2019-ലെ നവമലയാളി സാംസ്കാരിക പുരസ്കാരത്തിന് കെ. സച്ചിദാനന്ദനെ തെരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും, പ്രശസ്തിപത്രവും, ശില്‍പവും ഉൾപ്പെടുന്നതാണ് പുരസ്കാരം. ലോക കവിതയിലേക്ക് മലയാളത്തെ നയിച്ചവരിൽ പ്രമുഖനായ സച്ചിദാനന്ദൻ കവിതയുടെ ലോകത്ത് അൻപത് വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. സാഹിത്യരംഗത്തെ പ്രതിരോധ സാന്നിദ്ധ്യമായി തുടരുന്ന അദ്ദേഹം കവിതയിലൂടെയും എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഏറ്റവും ആവശ്യമായ കാലത്ത് സജീവവും കണിശവുമായ രാഷ്ട്രീയബോധ്യം പുലർത്തിവരുന്ന വ്യക്തിത്വമാണെന്ന് ജൂറി വിലയിരുത്തി.
ജനുവരി 27ന് തൃശൂർ സാഹിത്യ അക്കാദമിയിൽ നടക്കുന്ന നവമലയാളി സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാരം സമർപ്പിക്കും. നവമലയാളി പ്രഭാഷണ പരമ്പര ഉൾപ്പടെയുള്ള വിപുലമായ സാംസ്കാരിക പരിപാടികളും അതിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. വിശദവിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് സംഘാടകസമിതി പറഞ്ഞു.