വിജിഷ വിജയൻ
വാഗൻട്രാജഡി ഹാളിൽ നിന്നും ഒരു പരിപാടിയ്ക്കിടെയാണ് ഞാനവളെ പരിചയപ്പെടുന്നത്. സിനിമ പകുതിയായതിന് ശേഷം തിയ്യേറ്ററിൽ കയറി വരുന്നവരെ നോക്കുമ്പോലെ ആളുകൾ അവളെ തറപ്പിച്ച് നോക്കുന്നു.
തീക്ഷ്ണഭാവത്താൽ ചിലരവളെ ഉഴിഞ്ഞെടുക്കുന്നു. ഞാനവളെ ഒന്ന് കൂടി നോക്കി.അവൾക്കൊരു ആണിന്റെ ശരീരപ്രകൃതമായിരുന്നു. ബാൾട്ടിമോർ പോലീസ് 2015 മാർച്ച് മുപ്പതിന് വെടിവെച്ചിട്ട മിയ ഹാളിന്റെ അതേ മുഖഛായ. പക്ഷേ ആള് വെളുത്തിട്ടാണ്. അവൾ വന്ന് എന്റെ അടുത്തുള്ള സീറ്റിൽ ഇരുന്നു. ഇപ്പുറത്തിരിക്കുന്ന കൂട്ടുകാരി ഷഹാന അവളെ തുറിച്ച് നോക്കുന്നു.. ഞാനവൾക്കിട്ടൊരു നുള്ള് പാസ്സാക്കി.
ഉച്ചയൂണിന്റെ ചെറിയ ഇടവേളയിലാണ് ആണിൽ നിന്നും പെണ്ണിലേക്ക് വന്നൊരുവളെ ആദ്യമായി പരിചയപ്പെടുന്നത്.
എനിക്കൊരുപാട് അറിയാനുണ്ടായിരുന്നു. കൂടെയുള്ളവരുടെ ധൃതിയിൽ ആ സൗഹൃദത്തെ പെട്ടന്ന് പിരിയേണ്ടി വന്നു.
യാത്ര പറയുമ്പോൾ ഞാനവളുടെ പേര് ചോദിച്ചു.
‘ബ്രഹന്നള ‘
അമ്മച്ഛന്റെ കാജാബീഡി മണക്കുന്ന വായിൽ നിന്നാണ് ബ്രിഹന്നളയെന്ന പേര് കേട്ടിട്ടുള്ളത്.. നിറയെ കാവുകളും, ദൈവകടാക്ഷവുമുള്ള അമ്മവീട്ടിൽ കയറിച്ചെല്ലുമ്പോൾ ഇപ്പോഴും അമ്മച്ഛന്റെ അന്തിക്കള്ള് പൂത്ത മണം വരാറുണ്ട്..
രണ്ട് ദിവസത്തെ പരിപാടിയിൽ പിറ്റേ ദിവസവും അവളെ കണ്ടു.. പുനർക്കാഴ്ചയിൽ സൗഹൃദം കൂടി.
“ദെന്താ ഇങ്ങനൊരു പേര്? ”
എനിക്ക് സംശയം..
“അക്കാമ്മ ഇട്ടതാണ്, അർജുനൻ എന്നായിരുന്നു ആദ്യത്തെ പേര്. ബ്രഹന്നള അർജുനൻ എന്ന് പേരടിച്ചാ മതി,
ഞാൻ എഫ് ബി യിൽ ഉണ്ട്.. റിക്വസ്റ്റ് അയക്കാം.”
പല തിരക്കുകളിൽപ്പെട്ട് ബ്രഹന്നളയെ മറന്നു പോയി. അല്ലെങ്കിലും സൗഹൃദങ്ങളെ എല്ലാ കാലത്തും ഒപ്പം നിർത്തുന്നതിൽ ഞാനൊരു പൂർണപരാജയമായിരുന്നു..
പെട്ടന്നൊരു രാത്രി ഞാനവളെ സ്വപ്നം കണ്ടു. രാത്രി രണ്ടുമണിക്ക് ഫ്രണ്ട് റിക്വസ്റ്റിൽ തിരഞ്ഞു. ദാ കിടക്കുന്നു.. ബ്രഹന്നള അർജുനൻ.
അറിയുന്നവർ മാത്രമുള്ള എന്റെ ഫേസ്ബുക്ക് സൗഹൃദങ്ങളിലേക്ക് പൂർണ മനസ്സോടെ ഞാനവളെ ചേർത്തു. അവർക്ക് വേണ്ടി മാത്രമാണ് ആദ്യമായി മെസ്സഞ്ചർ ഇൻസ്റ്റാൾ ചെയ്തത്.
ഞങ്ങൾ ഒരുപാട് സംസാരിക്കുമായിരുന്നു. ഒരുപാട് വിഷയങ്ങൾ ഞങ്ങൾക്കിടയിൽ ഉയർന്നു വന്നു. കൂടുതലും എന്റെ സംശയങ്ങളായിരുന്നു.
“ആണിൽ നിന്ന് എന്താ പെണ്ണിലേക്ക് വന്നേ? ”
“പെണ്ണുങ്ങൾ എന്തെല്ലാം സഹിക്കണം, ഇങ്ങക്ക് ആണ് തന്നെ ആയാ പോരെ? ”
“മാസം തോറും മെൻസസ് ആവണ്ടല്ലോ ”
എന്ന് തുടങ്ങി സകലമാന ചോദ്യങ്ങൾക്കും നല്ല മറുപടിക്കാരിയായി ബ്രഹന്നള മാറി. എന്നേക്കാൾ എട്ട് വയസ്സ് കൂടുതലായിട്ടും പേര് വിളിച്ചാൽ മതിയെന്ന് പറഞ്ഞ് ശാസിക്കാനും മടിച്ചില്ല.
മെസ്സഞ്ചർ തുറന്നപ്പോൾ ഒരു ദിവസം അവളുടെ മെസ്സേജ്.
“നിനക്ക് ആണാവാനാ ഇഷ്ടം? ”
“അതെ ”
“എന്തിനാ ”
“നിന്ന് മൂത്രമൊഴിക്കാൻ ”
“അതെന്ത് വിചിത്രസ്വഭാവമാടീ,
അതിന് മാത്രമാണോ ആണാവുന്നെ ? ”
“അല്ല ”
“പിന്നെ? ”
“രാത്രി പന്ത്രണ്ട് മണിയ്ക്ക് നിലാവെളിച്ചത്ത്
വെളിച്ചമില്ലേലും വേണ്ടില്ല കറങ്ങി നടക്കാൻ.”
“പെങ്കൊച്ചെ നിന്നെ കണ്ടാൽ പറയൂല ട്ടാ
ഇങ്ങനത്തെ കുനിഷ്ടുകളൊക്കെ ഉള്ള ഒരുത്തിയാണെന്ന്”
സത്യം പറഞ്ഞാൽ ബ്രഹന്നളയോട് സംസാരിക്കാൻ മാത്രമായിരുന്നു മെസ്സഞ്ചർ അന്നൊക്കെ ഉപയോഗിച്ചിരുന്നത്.
ട്രാൻസ്‌ജൻഡർ എന്ന പേരിനപ്പുറം വേറൊരറിവും ഇല്ലാത്ത എനിക്ക് മുൻപിൽ അവളൊരു നല്ല അധ്യാപികയായി.
ആര് വിളിച്ചാലും കൂടെ പോകണം “എന്ന് ഒരിക്കൽ പറഞ്ഞപ്പോൾ ഞാൻ ചോദിച്ചു,
“അതേതാ ആര് വിളിച്ചാലും പോകേണ്ട പണി? ”
“നീ പൊട്ടിയാണോ അതോ അഭിനയമോ? ”
അവൾ കണ്ണുരുട്ടി.
“ഞാനൊരു കോൾഗേളാടീ.. മലയാളത്തിൽ പറഞ്ഞാൽ വേശ്യ, നീ കവിതയൊക്കെ എഴുതില്ലേ, എന്തോരം കവിതകളാ നിന്റെ എഫ്ബി നിറയെ. ഇനി പ്രണയമൊക്കെ മാറ്റിപ്പിടി, അത് ഔട്ട് ഓഫ് ഫാഷൻ ആയി, എന്നെപ്പറ്റി ഒന്ന് എഴുതിക്കെ.. ”
അവളുടെ സംസാരത്തിൽ എനിക്കെന്തോ ഇഷ്ടക്കേട് തോന്നി. തകർന്ന അക്ഷരങ്ങളാൽ എങ്ങനെ കവിതയെഴുതും?
വേശ്യയെന്ന വാക്കിനെ അത് വരെ എനിക്ക് പേടിയായിരുന്നു.. എന്നാലും ബ്രഹന്നളയെ ഒഴിവാക്കാൻ മനസ്സ് സമ്മതിച്ചില്ല.. എനിക്കവരോട് വല്ലാത്ത ഇഷ്ടമായിരുന്നു. ഇടയ്ക്ക് പല തരം ആണുങ്ങളുടെയും കഥ പറയും. എനിക്കത് കേൾക്കാൻ താല്പര്യമുണ്ടായിരുന്നില്ല.അതറിഞ്ഞിട്ടാണെന്നു തോന്നുന്നു പിന്നീടവൾ ഒന്നും പറയാറില്ല.
അവളുടെ പ്രേമകഥകളൊക്കെ പൊടിപ്പും തുങ്ങലും വച്ച് പറയും, അത് കേട്ടിരിക്കാൻ രസാണ്..
എല്ലാമുണ്ടായിട്ടും ഒരു തരം ഒറ്റപ്പെടലിൽ അവൾ അസ്വസ്‌ഥയാണെന്ന് എനിക്ക് തോന്നി..
അടുപ്പം കൂടിയപ്പോഴാണ് ആണിൽ നിന്ന് പെണ്ണാവാൻ അനുഭവിച്ച അതിക്രൂരയാതനകളുടെ കഥകൾ അവൾ അഴിച്ചിട്ടത് ..
“എങ്ങനെയാ പണത്തിന് വേണ്ടി ഒരു പുരുഷനെ സ്നേഹിക്കാൻ കഴിയുന്നെ? ”
ഞാൻ ചോദിച്ചു.
“അതിനാര് സ്നേഹിക്കുന്നു? ”
“സ്നേഹിക്കാതെ എങ്ങനെയാ തൊടാൻ കഴിയുക? ”
“സാഹചര്യമാണ് മോളേ, നിനക്ക് പറഞ്ഞാൽ മനസ്സിലാവൂല”
“ചേച്ചിയ്ക്ക് വേറെന്തേലും ജോലി ചെയ്തൂടെ? ”
“ഇതല്ലേ നല്ലത്.. രണ്ടായിരം രൂപയും പിന്നൊരു സുഖവും വേറേത് ജോലിക്ക് കിട്ടും ”
“ഒരു സുഖമോ, അതെന്താ? ”
“എന്റമ്മോ ഞാൻ നിർത്തി ”
ചേച്ചി ചിരിക്കും.
സംശയങ്ങൾക്ക് ശകലം വിശ്രമം നൽകി ഞാനൊരിക്കൽ അവരുടെ ഫോൺ നമ്പർ ചോദിച്ചു.
“വേണ്ടടി മോളേ, എന്റെ ഫോണ് സെയ്ഫ് അല്ല.നിന്നെ കണ്ടിട്ട് ഏതോ നല്ല കുടുംബത്തിലെയാണെന്ന് തോന്നുന്നു.
എന്നോടുള്ള കൂട്ട് തന്നെ നിനക്ക് ദോഷം ചെയ്യും.”
ഒന്നുകൂടി എന്നെ കാണാൻ അവർക്ക് ആഗ്രഹമുണ്ടായിരുന്നു, എനിക്കും. ഒരു വിദ്യാരംഭത്തിന്റെ അന്ന് രാവിലെ എനിക്ക് മെസ്സേജ് വന്നു.
“നീ തുഞ്ചൻ പറമ്പിൽ വരുമോ? ”
“വരാം ”
അന്നാണ് ഞങ്ങൾ മൂന്നാം തവണ കണ്ടത്.. ഒരുപാട് സംസാരിച്ചു. പുസ്തകങ്ങൾക്കിടയിലൂടെ കൈ പിടിച്ചുനടന്നു.
എനിക്കൊരു പുസ്തകം സമ്മാനമായി വാങ്ങി തന്നു. ഞാനൊരു ജിമിക്കി അവൾക്കും സമ്മാനിച്ചു.
ഒരു ദിവസം വല്ലാതെ വാശി പിടിച്ച് അവരെന്നോട് പറഞ്ഞു.. വേശ്യയെന്ന തൊട്ടാൽ പൊള്ളുന്നൊരു കവിത വേണം .
വേഗം വേണമെന്ന വല്ലാത്ത നിർബന്ധം.
“തൊട്ടാൽ പൊള്ളുന്ന കവിതയൊന്നും എഴുതാൻ എനിക്കറിഞ്ഞൂട..
കവിത വേഗം വരുന്നൊരു വസ്തുവുമല്ല.”
ഞാൻ ഉടക്കി. പിന്നെ അവളൊന്നും മിണ്ടീല.
അന്ന് നട്ടപ്പാതിരയ്ക്കാണ്
“കാറ്റിന്റെ മായികഗന്ധം മടുത്തു,
പുരുഷന്റെ മാദകഗാത്രം മടുത്തു ”
എന്ന് തുടങ്ങുന്ന ഗണിക’യെന്ന കവിത പിറക്കുന്നത്.
“അറിയില്ലയീ ജന്മം മുഴുവൻ എന്നെയാനന്ദിപ്പിക്കുവാൻ
വരില്ലയിനി ആരുമെന്നുറക്കെ –
പ്പാടിയിതാ ഗണിക വീണ്ടും ”
എന്നവസാനിപ്പിച്ച് അവൾക്കയച്ചു. അയച്ച മാത്രയിൽ വലതുവശം അവളുടെ തലവട്ടം തെളിഞ്ഞു. പിന്നെ കുറേ ഹൃദയചിഹ്നങ്ങളും.
ഞാനന്ന് അറിയാതെ ഉറങ്ങിപ്പോയി.. പിറ്റേന്ന് ബ്രഹന്നളയെ എഫ്ബി യിൽ കുറേ തിരഞ്ഞു. കാണുന്നില്ല.
കവിതയുമായി അവളെങ്ങോട്ടാണ് പോയതെന്നറിഞ്ഞില്ല. മൗനം കൊണ്ട് അവളെന്നെ മുറിവേൽപ്പിച്ചിട്ട് വർഷങ്ങൾ കടന്നു പോയി.. ഇപ്പോഴും ബ്രഹന്നള അർജുനണെന്ന പ്രിയസഖിയെ ഫേസ്ബുക്ക് ഫീഡിൽ ഞാൻ തിരയാറുണ്ട്..
ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല. ചരമക്കോളത്തിൽ തിരയാൻ മനസ്സ് അനുവാദം തരാറില്ല. ജീവിച്ചിരിപ്പുണ്ടെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.
വിജിഷ വിജയൻ..