുന്ന മനുഷ്യർ, അവരുടെ പാരസ്പര്യം, വിശ്വാസം, രാഷ്ട്രീയം എല്ലാം നന്നായിരിക്കുന്നു. ഹൈലി പൊളിറ്റിക്കൽ ആണ് ഇതിലെ ഓരോ കഥകളും. എന്നാൽ രാഷ്ട്രീയം പറയാൻ വേണ്ടി എന്തേലും എഴുതി വച്ചിരിക്കുന്ന ഫീലും ഇല്ല. സിനിമാറ്റിക് ആയ എൻഡിങ് പലകഥകളിലും കാണാൻ കഴിയും. എത്ര സംഘർഷഭരിതമായ ജീവിതാവസ്ഥകളിൽ ആണെങ്കിലും ഏറ്റവും ആശ്വാസകരമായ ബിന്ദുവിൽ കഥകൾ അവസാനിക്കുന്നു. മിക്ക കഥകളുടെയും അവസാനം ശ്രദ്ധിച്ചാൽ മനസ്സിലാകും വരാനിരിക്കുന്നത് അല്ലെങ്കിൽ ഇനിയങ്ങയോടുള്ള തുടർച്ചകൾ ഒട്ടും ആശ്വസിക്കാവുന്നതല്ല എന്ന്. ചെക്കിപ്പൂത്തണ്ട , നരനായാട്ട് , നീലച്ചടയൻ, ഇത് ഭൂമിയാണ്, വിപ്ലവപുഷ്പാഞ്ജലി, മൂങ്ങ, ശീതവാഹിനി തുടങ്ങി എല്ലാ കഥകളും ഒരു തുടക്കം മാത്രമാണ്. എങ്ങോട്ടേക്കുള്ള ബസിലും കേറിപ്പോകാൻ തയ്യാറായി ഇടക്കാലാശ്വാസത്തിന്റെ കവലയിൽ ഈ കഥകളെല്ലാം വിശ്രമിക്കുകയാണ്.
അതെ പോലെ പലകഥകളിലും അസാധാരണനായ ഒരു ഹീറോയെ കാണാൻ കഴിയുന്നുണ്ട്. സൃഷ്ടി, സ്ഥിതി , സംഹാരകൻ ഇതിലേതെങ്കിലും ആയ ഒരു അവതാരത്തിന്റെ പിറവി പലകഥകളിലും കാണാൻ കഴിയും. പ്രധാനമായും ഈ അവതാരങ്ങൾ വരുന്നത് കഥയ്ക്കവസാനമാണ്. ഉദാഹരണത്തിന് നരനായാട്ടു , നീലച്ചടയൻ , മൂങ്ങ, വിപ്ലവപുഷ്പാഞ്ജലി എന്നീ കഥകളിൽ സംഹാര മൂർത്തികളെ കാണാം. ഇതിൽ നീലച്ചടയൻ ഒഴികെ എല്ലാം പ്രതികാരം പ്രമേയമാകുന്ന കഥകൾ ആണ്. അപ്രതീക്ഷിത വ്യക്തികൾ അല്ലെങ്കിൽ അപ്രതീക്ഷിത പെരുമാറ്റം ഒക്കെയായി അവസാനം അവതാരപ്പിറവികൾ നമുക് കാണാൻ കഴിയുന്നുണ്ട്. ചിലപ്പോൾ ഒരേ കഥയിൽ തന്നെ ഇത്തരം സൃഷ്ടി സ്ഥിതി സംഹാര ഭാവങ്ങൾ കാണാൻ കഴിയുന്നുമുണ്ട്. ചെക്കിപ്പൂതണ്ട, ഇത് ഭൂമിയാണ് എന്നീ കഥകളിലെ അവതാരങ്ങൾ സംഹാരമൂർത്തികൾ അല്ല. പക്ഷെ അവസാനത്തോടടുക്കുമ്പോൾ സംരക്ഷകരാകുന്നു.
ഇങ്ങനെ കഥകളെ കോർത്തുകെട്ടാവുന്ന പല ചരടുകളും കാണാമെങ്കിലും മുഷിപ്പിക്കാത്ത നരേഷനുംഡീറ്റൈലിംഗും കഥകളുടെ ഒരു പ്രത്യേകതയാണ്. എടുത്തു പറയേണ്ട മറ്റൊരു കാര്യം സംഭാഷണങ്ങളുടെ സ്വാഭാവികതയാണ്. കൃത്ര്വിമത്തംതോന്നാത്ത ഒഴുക്കുള്ള സംഭാഷണങ്ങൾ. ഇക്കാര്യം എടുത്തു പറയാൻ കാരണം ഈയടുത്തു വായിച്ച കഥകളിൽ ഒന്നും ഇത്രയും ലോജിക്കലായ സംഭാഷണങ്ങളോ കഥാസന്ദർഭങ്ങളോ കണ്ടിട്ടില്ല. എന്നാൽ നീലച്ചടയനിലെ തന്നെ മൂങ്ങ എന്ന കഥ മേല്പറഞ്ഞതിനൊരപവാദമാണ്. മൂങ്ങയുടെ രീതി വ്യത്യസ്തമാണ്. മൂങ്ങ ഡ്രമാറ്റിക് ആയ കഥയാണ്. അതിന്റേതായ യുക്തി അതിലുണ്ട്താനും.
പോരായ്മയായിത്തോന്നിയതു, ചില അലങ്കാരങ്ങളാണ്. പുതുമയുള്ളതാണെങ്കിലും ചിലയിടത്തു അവ മടുപ്പിക്കുന്നതായി അനുഭവപ്പെടുന്നുണ്ട്. ഉദാഹരണത്തിന് “ടേബിളിൽ അസുഖമുള്ള എൻജിൻ പോലെ പുക പറത്തുന്ന ഒരു കാപ്പിയും ഇലഞ്ഞിപ്പൂക്കൾ പോലെ ചോക്ലേറ്റ് തരികൾ വീണു കിടക്കുന്ന ഒരു പ്ലേറ്റ് ഉപ്പുമാവും ഓർഡർ ചെയ്യാതെ തന്നെ വന്നു”. ഇങ്ങനെ അങ്ങിങ്ങായിക്കിടക്കുന്ന കുറച്ചു അലങ്കാരപ്പണികൾ അലങ്കോലമായപോലെ തോന്നുന്നുണ്ട്.
ഇത്തരം ചെറിയ പോരായ്മകൾ ഒഴിച്ചു നിർത്തിയാൽ, ആദ്യ സമാഹാരം കൊണ്ട് തന്നെ അഖിൽ മികച്ചൊരു കഥാകാരനാണെന്നു വ്യക്തമാക്കിയിരിക്കുകയാണ്.
പ്രസിദ്ധീകരിക്കപ്പെട്ട കഥകളുടെ സമാഹാരമായതു കൊണ്ടുമാത്രം പലരുടെയും മോശം കഥാപുസ്തകങ്ങൾ വാങ്ങി നിരാശപ്പെട്ടിട്ട് ഉണ്ട്. അങ്ങനെ നോക്കുമ്പോൾ എവിടെയും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലാത്ത കഥകളുള്ള അഖിലിന്റെ നീലച്ചടയൻ കണ്ണും പൂട്ടി വാങ്ങാം.