സമയത്തെ മാറ്റുന്ന ആന്റിക്ലോക്ക്

0
1052

പോൾ സെബാസ്റ്റ്യൻ

അനർഹമായ ധനം, പരിധികളില്ലാത്ത അധികാരം, അതിരുകളില്ലാത്ത കാമം എന്നിവ വ്യക്തികളെ മാത്രമല്ല, സമൂഹത്തെയും, മതത്തെയും നശിപ്പിക്കും. പന പോലെ വളരുന്ന ദുഷ്ടതയിൽ കാഴ്ച നഷ്ടപ്പെട്ടവർക്ക്‌ തങ്ങൾക്ക് വേണ്ടി ശവപ്പെട്ടിയൊരുക്കി കാത്തിരിക്കുന്ന കാലത്തിന്റെ നീതിയെ കാണാനാവില്ല. സമയത്തിന്റെ ഓരോ മിടിപ്പിനുമിടയിലുമുള്ള നിശ്ചലതയിൽ നീതിയുടെ സൂചികൾ സത്യത്തിന്റെ ദിശയിലേക്ക് സഞ്ചരിക്കുന്നു. നിരീശ്വരൻ, പുറപ്പാടിന്റെ പുസ്തകം, ചോരശാസ്ത്രം, ദത്താപഹാരം തുടങ്ങിയ നോവലുകളിലൂടെ മലയാള നോവൽ സാഹിത്യത്തിൽ തന്റേതായ ഇടമുറപ്പിച്ച വി.ജെ. ജയിംസിന്റെ ഏറ്റവും പുതിയ നോവലാണ് ആന്റിക്ലോക്ക്.

നിസ്സഹായനായ ഹെൻട്രി എന്ന ശവപ്പെട്ടിക്കടക്കാരന്റെ ഹൃദയവ്യഥകളോടെയാണ് നോവലിന്റെ ആദ്യ അധ്യായങ്ങൾ പുരോഗമിക്കുന്നത്. തന്റെ ഭാര്യയെ കളങ്കപ്പെടുത്താൻ ശ്രമിക്കുകയും വീടിന്റെ അടിത്തറയിളക്കുകയും ചെയ്ത സാത്താൻ ലോപ്പോയുടെ സമ്പത്തും സ്വാധീനവും വർധിച്ചു വരുന്നത് ഹെൻട്രിയെ അസ്വസ്ഥതപ്പെടുത്തുന്നുണ്ട്. “കണ്ണിനു കാഴ്ചയില്ലാത്ത എന്റെ റൊസാരിയോസ്, പക്ഷിക്കുഞ്ഞിനെപ്പോലെ ശാന്തയായ എന്റെ റോസലിൻ, പുസ്തകപ്രിയനായ എന്റെ അൽഫോൻസ്, വിശുദ്ധമാലാഖയെപ്പോലെ സുന്ദരിയായ എന്റെ ബിയാട്രിസ്… ഓ ദൈവമേ, നീ എന്തുകൊണ്ടെന്നെ ഉപേക്ഷിച്ചു…. കണ്ണും കാതും ഹൃദയവുമില്ലാത്ത അവസ്ഥക്കാണോ ദൈവമെന്ന് പേരുവിളിക്കുന്നതെന്ന് ഞാൻ സന്ദേഹിച്ചുപോകുന്നുവെങ്കിൽ നിനക്കെന്നെ കുറ്റപ്പെടുത്താൻ എന്തവകാശം?” എന്ന് ഹെൻറി പറഞ്ഞു പോയെങ്കിൽ നമുക്കയാളെ കുറ്റപ്പെടുത്താനാവില്ല. സമയത്തിന്റെ പ്രതിചലനത്തിലൂടെ ഈ ദുരവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താനാവുമെന്ന പ്രതീക്ഷയിൽ പണ്ഡിറ്റ് എന്ന വയോവൃദ്ധൻ നിർമിക്കുന്ന ആന്റിക്ലോക്ക് ഹെൻട്രിയുടെ സമയത്തെ മാറ്റുകയായിരുന്നു. ഒരു പക്ഷെ സമയത്തെ ഹെൻഡ്രിയിലൂടെയും മാറ്റുകയായിരുന്നു.

വ്യത്യസ്തമായ കഥാ പശ്ചാത്തലമാണ് ആന്റിക്ലോക്കിൽ നമ്മെ ആദ്യം ആകർഷിക്കുക. ഒരു ശവപ്പെട്ടി പണിയുന്നയാളുടെ ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്. അയാളുടെ കാഴ്ചപ്പാടിലൂടെ ലോകത്തെ നോക്കിക്കാണുന്നതിന് പ്രത്യേകതകളുണ്ട്. അയാൾക്ക് മാത്രം കാണാവുന്ന ചില കാഴ്ചകൾ ഈ നോവൽ നമുക്ക് നൽകുന്നു. “ശവപ്പെട്ടി പണിയുന്നവന് ഒരുവനെ കാണുന്ന മാത്രയിൽ തന്നെ അവന്റെ ഉടലളവ് ഗണിക്കാനും ഒത്ത പെട്ടിയൊന്ന് മനസ്സിൽ രൂപപ്പെടുത്താനുമാവും. ജീവിതത്തെ മൂടിയടച്ച് യാത്രയയയ്ക്കാനുള്ള അന്തിമ കൂടാരമാണത്. മരിച്ചവർ കേവലം മരിച്ചവർ മാത്രമല്ലെന്ന് മരണമനുഭവിച്ചവർക്കും പിന്നെ ശവപെട്ടി നിർമ്മിക്കുന്നവനുമേ അറിയൂ.” “സ്വന്തപ്പെട്ടവരുടെ മരണത്താൽ ഏതെങ്കിലും വീടുകൾക്ക് ഈസ്റ്ററും ക്രിസ്തുമസും നഷ്ടപ്പെട്ടാൽ മാത്രമേ ശവപ്പെട്ടിക്കാരന് അവ ആഘോഷിക്കാൻ പറ്റിയെന്നു വരൂ. ആരെങ്കിലും മരിച്ചാൽ പോരാ, അതൊരു ക്രിസ്ത്യാനികൂടി ആവണം എന്നൊരു മതപരമായ വിവേചനം കൂടിയുണ്ടതിൽ.” “ഒന്നോർത്താൽ എന്റെയീ കട തന്നെ മരിച്ച ഒരുവൻ പാർക്കുന്ന വലിയ ശവപ്പെട്ടിയല്ലേ.” എന്ന് ചിന്തിച്ചു തുടങ്ങുന്ന ഹെൻട്രിയുടെ ചിന്ത പിന്നെയും പോകുമ്പോൾ, “ദേഹം പൊതിഞ്ഞു പിടിക്കുന്ന ചർമ്മം തന്നെയല്ലേ ശരിക്കുമുള്ള ശവപ്പെട്ടി. പെട്ടിക്കുള്ളിൽ നിന്ന് ലോകത്തെ നിരീക്ഷിക്കുമ്പോൾ ഞാൻ അകത്തും ലോകം പുറത്തുമാണ്. പെട്ടിക്ക് പുറത്തിറങ്ങുമ്പോൾ ഞാൻ എന്റെ ലോകത്തിൽ പ്രവേശിക്കുന്നു.” പുരുഷന്മാരുടേത് മാത്രമായ ലോകമാണ് ശവപ്പെട്ടിക്കാരുടേത്. അവിടേക്ക് കടന്നു വരുന്ന ഗ്രേസി എന്ന ശവപ്പെട്ടിപ്പണിക്കാരി ആധുനിക കാലത്തിലെ മാറ്റത്തിന്റെ ദിശാ സൂചിക കൂടിയാണ്. ചുരുക്കത്തിൽ ഒരു ശവപ്പെട്ടിക്കടയെ മുഴുവൻ ലോകത്തിലേക്കും കാലത്തേക്കും വിപുലീകരിച്ചിരിക്കുകയാണ് നോവലിസ്റ്റ്.

ശക്തരായ കഥാപാത്രങ്ങളാണ് നോവലിന്റ ഒരു പ്രധാന ശക്തി. പ്രതികാരം ഉള്ളിലുള്ളപ്പോഴും അത് പുറത്തു പ്രകടിപ്പിക്കാനാവാതെ അവസരത്തിനായി കാത്തിരിക്കുന്ന ഹെൻട്രി എന്ന പ്രധാന കഥാപാത്രവും മാന്യതയുടെ മൂടുപടത്തിനുള്ളിലും ദുഷ്ടത കൊട്ടാരം പണിയുന്ന സാത്താൻ ലോപ്പൊ എന്ന പ്രതിനായകനും ഉഗ്രനായി. പറയാതെ മറച്ചു വെച്ചിരുന്ന പ്രണയത്തിനുമപ്പുറം തന്റെ കടമയെ പിന്തുടർന്ന ഗ്രേസി, നാട്ടിലെ വിപ്ലവ പ്രസ്ഥാനങ്ങളുടെ നേതാവായ കരുണൻ, കരുണന്റെ മകൾ ശാരി, ഹെൻട്രിയുടെ സുഹൃത്ത് ആന്റപ്പന്റെ മകനും ശാരിയുടെ കാമുകനുമായ ഡേവിഡ്, ലോപ്പോയുടെ ജർമ്മനിയിൽ നിന്നുള്ള മരുമകൾ മദാമ്മ, നൂറ്റിപ്പന്ത്രണ്ട് വയസ്സുള്ള പണ്ഡിറ്റ് എന്നിങ്ങനെ ചുരുക്കം കഥാപാത്രങ്ങളെ പ്രകടമായി ഈ നോവലിൽ ഉള്ളൂവെങ്കിലും ഇവരെയെല്ലാം പലതിന്റെയും പ്രതിനിധികളാക്കി നോവലിന്റെ വ്യാപ്തി വർധിപ്പിക്കാൻ ജെയിംസിന് സാധിക്കുന്നുണ്ട്. മാനവികതയുടെ പ്രതീകമായി ഹെൻട്രിയെ നില നിർത്തിയ നോവലിസ്റ്റ് സ്ത്രീ പീഡനവും പരിസ്ഥിതി നശീകരണവും സമ്പത്തിന്റെ ദുർവിനിയോഗവും എന്ന് വേണ്ട, വ്യക്തിയിലും സമൂഹത്തിലും മതത്തിലുമുള്ള എല്ലാ ദുഷ്ചെയ്തികളുടെയും പ്രതീകമായാണ് സാത്താൻ ലോപ്പോയെ അവതരിപ്പിക്കുന്നത്. അധിനിവേശത്തിന്റെ പ്രലോഭനങ്ങളെപ്പറ്റിയും സ്വാധീനത്തെപ്പറ്റിയും മദാമ്മയിലൂടെ സൂചിപ്പിക്കുമ്പോൾ അതിലൂടെ കടന്നു വരുന്ന ഫാസിസത്തെപറ്റി സൂചിപ്പിക്കാനായി മദാമ്മയെ ജർമ്മൻകാരി തന്നെയാക്കുന്നുണ്ട്. ബിയാട്രീസും ഗ്രേസിയും ശാരിയും മൂന്നു കാലഘട്ടത്തിലെ സ്ത്രീകളാണ്. ഡേവിഡിലൂടെയും ശാരിയിലൂടെയുമാണ് നോവലിസ്റ്റ് താൻ വിഭാവനം ചെയ്യുന്ന നല്ല നാളേക്കുള്ള വഴി വെട്ടുന്നത്. സാങ്കേതികതയുടെ പുരോഗതിയോട് ചേർന്നു വേണം നമ്മുടെ പടയൊരുക്കം എന്നതിൽ എഴുത്തുകാരന് സംശയമില്ല.

നോവലിന്റെ കഥാ തന്തു തീർത്തും ലളിതവും നേർത്തതുമാണ്. അത്തരമൊരു കഥാതന്തുവിനെ വിപുലീകരിച്ചു 336 പേജ് ഉള്ള ഒരു നോവലാക്കി തീർത്തതിലും അതിലേക്ക് വിവിധ കാഴ്ചപ്പാടുകളെ സമർത്ഥമായി ഇഴ ചേർത്തത്തിലും നോവലിസ്റ്റ് കാണിച്ച മിടുക്ക് എടുത്തു പറയേണ്ടതാണ്. വായനക്കാരുടെ ഹൃദയത്തെ നൊമ്പരപ്പെടുത്തുന്ന സന്ദർഭങ്ങൾ ആന്റിക്ലോക്കിൽ കുറവാണ് എന്നാണ് എനിക്ക് തോന്നിയത്. അവസരങ്ങളുണ്ടായിട്ടും അതിനെ ഹൃദയത്തിന്റെ ഭാഷയിൽ അവതരിപ്പിക്കാൻ നോവലിസ്റ്റിന് പൂർണ്ണമായി കഴിഞ്ഞില്ല എന്ന് തോന്നി. ഇവിടെ ഒരു പക്ഷെ, നിരീശ്വരനുമായുള്ള താരതമ്യം സ്വാധീനിച്ചിരിക്കാനുള്ള സാധ്യത ഞാൻ തള്ളിക്കളയുന്നില്ല. എന്നിരിക്കിലും നോവലിന്റെ തുടക്കത്തിലും അവസാനത്തിലും വായനക്കാരുടെ ഹൃദയമിടിപ്പുകൾ കൂട്ടും വിധം ഉദ്വേഗജനകമായി കഥയെ അവതരിപ്പിച്ചിട്ടുണ്ട് എഴുത്തുകാരൻ. അതിലുപരിയായി കൈകാര്യം ചെയ്യുന്ന വിഷയങ്ങളെ സത്യസന്ധമായും നന്നായും അവതരിപ്പിച്ചിട്ടുണ്ട് എന്നതാണ് നോവലിന്റെ വിജയം.

അധികാരത്തോടുള്ള വിധേയത്വം അഴിമതിയെ വളർത്തുന്നു. “യജമാനപ്രീതിക്കായി വാൽ താഴ്ത്തിയിട്ട് ഇടയ്ക്കിടെ കുരച്ചുകൊണ്ടിരുന്നാൽ മതി. അതു തന്നെയല്ലേ അധികാരത്തിന്റെ പിൻവാതിക്കല്‍ കാത്തുകെട്ടിക്കിടക്കുന്ന ചില മനുഷ്യരിൽ കാണുന്നതും. സാത്താൻ ലോപ്പോയെ കാണുമ്പോൾ, ഇല്ലാത്ത വാലിന്റെ തുടക്കദേശത്ത്, നട്ടെല്ലിന്റെ തെക്കേ മുനമ്പിൽ ഒരനക്കം അനുഭവപ്പെടുന്ന വിധേയർ പലരുണ്ടയാൾക്ക്.” നിസ്സഹായരായ ജനതയ്ക്ക് പിറുപിറുക്കനേ കഴിയൂ. തിന്മക്കെതിരെ പ്രതികരിക്കാത്തവർ ഷണ്ഡന്മാരാണ്. ഒരു ജനതയെ തന്നെ ഷണ്ഡീകരിച്ചിരിക്കുന്ന അവസ്ഥയാണുള്ളതെങ്കിലോ? “ഉപയോഗിക്കാതെ തുരുമ്പെടുത്തുപോയ താക്കോലായിത്തീർന്നിരിക്കുന്നു എന്നിലെ പുരുഷയിടം” എന്ന ഹെൻട്രിയുടെ ചിന്ത സമകാലീന ഭാരതത്തിന് നന്നായി ചേരും.

ജനങ്ങളോട് ഉത്തരവാദിത്വമുള്ള ഒരു ജനാധിപത്യ ഗവണ്മെന്റ് ഉണ്ടാവേണ്ടതിന്റെ ആവശ്യകത പറയുമ്പോഴും ഇപ്പോൾ നിലനിൽക്കുന്ന രീതിയെ വേദനയോടെയാണ് നോവലിസ്റ്റ് നോക്കിക്കാണുന്നത്. “ഏത് പെട്ടിയിലിട്ട് ആണിയടിച്ചാലും മരിച്ചടക്കപ്പെട്ട സർക്കാരുകൾ അഞ്ചു വർഷം കൂടുമ്പോൾ മാറി മാറി ഉയിർത്തെഴുന്നേൽക്കുന്നത് കണ്ടു കണ്ട് അതൊരു പുതുമയില്ലാത്ത കാഴ്ചയായിക്കഴിഞ്ഞു ജനത്തിനെന്ന് ഇരു കൂട്ടരും സൗകര്യപൂർവ്വം മറക്കുന്നു”. വികസനം ജനങ്ങൾക്ക് പൊതുവായും അതിൽ ബന്ധപ്പെടുന്നവർക്ക് നേരിട്ടും നന്മയ്ക്കായിരിക്കണം. “എല്ലാ വികസനവും ചിലർക്ക് ആർഭാടം നൽകുമ്പോൾ ചിലരുടെ ജീവിതം തന്നെ തകർക്കുന്നത് എന്തൊരു ക്രൂരതയാണെന്നെനിക്ക് പ്രതിഷേധം തോന്നി. അവരെ മാന്യമായി മാറ്റിപ്പാർപ്പിച്ച് ഉപജീവനത്തിന് വക കണ്ടെത്താൻ വഴിയൊരുക്കുന്ന ഏതെങ്കിലും നേരമുള്ള നേതാവ് ഭരണത്തിലുണ്ടായെങ്കിലെന്ന് ഞാൻ ആശിച്ചു.” എന്നിടത്ത് പൊതുജനത്തിന്റെ നിസ്സഹായത വ്യക്തമാണ്. ജനാധിപത്യമെന്നത് ഭൂരിപക്ഷത്തിന് മാത്രമല്ല എല്ലാ ജനങ്ങൾക്കും വേണ്ടിയുള്ളതായിരിക്കണം. സമൂഹത്തിൽ നടമാടുന്ന ഏകാധിപത്യം എന്ന രോഗത്തെ നോവലിസ്റ്റ് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. “എതിർപ്പിന്റെ സ്വരങ്ങളെ രാജ്യദ്രോഹക്കുറ്റം ചുമത്തി ചതിച്ചു കൊല്ലുന്നു. അന്ധതേം സുഖലോലുപതേം അധികാരത്തിന്റെ ലക്ഷണമായി മാറുമ്പം അവൻ വെറുമൊരു വ്യക്തിയല്ല. ദുഷിച്ചുപോയ വ്യവസ്ഥിതി തന്നെ. അങ്ങനൊരുവനെ തകർക്കാനുള്ള കരുത്തുമായി ചരിത്രത്തിൽ പുതിയൊരു ആന്റിക്ലോക്ക് ഉണ്ടാവാതെ വയ്യ. അപ്പോൾ കൂടെ നിന്നവർ തന്നെ അവനെതിരെ തിരിയും”. നമ്മുടെ പാർട്ടികളും പ്രസ്ഥാനങ്ങളും സ്വയം ശുചീകരിക്കേണ്ടിയിരിക്കുന്നു. “ഏതൊരു മഹാപ്രസ്ഥാനത്തിന്റെയും അപചയം സംഭവിക്കുന്നത് സ്വയം ശുദ്ധനാകാത്ത ഒരാൾ അതിന്റെ അമരത്ത് പിടിമുറുക്കുമ്പോഴാണെന്ന് ചരിത്രം പഠിക്കുമ്പോഴൊക്കെ എനിക്കും തോന്നിയിട്ടുണ്ട്. മിക്കവാറും അയാൾക്കുള്ളിൽ ഒരു ഏകാധിപതിയുടെ രോഗബീജങ്ങൾ വളര്‍ന്നുണ്ടാവും”. ഈ ഏകാധിപത്യ പ്രവണത മുതലാക്കിയാണ് അധിനിവേശ ശക്തികൾ നമ്മളിൽ പിടി മുറുക്കുക.

“ദൂരെയിരുന്ന് വികാരം കൊള്ളുന്നവർക്ക് എന്തും പറയാം. അവർ യുദ്ധത്തെയോ ജീവിതത്തെയോ നെഞ്ചു വിരിച്ച് നേരിട്ടിട്ടില്ലാത്തോരാണ്. ഒന്നെനിക്കറിയാം. ഒരു യുദ്ധവും ഒന്നും നേടിത്തരില്ലെന്ന്. കിട്ടിയെന്ന് കരുതണ സ്വാതന്ത്ര്യവും ശാശ്വതമല്ല തന്നെ. അടിമത്തത്തിന്ന് മറ്റൊരു അടിമത്തത്തിലേക്കുള്ള യാത്രയാണ് ചരിത്രമെന്ന് സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാവും”. ഈ അടിമത്തത്തിലേക്ക് നാം പോകണമോ എന്നതാണ് ആന്റിക്ലോക്ക് നമ്മോട് ചോദിക്കുന്നത്. നമ്മെ മോഹിപ്പിച്ച് അവരുടെ കാര്യം നടത്താൻ ശ്രമിക്കുന്ന അധിനിവേശത്തിന്റെ പ്രലോഭനങ്ങളെ എത്ര നിശിതമായാണ് ആക്ഷേപഹാസ്യത്തിലൂടെ എഴുത്തുകാരൻ അവതരിപ്പിക്കുന്നതെന്ന് നോക്കുക. “മുട്ടിനു മുകളിൽ അവസാനിക്കുന്നതും ട്രൗസറിനെ ഓർമിപ്പിക്കുന്നതുമായ ഒരു വസ്ത്രമായിരുന്നു മദാമ്മയുടെ അരക്കെട്ട് മറച്ചത്….. കോളറും കൈയുമില്ലാത്ത ഒരു കറുത്ത ബനിയനായിരുന്നു മദാമ്മയുടെ ബാക്കി വസ്ത്രം. അതിലൂടെ അവരുടെ ഇളകിത്തുള്ളുന്ന മാറിടങ്ങളുടെ സമൃദ്ധി ഇപ്പോൾ താഴെ വീഴുമെന്ന മട്ടിൽ തങ്ങിനിൽക്കുന്നത് കാണാം. വീണുകിട്ടാൻ ഇടയുള്ള പ്രലോഭനങ്ങളിൽപ്പെട്ടതിനാലാവണം വഴിവക്കിലുള്ളവർ ഒളിഞ്ഞും പാത്തുമുള്ള നോട്ടങ്ങളിൽ ഏർപ്പെടുന്നത്”. “വെളുവെളുത്ത നിറമുള്ള ഈ പെണ്ണിന് സാത്താൻ ലോപ്പോയെപ്പോലെ കറുപ്പുനിറമുള്ള തിമോത്തിയോസിനോട് അടുപ്പം തോന്നിയതെങ്ങനെയെന്ന് എന്റെ മനസ്സ് അന്നേരം സംശയം ചോദിച്ചു. കറുത്തവർ വെളുപ്പിൽ സൗന്ദര്യം കണ്ടെത്തുന്നതുപോലെ ഒരുപക്ഷെ തിരിച്ചും സംഭവിക്കുന്നുണ്ടായിരിക്കുമോ? ആർക്കറിയാം, ജർമ്മിനിയിലൊക്കെ ഇപ്പോൾ ഇതാണോ ട്രെൻഡെന്ന്” എന്ന് പറയുമ്പോഴും മദാമ്മയുടെ നോട്ടം ആന്റിക്ലോക്കിലേക്കെത്തുന്നു എന്നിടത്ത് നോവലിസ്റ്റ് ഉദ്ദേശിച്ചത് വ്യക്തം.

ശവപ്പെട്ടിക്കാരനെക്കുറിച്ചുള്ള നോവലിൽ മരണം ഒരു പ്രധാന വിഷയമാവാതിരിക്കാൻ വഴിയില്ലല്ലോ. മരണവിചാരങ്ങൾ ഈ നോവലിൽ ഒരു നിഴൽ പോലെയുണ്ട്. ഇതിലെ ഒരു മുഴുവൻ അദ്ധ്യായം മരണ പ്രസംഗമാണ്. ഒരു പക്ഷെ ആത്മാക്കളുടെ ദിവസത്തിൽ ഒരു പുരോഹിതന് നേരിട്ട് പറയാവുന്നത്ര മികവോടെ അതെഴുതിയിട്ടുമുണ്ട്. “ഏതൊരു മരച്ചോട്ടിൽ ചെന്ന് നോക്കിയാലും കാണാം ഭേദപ്പെട്ടൊരു കാറ്റിൽ പോലും വീണു കിടക്കുന്ന അനവധി പച്ചിലകൾ. അങ്ങനെയെങ്കിൽ, അവിചാരിതമായി ആഞ്ഞു വീശുന്നൊരു കൊടുങ്കാറ്റിൽ എത്രയെത്ര പച്ചിലകൾ ഞെടുമ്പറ്റ്‌ പൊഴിഞ്ഞു വീഴാതിരിക്കില്ല”. “ഒളിച്ചിരുന്ന് ലോകത്തെ നിരീക്ഷിക്കുമ്പോഴാണ് അതിന്റെ പൊള്ളത്തരം നമുക്ക് മനസ്സിലാവുന്നത്…… താന്താങ്ങളുടെ പെട്ടിക്കു നേരെ ഒന്ന് തിരിഞ്ഞു നോക്കാൻ പോലും ആവാത്ത വിധം ജീവിതവുമായി അത്രയ്ക്കങ്ങ് ഒട്ടിപ്പോയിരിക്കുന്നു അവർ. ഭാവം കണ്ടാൽ ഒരിക്കലുമവർ മരിക്കില്ലെന്ന് തോന്നും. എന്നാലോ ശവപ്പെട്ടിയുടെ ബോർഡ് പോലെത്തന്നെ തുരുമ്പെടുത്ത് നശിക്കാറായ സ്ഥിതിയിലാണ് പല ജന്മങ്ങളും. ഇതാ ഇവരിലൊരുവന്റെയുള്ളിൽ അർബുദം വളരുന്നുണ്ട്. ഇനിയുമൊരുവന്റെ ഹൃദയം പൊട്ടാൻ നിമിഷങ്ങൾ മതി. ആ പോവുന്ന മൂന്നാമൻ അടുത്ത വളവു തിരിയുമ്പോൾ ഒരു ഭ്രാന്തൻ വാഹനത്തിന്റെ അടിയിൽ പെടും. എന്നിട്ടുമീ മനുഷ്യർ…” ഇനി കുറെ പേർ പാറമേൽ വീണ വിത്ത് പോലെയാണ്. “സെമിത്തേരി കാണുമ്പോൾ മാത്രം ജീവിതത്തിന്റെ അസ്ഥിരതയെക്കുറിച്ച് വിചാരപ്പെടുന്ന ആ അവസ്ഥയ്ക്ക് ചുടലജ്ഞാനം എന്നാണ് പേരെന്ന് അപ്പനാണെനിക്ക് പറഞ്ഞു തന്നിട്ടുള്ളത്. ഒന്നും ശാശ്വതമല്ലെന്ന് ഓർത്തു നിന്ന അതെ മനുഷ്യർ പക്ഷെ, സെമിത്തേരിക്ക് പുറത്തിറങ്ങുന്നതോടെ എല്ലാം നിസ്സാരമായി വിസ്മരിക്കുകയും വിദ്വേഷത്തിന്റെയും മത്സരത്തിന്റെയും ലോകത്തിൽ അവനവനെ വീണ്ടും സ്ഥാപിക്കുകയും ചെയ്യും.”

ക്രിസ്ത്യൻ വിശ്വാസത്തെയും അതിന്റെ ആധ്യാത്മികതയെയും നല്ല വണ്ണം മനസ്സിലാക്കിയിട്ടുള്ളയാളാണ് വി.ജെ. ജെയിംസ്. ആ വിശ്വാസത്തിന്റെ നവീകരണത്തിനും എഴുത്തുകാരൻ തന്റെ നോവൽ ഒരവസരമാക്കുന്നുണ്ട്. “എല്ലാ സമ്പന്നതേടേം ഒടേതമ്പുരാൻ പെറന്നത് ഇല്ലായ്മകളുടെ കാലിത്തൊഴുത്തിലാടാ. കൊട്ടാരം പോലത്തെ പള്ളിപണിഞ്ഞ് അതിനുള്ളിലൊര് കീറത്തുണി കൊണ്ട് നഗ്നത മറച്ച് തൂങ്ങിക്കെടക്കാൻ വിടുന്നു നമ്മളവനെ. അവൻ പക്ഷെ പിറക്കാൻ തിരഞ്ഞെടുക്കണത് പുൽകൂടിന്റെ എളിമയുള്ള മനസ്സുകളാ. ബലിയല്ല, കരുണയാണവൻ ആവശ്യപ്പെട്ടത്. ആത്മാവിലും സത്യത്തിലുമുള്ള ആരാധനയാണ് ഏറ്റോം വെല്യ ആരാധനയെന്ന വചനം വിളിച്ചുപറേണത് ആരും കേക്കാണ്ട് പോണതെന്തിരാണ്?” എന്നും “കല്ലറയിൽ വെച്ച ധനികരായ ആത്മാക്കളെയാണോ പാഴ്മണ്ണിൽ ലയിച്ച പാവപ്പെട്ടവരെയാണോ അന്ത്യവിധിനാളിൽ കർത്താവ് വലതുഭാഗത്തു നിർത്തുകയെന്ന് എനിക്കെപ്പോഴും സന്ദേഹം തോന്നാറുണ്ട്.” എന്നും ആകുലപ്പെടുന്ന നോവലിസ്റ്റ്, “സ്വർഗ്ഗരാജ്യം അവനവനിൽ തന്നെയാണെന്ന് തിരിച്ചറിഞ്ഞോന് സ്തുതിക്കാനല്ലാണ്ട് പ്രാർത്ഥിക്കാൻ ഒരു കാരണം പോലും കാണില്ലടാ…” എന്ന് തന്റെ കഥാപാത്രങ്ങളെക്കൊണ്ട് പറയിക്കുന്നുണ്ട്. വിശുദ്ധവചനങ്ങളെ അക്ഷരാർത്ഥത്തിലല്ല വ്യാഖ്യാനിക്കേണ്ടത് എന്നും ശരിയായ അർത്ഥത്തിൽ അവ എത്ര മഹത്തരമാണെന്നും നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട് ആന്റിക്ലോക്ക്. ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ എന്ന മലയിലെ പ്രസംഗത്തിലെ വചനത്തെ നോവലിസ്റ്റ് തെളിച്ചു പറയുന്നത് നോക്കുക. “പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് പോലെ, ഭൂമിയിൽ ദാരിദ്ര്യമനുഭവിക്കുന്നവർക്കെല്ലാം ദൈവരാജ്യത്തിൽ തീനും കുടിയുമനുഭവിക്കാം എന്നല്ല അതിനർത്ഥം. ആത്മാവിൽ ഉണ്ടാവേണ്ടത് ആഗ്രഹങ്ങളുടെ ദാരിദ്ര്യമാണ്. ആശയൊഴിഞ്ഞ് ശൂന്യമാകുന്ന മുറയ്ക്ക് ആത്മാവ് അതിനെ സ്വയം പ്രകാശനശേഷി പ്രദർശിപ്പിച്ച് നിങ്ങളിൽ തന്നെയുള്ള ദൈവരാജ്യത്തിന്റെ അനുഭവം നൽകുമെന്ന വാഗ്ദാനമാണത്.” ഇതിനെ കൂടുതൽ ലഘൂകരിച്ചു മറ്റൊരിടത്ത് പറയുന്നു. “ആരുടേയും ആഗ്രഹത്തിന് ലോകം പരിധി വെച്ചിട്ടില്ല. എന്നാൽ അവനവൻ തന്നെ അവനവന് പരിധി വച്ചില്ലെങ്കിൽ അതപകടവുമാണ്.”

“ഏത് രാജ്യത്തിൻറെ നിർമ്മിതി എന്നതല്ല, കൃത്യസമയം കാണിക്കുന്നുവോ എന്നാണ് നിയന്താവ് നോക്കുക. സമയം തെറ്റിക്കുന്നത് ക്ലോക്കിന്റേതല്ലാതെ സമയത്തിന്റെ പ്രശ്നമല്ലല്ലോ. സ്വന്തം ക്ലോക്കാണ് ശരിയെന്ന് ശഠിച്ച് മത്സരിക്കുന്നവർ ഒരു കഷണം നിശ്ചലതയെ അനുഭവിച്ച ശേഷം സമയത്തേക്ക് തിരിഞ്ഞ് അതിനെ അറിയാൻ ശ്രമിക്കട്ടെ” എന്ന് ആന്റിക്ലോക്കിന്റെ സന്ദേശത്തെ ചുരുക്കാം. വിശ്വമാനവീകതയെ സ്വപ്നം കാണുന്നവയാണ് വിശ്വപ്രശസ്തമായ നോവലുകൾ. അത്തരമൊരു വിശാലകാഴ്ചപ്പാട് ആന്റിക്ലോക്കിനുണ്ട്. അടരുകളിൽ ചിന്തകളൊളിപ്പിച്ച ഈ നോവലിന്റെ പെയിന്റിംഗ് വേണമെങ്കിൽ അല്പം കൂടെ നന്നാക്കാമായിരുന്നു എന്നൊരഭിപ്രായമുണ്ടെങ്കിലും കെട്ടിടം നല്ല പാറമേൽ ഉറപ്പുള്ള കല്ലു കൊണ്ട് നല്ല സിമെന്റിൽ പണിതതാണ് എന്നുറപ്പിച്ചു പറയാം. അത് കൊണ്ട് തന്നെ സുരക്ഷിതമായ താമസത്തിന് ഉത്തമം. ആനുകാലികമായ വിഷയങ്ങളെ ശക്തമായി കൈകാര്യം ചെയ്തിരിക്കുന്ന ആന്റിക്ലോക്ക് എഴുത്തിന്റെ കലയിൽ ജയിംസിന്റെ മികച്ച കരവിരുതിന്റെ തെളിവാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here