Homeസാഹിത്യംനന്തനാർ: മനസ്സിന്റെ താഴ്‌വരയില്‍ വിടരുന്ന നൊമ്പരപ്പൂ

നന്തനാർ: മനസ്സിന്റെ താഴ്‌വരയില്‍ വിടരുന്ന നൊമ്പരപ്പൂ

Published on

spot_img

നിധിൻ. വി. എൻ

ഇഷ്ടമില്ലാത്ത ജീവിതം ജീവിക്കേണ്ടി വരുമ്പോൾ മരണത്തെക്കുറിച്ച് ചിന്തിക്കുന്നത് സ്വഭാവികമാണ്. ജീവിതത്തോടുള്ള മടുപ്പല്ല, അടങ്ങാത്ത ആഗ്രഹമാണ് ഒരാളെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. ആഗ്രഹിച്ച ജീവിതം നേടാനാവാത്തതിന്റെ നിരാശയുടെ പ്രതിഫലനമാണ് ആത്മഹത്യയെന്ന് പറയുമെങ്കിലും, ജീവിതത്തോടുള്ള തീവ്രമായ പ്രണയമാണത്. അതൊരു തരത്തിൽ പ്രതിഷേധത്തിന്റെ സ്വരം കൂടിയാണ്.

“സ്വാദിഷ്ഠമായ ആഹാരത്തെപോല സുഖകരമായ മരണത്തെ സുകുമാരൻ ഇഷ്ടപ്പെടുന്നു. സുഖമായി അത്താഴമൂണു കഴിഞ്ഞു വന്നുറങ്ങുക. എന്നിട്ട് പിറ്റേന്ന് പിറ്റേന്നല്ല, എന്നുമെന്നും ഉണരാതിരിക്കുക, ഉറക്കത്തിലങ്ങു മരിക്കുക. എത്ര സുഖകരമായ മരണമാണത്? ആർക്കും ബുദ്ധിമുട്ടില്ല”. “ആത്മാവിന്റെ നോവുകളി”ലെ എഴുത്തുകാരന്റെ തന്നെ പ്രതിബിംബമെന്ന് വിശേഷിപ്പിക്കാവുന്ന സുകുമാരനെ കുറിച്ചുള്ള വിവരണമാണിത്. മരണത്തിലേക്ക് നടന്നടുക്കുന്ന തന്നെക്കുറിച്ചുള്ള തന്റെ തന്നെ വെളിപ്പെടുത്തലായിരുന്നു നന്തനാരുടെ എഴുത്തുകൾ. ടോൾസ്റ്റോയിയുടെ സുപ്രസിദ്ധങ്ങളായ കൊസ്സാക്ക് കഥകളെ ഓർമ്മിപ്പിക്കുന്നവയെന്ന് എൻ.വി.കൃഷ്ണവാര്യർ രേഖപ്പെടുത്തിയ നന്തനാർകൃതികളിൽ മലബാർ കലാപവും, ഇന്ത്യാ-പാക് വിഭജനവും, ഹിന്ദു-മുസ്ലീം ലഹളയും  കഥകളുടെ ജീവസ്പന്ദനങ്ങളായി മാറി.

1926 മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് പരമേശ്വര തരകന്റെയും നാണിക്കുട്ടിയമ്മയുടെയും മകനായി ജനിച്ച പി.സി.ഗോപാലൻ, തമിഴ് ശിവഭക്ത സന്യാസിയായിരുന്ന നന്ദനാരോടുള്ള ആദരസൂചകമായാണ് നന്തനാർ എന്ന തൂലികാനാമം സ്വീകരിച്ചത്. 1942 മുതൽ 1964 വരെ പട്ടാളത്തിൽ സിഗ്നൽ വിഭാഗത്തിൽ ജോലി നോക്കിയ നന്തനാർ, 1965 മുതൽ മൈസൂരിൽ എൻ.സി.സി ഇൻസ്ട്രക്റ്ററായിരുന്നു. തുടർന്ന് 1967 മുതൽ ഫാക്ടിൽ (ദി ഫെർട്ടിലൈസേഴ്സ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്) പബ്ലിസിറ്റി വിഭാഗത്തിൽ ജോലിയിലിരിക്കെ തന്റെ 48-ാം വയസ്സിലാണ് ആത്മഹത്യ ചെയ്തത്. ഏഴു നോവലുകളും,ഒരു നാടകവും, പതിനൊന്ന് കഥാസമാഹാരവും അടങ്ങുന്നതാണ് നന്തനാരുടെ രചനാലോകം. ബാല്യം മുതൽ താൻ അനുഭവിച്ചറിഞ്ഞ കഷ്ടപ്പാടുകൾ കഥയിൽ അവതരിപ്പിച്ചിട്ടുള്ള നന്തനാരുടെ കഥാപാത്രങ്ങൾ പാവപ്പെട്ടവരും സാധാരണക്കാരും മണ്ണിന്റെ മണവും പ്രകൃതിയുടെ കനിവും അറിഞ്ഞ ഹൃദയ നൈർമല്യമുള്ളവരാണ്.

നന്തനാരുടെ രചനകൾ പരിശോധിച്ചാൽ അദ്ദേഹത്തിന്റെ സർഗ്ഗാത്മകത ഏറ്റവും കൂടുതൽ പടർന്നു പന്തലിച്ചിരിക്കുന്നത് ആത്മാവിന്റെ നോവുകൾ എന്ന നോവലിലാണ്. ഈ നോവൽ, “സൈൻ ഫോർ ദ ഡൗൺ” എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. നഗരത്തിൽ നിന്നും നാലു കിലോമീറ്റർ അകലെയുള്ള കന്റോൺമെന്റാണ് “ആത്മാവിന്റെ നോവുകളുടെ” ഉപരിതലം. പട്ടാളക്കാരുടെ കഥ പറയുന്ന ഈ നോവലിൽ അവരുടെ ജീവിത ദുരിതങ്ങളും ചിട്ടവട്ടങ്ങളും നാം തൊട്ടറിയുന്നു. പട്ടാള ബാരക്കുകൾ, ഓഫീസർമാരുടെ ചെറു ബംഗ്ലാവുകൾ, ഗോൾഫ് ഗ്രൗണ്ട്, ഫയറിംങ് റേഞ്ച്, ട്രാൻസ്മിറ്റിംഗ് സ്റ്റേഷൻ, ഡിവിഷണൽ സിഗ്നൽ റെജിമെന്റ് എന്നിവിടങ്ങളിലൂടെ ഈ നോവൽ വികസിക്കുന്നു. പോറ്റി, അയ്യർ, സുകുമാരൻ, വർഗ്ഗീസ് തുടങ്ങിയ കഥാപാത്രങ്ങളിലൂടെ പട്ടാള ക്യാമ്പിലെ ദുരവസ്ഥകൾ ഭംഗിയായി കോറിയിട്ടിരിക്കുന്നു. വായനയ്ക്കവസാനം നോവലിന്റെ പേരിനെ കുറിച്ച് നാം ചിന്തിക്കുന്നു. അതെ, ഇവിടെ ആത്മാവിന് നോവേറ്റ എഴുത്തുകാരനുണ്ട്. ഈ കഥ അദ്ദേഹത്തിന്റെയും കൂടിയാണ്‌. നൊമ്പരങ്ങളുടെ സങ്കലനമായ ഈ കഥയിലെ മിക്ക കഥാപാത്രങ്ങും വിഷാദത്തിന്റെ മേലങ്കിയണിഞ്ഞിരിക്കുന്നു. നാട്ടിൽ കഴിയുന്ന തന്റെ അഞ്ചു പെൺമക്കളെക്കുറിച്ചോർത്ത് വിതുമ്പുന്ന തങ്കൻപ്പിള്ളയും, വീട്ടുകാരുടെ നിരന്തരമായ ആക്ഷേപത്തിൽ സഹിക്കെട്ട് പട്ടാളത്തിൽ ചേർന്ന് ഒടുവിൽ ഏരിയൽ കെട്ടാൻ മരത്തിൽ കയറുമ്പോൾ വീണു മരിക്കുന്ന പാർത്ഥസാരഥി അയ്യരും, ആത്മ സംഘർഷങ്ങൾ ഉള്ളിലൊതുക്കുന്ന സുകുമാരനും ആ നിരയിലെ ചില കണ്ണികളാണ്. 1964-ൽ കേരളസഹിത്യ അക്കാദമി പുരസ്കാരം ആത്മാവിന്റെ നോവുകൾക്കായിരുന്നു.

1965-ൽ പുറത്തിറങ്ങിയ “അറിയപ്പെടാത്ത മനുഷ്യജീവികളാ”യിരുന്നു നന്തനാരുടെ ആദ്യ നോവൽ. അനുഭൂതികളുടെ ലോകം(1965), മഞ്ഞക്കെട്ടിടം (1968), ഉണ്ണിക്കുട്ടൻ വളരുന്നു (1969), ആയിരം വല്ലിക്കുന്നിന്റെ താഴ്‌വരയില്‍ (1971), അനുഭവങ്ങൾ (1975) എന്നിവയാണ് മറ്റ് രചനകൾ. ജീവിതത്തിൽ നിന്നും വിരമിക്കാൻ തയ്യാറായ ഒരാളുടെ ആത്മഭാഷണമായി “അനുഭവങ്ങളെ ” കാണാം. ഈ കൃതിയെ അടിസ്ഥാനമാക്കി നന്തനാരുടെ ജീവിത സന്ദർഭങ്ങളെയും, കഥാസന്ദർഭങ്ങളെയും കോർത്തിണക്കി എം.ജി.ശശി 2007-ൽ അടയാളങ്ങൾ എന്ന ചിത്രം സംവിധാനം ചെയ്തു. ആ വർഷത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും ആ ചിത്രത്തിനു തന്നെയായിരുന്നു.

പ്രമേയത്തിൽ നിന്ന് മാറ്റി നിർത്താനാവാത്ത വിധം വിഷാദഛായ ഉള്ളതായിരുന്നു നന്തനാരുടെ കഥാപാത്രങ്ങൾ. സ്വ-ജീവിതവും അത്തരത്തിലുള്ളതിനാലാവാം 1974-ൽ പാലക്കാട്ടെ ഒരു ലോഡ്ജിൽ തന്റെ ജീവിതത്തിന്  അദ്ദേഹം നിത്യവിരാമമിട്ടത്. നന്തനാർ ഓർമ്മയായിട്ട് ഇന്നേക്ക് 44 വർഷങ്ങൾ, മനസ്സിന്റെ താഴ്‌വരയില്‍ വിടർന്നു നിൽപ്പുണ്ടൊരു നൊമ്പരപ്പൂ.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ട്രക്കിങ്ങില്‍ വഴി തെറ്റുന്നത് നല്ലതാണ്

Travel തിര ഉത്തരാഖണ്ഡ് യാത്രയില്‍ അധികമാരും പോയിട്ടില്ലാത്ത സ്ഥലമാവും ചോപ്ത -ചന്ദ്രശില. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് വന്യജീവിസങ്കേതത്തിന്റെ ഭാഗമായ പുല്‍മേടുകളുടെയും നിത്യഹരിതവനമേഖലയുടെയും ഒരു...

പൂവാൽമാവ്

(കവിത) വിനോദ് വിയാർ മതിലീന്ന് തലവെളിയിലിട്ടാണ് മാവിൻ്റെ നിൽപ്പ് ഇലകൾ കൊണ്ട് ചിരി കായകൾ കൊണ്ട് തലയെടുപ്പ് കാറ്റിനൊപ്പം കൂടി വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി, പൂവാൽമാവ്. പേരിട്ടത് ഞാനായതുകൊണ്ട് എന്നോടാണ് ദേഷ്യം, ഒറ്റമാങ്ങ...

എന്റെ സന്ദേഹങ്ങൾ

(കവിത) കെ.ടി അനസ് മൊയ്‌തീൻ   1 കത്തി കൊണ്ട് കുത്തിയതല്ല. വിഷം കൊടുത്തതല്ല. തള്ളിത്താഴെയിട്ടതല്ലേയല്ല. രാവിലെയെണീറ്റപ്പോൾ എനിക്കിഷ്ടമല്ലെന്നു പറഞ്ഞതാണ് ഹേതു. ഈ കേസെടുത്തവന്റെ സന്ദേഹപ്പട്ടികയിൽ എന്റെ കൈകൾ പ്രതി ചേർക്കപ്പെടില്ല. 2 ആ കുന്നിലാണ് നിന്നെയടക്കുന്നത്. മറ്റൊരാൾക്ക് നിന്റെ ചൂട് കായാൻ...

കണ്ണീരും സംഗീതവും ഇഴചേര്‍ന്ന ബാബുക്കയുടെ ജീവിതം ബിച്ച ഓര്‍ക്കുമ്പോള്‍

The Reader’s View അന്‍വര്‍ ഹുസൈന്‍ "അനുരാഗഗാനം പോലെ അഴകിൻ്റെ അല പോലെ ആരു നീ ആരു നീ ദേവതേ" പ്രണയിനിയെ വിശേഷിപ്പിക്കാൻ ഈ മനോഹര വരികൾ...

More like this

ട്രക്കിങ്ങില്‍ വഴി തെറ്റുന്നത് നല്ലതാണ്

Travel തിര ഉത്തരാഖണ്ഡ് യാത്രയില്‍ അധികമാരും പോയിട്ടില്ലാത്ത സ്ഥലമാവും ചോപ്ത -ചന്ദ്രശില. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് വന്യജീവിസങ്കേതത്തിന്റെ ഭാഗമായ പുല്‍മേടുകളുടെയും നിത്യഹരിതവനമേഖലയുടെയും ഒരു...

പൂവാൽമാവ്

(കവിത) വിനോദ് വിയാർ മതിലീന്ന് തലവെളിയിലിട്ടാണ് മാവിൻ്റെ നിൽപ്പ് ഇലകൾ കൊണ്ട് ചിരി കായകൾ കൊണ്ട് തലയെടുപ്പ് കാറ്റിനൊപ്പം കൂടി വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി, പൂവാൽമാവ്. പേരിട്ടത് ഞാനായതുകൊണ്ട് എന്നോടാണ് ദേഷ്യം, ഒറ്റമാങ്ങ...

എന്റെ സന്ദേഹങ്ങൾ

(കവിത) കെ.ടി അനസ് മൊയ്‌തീൻ   1 കത്തി കൊണ്ട് കുത്തിയതല്ല. വിഷം കൊടുത്തതല്ല. തള്ളിത്താഴെയിട്ടതല്ലേയല്ല. രാവിലെയെണീറ്റപ്പോൾ എനിക്കിഷ്ടമല്ലെന്നു പറഞ്ഞതാണ് ഹേതു. ഈ കേസെടുത്തവന്റെ സന്ദേഹപ്പട്ടികയിൽ എന്റെ കൈകൾ പ്രതി ചേർക്കപ്പെടില്ല. 2 ആ കുന്നിലാണ് നിന്നെയടക്കുന്നത്. മറ്റൊരാൾക്ക് നിന്റെ ചൂട് കായാൻ...