ഇടവഴിയിലെ കാൽപ്പാടുകൾ
എൻ ഇ ഹരികുമാർ
പെണ്ണുങ്ങൾ കല്ല്യാണീ എന്ന് വിളിച്ചപ്പോൾ അവൾ പറഞ്ഞു – ഞാൻ ഗോപാലനാ. ഞാനൊരാണാ… കുളികഴിഞ്ഞ് അവൾ ട്രൗസറെടുത്തിട്ട് അങ്ങാടിയിലേയ്ക്ക് നടന്നു.
ആണുങ്ങൾ വിളിച്ചപ്പോൾ അവൻ പരിഭവം പറഞ്ഞു – ഞാൻ കല്ല്യാണ്യാ. ഞാങ്ങളെ കൂടെയല്ല. എന്നിട്ട് ചുവന്നൊരു ബ്ലൗസെടുത്തണിഞ്ഞ് അവൻ പാല് വാങ്ങാൻ പോയി…
അങ്ങനെ പെണ്ണുങ്ങൾക്ക് അവൻ ഗോപാലനായി. ആണുങ്ങൾക്ക് കല്ല്യാണിയും. ആ ചെറുപ്പത്തിനെ നാട്ടുകാർ കല്ല്യാണിക്കോവാലൻ എന്നു വിളിച്ചു. കല്ല്യാണിയുടെ ബ്ലൗസും ഗോപാലന്റെ ട്രൗസറും ധരിച്ച് ആ മനുഷ്യൻ ജീവിതം തുടങ്ങി.
പ്രീഡിഗ്രിക്കാലത്താണ് കൊയിലാണ്ടി ടൗണിൽ കല്ല്യാണിക്കോവാലനെ കണ്ടത്. ഹോട്ടലുകളിലേയ്ക്ക് ഉന്തുവണ്ടിയിൽ വെള്ളം കൊണ്ടുകൊടുക്കുക, വിറകെത്തിയ്ക്കുക തുടങ്ങിയ പണികളിലേർപ്പെടുന്ന കറുത്ത് മെലിഞ്ഞ ഒരാൾ. പല വർണങ്ങളിലുള്ള ബ്ലൗസും കാക്കി ഹാഫ്ട്രൗസറുമണിഞ്ഞ ആ കൊച്ചു മനുഷ്യൻ ആളുകളിൽ അതിശയവും തമാശയുമുണർത്തി. ബോയ്സ് ഹൈസ്ക്കൂളിലെയും പാപ്പച്ചൻ മാഷുടെ റ്റ്യൂട്ടോറിയലിലേയും കുട്ടികൾ കമൻ്റും കൂവലുമായി പിന്നാലെ കൂടും. മുതിർന്നവർ മക്കാറാക്കും. കൈയിലും മാറിലുമൊക്കെപ്പിടിച്ച് ഞെക്കും. സഹികെടുമ്പോൾ കല്ലാണിക്കോവാലൻ തെറി പറയും. ആരെങ്കിലും സ്നേഹം ഭാവിച്ചാൽ തുറന്ന് ചിരിയ്ക്കും. അവൻ കല്ല്യാണിയാണോ , അവൾ ഗോപാലനാണോ എന്ന ആധിയിൽ നാട്ടുകാർ വട്ടം കറങ്ങി.
അങ്ങാടിത്തിരക്കിൽ ആണുങ്ങളുടേയും പെണ്ണുങ്ങളുടേയും കണ്ണേറുകൾ കൂസാതെ കല്ല്യാണിക്കോവാലൻ നടന്നു. അന്ന് മൈക്ക് സെറ്റായിരുന്നു കല്ല്യാണവീടുകളിലെ മുഖ്യതാരം. മൈക്ക് സെറ്റുകാരൻ്റെ കയ്യാളായി സംഗീതയന്ത്രത്തെ തൊട്ടും തലോടിയും ഗമയിൽ നിൽക്കുന്ന കല്ല്യാണിക്കോവാലൻ ആളുകളുടെ ഓർമ്മയിലുണ്ട്.
ബ്ലൗസ്, ട്രൗസർ കോമ്പിനേഷനിലൂടെ വലിയൊരു പ്രഖ്യാപനമായിരുന്നു കല്ല്യാണി കോവാലൻ നടത്തിയത്. സാരി/ബ്ലൗസ് – ഷർട്ട് /മുണ്ട് ധാരികൾക്കൊരു വെല്ലുവിളി. വീടോ, നാടോ, സർക്കാരോ കല്ല്യാണിക്കോവാലനെ കണക്കിലെടുത്തില്ല.
ആരുംചേർത്ത് പിടിച്ചില്ല. ചെറിയ തൊഴിലുകളിൽ വിയർപ്പൊഴുക്കി കല്ല്യാ ണിക്കോവാലൻ ജീവിച്ചു – ചുറ്റുമുയരുന്ന കൂർത്ത പരിഹാസങ്ങളെ വകവെയ്ക്കാതെ. താൻ കല്ല്യാണിയൊ അതോ ഗോപാലനോ എന്ന ആശങ്ക കല്ല്യാണിക്കോവാലനില്ലായിരുന്നല്ലൊ.
പ്രീഡിഗ്രി കഴിഞ്ഞ് ഞങ്ങളൊക്കെ പല വഴിയ്ക്ക് പിരിഞ്ഞു. കുറേക്കാലം കഴിഞ്ഞ് ശ്രദ്ധിച്ചപ്പോൾ കൊയിലാണ്ടിയുടെ നിരത്തുകളിൽ കല്ല്യാണിക്കോവാലൻ ഇല്ലായിരുന്നു.
സുന്ദരൻമാരുടെയും സുന്ദരികളുടെയും കഥകൾ, വിജയികളുടെയും സമർത്ഥന്മാരുടെയും പെരുങ്കഥകൾ പറയുന്നതിനിടയിൽ നാട് കല്ല്യാണിക്കോവാലനെ മറന്നു.
ഇങ്ങനെ പറഞ്ഞുവരുമ്പോൾ പലരുടെയും ഓർമ്മയിൽ തെളിയുന്നുണ്ടാവും – ബപ്പൻകാട്ടിലും മെയിൻ റോഡിലും മാർക്കറ്റിലും കടുംനിറബ്ലൗസും കാക്കി ട്രൗസറുമണിഞ്ഞ് ഒരു കൊച്ചുമനുഷ്യൻ ജീവിതവണ്ടിയുന്തുന്നത്.
…
നാട്ടിടവഴികളുടെ സ്പന്ദനമറിഞ്ഞു ജീവിച്ച സാധാരണ ജീവിതങ്ങളെ അടയാളപ്പെടുത്താനുള്ള ഇടമാണ് ഇടവഴിയിലെ കാൽപ്പാടുകൾ.
നിങ്ങൾക്കും എഴുതാം അങ്ങനെയുള്ളവരെക്കുറിച്ച്…
email: editor@athmaonline, WhatsApp : 8078816827