ഹരി. പി.പി.
ഏതു തെയ്യത്തിന്റെയും മുഖത്തെഴുത്തും ഓലപ്പണിയും കൈയിൽ ഭദ്രമായ വ്യക്തിത്വമാണ് തെക്കുംകര കുടുംബാംഗമായ, ഇപ്പോൾ ക്ണാവൂരിൽ താമസിക്കുന്ന, ശ്രീ സി.കെ.നാരായണൻ..
ബാല്യകാലം തൊട്ട് മാതുലനായ തെക്കുംകര കർണ്ണമൂർത്തിയോടൊപ്പം ഒട്ടേറെ അണിയറകളിൽ കൂടിക്കളിച്ചു സ്വായത്തമാക്കിയ അനുഭവപരിചയം. ഇതു മാത്രമാണ് തന്റെ കഴിവ് എന്ന് ഇദ്ദേഹം ആണയിടുന്നു.
നീലേശ്വരത്തിനു കിഴക്ക് കമ്മാടത്ത് കാവിൽ മാത്രം കമ്മാടത്ത് ഭഗവതി എന്നും മറ്റു നിരവധി സ്ഥാനങ്ങളിൽ ദണ്ഡ്യങ്ങാനത്ത് ഭഗവതി എന്ന പേരിലുമറിയപ്പെടുന്ന ഭഗവതി സ്വരൂപത്തിനായുള്ള പാളയെഴുത്തിൽ അസാമാന്യ വൈദഗ്ധ്യം സ്വായത്തമാക്കിയ വ്യക്തിത്വം. ഈ ഭഗവതിയ്ക്കായ് കോലധാരികൾ അടയാളം വാങ്ങുന്നത് ഇദ്ദേഹത്തിന്റെ കൂടി സാന്നിദ്ധ്യവും സൗകര്യവും പരിഗണിച്ചാണത്രെ…!
ആരൂഡ സ്ഥാനമായ കമ്മാടത്ത് കാവിൽ പതിനെട്ട് ചേരിക്കല്ലിനെ പ്രതിനിധീകരിച്ച് ഭഗവതിയുടെ തിരുമുടിയിൽ പതിനെട്ട് പാളകൾ നിർബന്ധമത്രേ… മററു കളിയാട്ട ദിവസങ്ങളും പരിഗണിച്ച് ഭഗവതിക്ക് ഇരുപത്തൊന്ന് പാളകൾ ദേവിയുടെ തിരുമുടിയിൽ അലങ്കരിക്കുന്നതിൽ ഇദ്ദേഹത്തിന്റെ പ്രയത്നം എടുത്തു പറയേണ്ടതാണ്: മറ്റു കാവുകളിൽ പതിനേഴോ പത്തൊമ്പതോ പാളകൾ മതിയാകും.
തെയ്യം മുടിയെടുക്കുന്ന അവസാന ദിനം മാത്രമാണ് കമ്മാടത്ത് കാവിൽ പകൽ തെയ്യം ഉണ്ടാകുന്നത് … കലശക്കാർ സ്ഥാനത്തേക്ക് കൊണ്ടുവരുന്ന പാളകൾ കൃത്യമായ അളവിൽ മുറിച്ചെടുത്ത് അതിൽ ചുകപ്പും കരിയും കൊണ്ട് രൂപങ്ങൾ എഴുതുക എന്നത് ക്ഷമ കൂടുതൽ വേണ്ടുന്ന ശ്രമകരമായ പ്രവൃത്തിയത്രെ…..
പാളയെഴുത്തിനു പുറമേ കമ്മാടത്തമ്മയുടെ ”പുള്ളെഴുത്ത് ” എന്ന മുഖത്തെഴുത്തും മടിയിൽ കിടക്കുന്ന കോലധാരിയുടെ മുഖത്ത് വിരിയിക്കാനുള്ള ഇദ്ദേഹത്തിന്റെ അന്യാദൃശമായ കഴിവിൽ നാം അത്ഭുതപ്പെട്ടു പോകും: …
താൻ സ്വായത്തമാക്കിയ കഴിവുകൾ ജനങ്ങൾ ആസ്വദിക്കുന്നുണ്ടെന്നതിൽ തൃപ്തനാണിദ്ദേഹം. എന്നാൽ അംഗീകരിക്കപ്പെടേണ്ട വേദികൾ തന്നെ തേടിയെത്തിയില്ല എന്ന വ്യഥയും ഈ മുഖത്ത് കാണുന്നു… നീണ്ട നെടുവീർപ്പിനിടയിലും ഗുരുസ്ഥാനീയനായ മാതുലന്റെ അനുഗ്രഹം എന്നും തന്നോടൊപ്പമുണ്ടെന്ന ആശ്വാസത്തിലാണ് നാരായണേട്ടനിപ്പോഴും…
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.