ഗോത്ര സംസ്‌കാരത്തെ അടുത്തറിയാൻ വേദിയൊരുക്കി ‘നങ്കആട്ട’

0
600

തുടികൊട്ടിക്കയറിയ താളത്തിനൊപ്പം ഗോത്ര നൃത്തച്ചുവടുകൾ താളാത്മകമായതോടെ ഗോത്ര പാരമ്പര്യത്തിലേക്കുള്ള ശീലുകളാണ് ഉയർന്നു കേട്ടത്. വേദിയും ചുറ്റുപാടും ഒരു നിമിഷം ഗോത്ര തന്മയത്തിലേക്ക് ലയിച്ചു ചേർന്നു. സമ്പന്നമായ പൈതൃകം ഉൾക്കൊള്ളുന്ന വ്യത്യസ്ത ആദിവാസി വിഭാഗങ്ങളെ അടുത്തറിയാനുള്ള വേദിയൊരുക്കിയതിലൂടെ ജില്ലാ കുടുംബശ്രീ മിഷനും അഭിമാനിക്കാം. ആദിവാസി മേഖലയിലെ പരമ്പരാഗത പ്രവർത്തനങ്ങളുടെ പരിപോഷണത്തിനും പ്രോത്സാഹനത്തിനും ആദിവാസി തനത് സംസ്‌കാരത്തെ അടുത്തറിയുന്നതിനുമായാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരിയിൽ ‘നങ്കആട്ട 2018’ ഗോത്രമേള സംഘടിപ്പിച്ചത്. കുടുംബശ്രീ പട്ടിക വർഗ്ഗ സുസ്ഥിര വികസന പദ്ധതിയിലുൾപ്പെടുത്തിയായിരുന്നു പരിപാടി.

വയനാട് ജില്ലയിലെ വിവിധ ആദിവാസി ഗോത്രകലകളുടെ പ്രദർശനം, പാരമ്പര്യ ഭക്ഷ്യമേള, ആദിവാസി വൈദ്യം, തനത് ഉൽപന്നങ്ങളുടെ പ്രദർശനവും വില്പനയും, ഗോത്ര സംസ്‌കാരിക ഫോട്ടോ പ്രദർശനം, ചിത്ര പ്രദർശനം, ‘ഗോത്ര മുന്നേറ്റം സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയത്തിൽ സെമിനാറും നടന്നു. വട്ടക്കളി, കമ്പള നൃത്തം, കോൽക്കളി, ഗദ്ദിക, വടക്കൻ പാട്ട്, നെല്ല് കുത്ത് പാട്ട് എന്നിവ അരങ്ങിലെത്തിയതോടെ വീണ്ടും വയനാടിന്റെ തനത് തുടിയുയർന്നു കേട്ടു. പ്രകൃതി ദത്തമായ ആദിവാസി ഭക്ഷണ വിഭവങ്ങൾ ഉൾപ്പെടുത്തിയ ‘താളും തകരയും’ ഭക്ഷ്യമേളയും വേറിട്ട രുചി പകർന്നു. ആദിവാസി മേഖലയിൽ നിന്നുള്ള ആളുകളെ ഉൾപ്പെടുത്തിയാണ് കുടുംബശ്രീ കാറ്ററിംഗ് ഗ്രൂപ്പ് രൂപീകരിച്ചത്. പരിശീലനവും സാമ്പത്തിക സഹായവും നൽകി വനിതാ സംരഭ ഗ്രൂപ്പുകളെ സാമ്പത്തികമായി ശാക്തീകരിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി നവംബർ 26 മുതൽ 28 വരെ വയനാടൻ തനതു വിഭവങ്ങളൊരുക്കി കൽപ്പറ്റ വിജയാ പമ്പ് പരിസരത്ത് ഭക്ഷ്യമേളയും സംഘടിപ്പിക്കും. മികച്ച കായിക താരങ്ങളെ കണ്ടെത്തി പരിശീലനം നല്‍കി ‘ഗോത്രശ്രീ’ വയനാട് എന്ന പേരിൽ കുടുംബശ്രീ ഫുട്‌ബോൾ ടീമിനെ വാർത്തെടുക്കാനും ലക്ഷ്യമുണ്ട്. പട്ടിക വർഗ്ഗ യൂത്ത് ക്ലബ്ബുകൾക്കായി ജില്ലാതലത്തിൽ അത്‌ലറ്റിക്‌സും പാരമ്പര്യ അമ്പെയ്ത്ത് മത്സരവും അടുത്ത ദിവസങ്ങളിൽ നടക്കും.

ഗോത്രമേള സുൽത്താൻ ബത്തേരി മുനിസിപ്പൽ ടൗൺ ഹാളിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ ടി.എൽ. സാബു അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി. സാജിത മുഖ്യപ്രഭാഷണം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here