വിവിധ കാരണങ്ങളാൽ പാതിവഴിയിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നവർക്ക് ചിറകാവുകയാണ് ‘നയീ മൻസിൽ’. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന വൈ.ജി.സി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് ലോകബാങ്ക് സഹായത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച നയീ മൻസിൽ പദ്ധതി തീരപ്രദേശങ്ങളായ തെക്കേപ്പുറം, വെള്ളയിൽ എന്നീ പ്രദേശങ്ങളിൽ നടപ്പിലാക്കുന്നത്. വിവിധ കാരണങ്ങളാൽ പാതിവഴിയിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നവർക്ക് എട്ടാം തരം അല്ലെങ്കിൽ പത്താം തരം ഔപചാരിക വിദ്യാഭ്യാസം പൂർത്തിയാക്കുക, നൈപുണ്യ പരിശീലനം നൽകി തൊഴിലുറപ്പിക്കുക എന്നീ കാര്യങ്ങൾക്കാണ് പദ്ധതിയിൽ പ്രാധാന്യം.
ആറു മാസത്തെ ബ്രിഡ്ജ് കോഴ്സിനു ശേഷം മൂന്ന്‍ മാസം സ്കില്‍ ട്രെയിനിംഗ് എന്ന രീതിയിലാണ് പദ്ധതി. ഫാഷന്‍ ഡിസൈനിംഗ്, കേക്ക് നിര്‍മാണം, ഫുഡ് പ്രോസസിംഗ്, മൊബൈല്‍ ഫോണ്‍ റിപയറിംഗ്, സി.സി.ടി.വി റിപയറിംഗ് തുടങ്ങി പഠിതാക്കള്‍ക്ക് താല്‍പര്യമുള്ള വിഷയങ്ങളില്‍ സ്കില്‍ പരിശീലനം നേടാം. വെള്ളയില്‍, തെക്കേപ്പുറം എന്നീ പ്രദേശങ്ങളില്‍ നിന്ന്‍ ഇതിനകം നാനൂറിലധികം പേരാണ് പദ്ധതിയില്‍ റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമാവുന്ന വ്യക്തിക്ക് 10,500 രൂപ സ്റ്റൈപ്പന്റ് ആയി പരിശീലന കാലയളവിൽ ലഭിക്കുന്നതാണ്. 17 വയസ്സിനും 35 വയസ്സിനും ഇടയിൽ പ്രായമുള്ള മുസ്ലിം, ക്രിസ്ത്യൻ, സിഖ് മതവിഭാഗങ്ങളിൽപ്പെട്ട എട്ടാം തരമോ പത്താം തരമോ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാത്തവർക്കാണ് നയി മൻസിൽ പദ്ധതിയിൽ അംഗങ്ങളാവാൻ സാധിക്കുക. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് തൊഴിൽ ലഭിക്കുന്നതിനും സ്വയം സംരംഭകത്വത്തിനും എല്ലാവിധ സഹായങ്ങളും പദ്ധതിയിലൂടെ ലഭ്യമാവും.
ഒമ്പത് മാസത്തോളം തുടരുന്ന പരിശീലനത്തിനായി കുണ്ടുങ്ങൽ ഗവ യു.പി സ്കൂളിലും കുറ്റിച്ചിറ ഗവ ഹയർ സെക്കണ്ടറി സ്കൂളിലും കേന്ദ്രങ്ങളുണ്ട്. ഈ മാസാവസാനം ക്ലാസുകള്‍ ആരംഭിക്കും. വിവിധ റെസിഡൻഷ്യൽ അസോസിയേഷനുകളുടെ സഹകരണത്തോടെ കുണ്ടുങ്ങൽ, കുത്തുകല്ല്, പടന്ന, പള്ളിക്കണ്ടി, നൈനാംവളപ്പ്, കോതി, സൗത്ത് ബീച്ച്, ചാപ്പയിൽ എന്നീ മേഖലകളിൽ പദ്ധതി അവതരണം നടത്തി. നൈനാംവളപ്പ് ഫുട്ബോള്‍ അസോസിയേഷന്‍, മിഷൻ ഫോർ എംപവർമെന്റ് ഓഫ് തെക്കേപ്പുറം സൊസൈറ്റി, സി.ജി.ഇ.ടി, ഫാറൂഖ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് എന്നിവരുടെ സഹകരണത്തോടെയാണ് ഈ പ്രദേശങ്ങളിൽ പദ്ധതി നടപ്പിലാക്കുന്നത്.