നാട് കടക്കും വാക്കുകൾ – ‘കുഞ്ഞി’

0
168

 

അനിലേഷ് അനുരാഗ്

കുട്ടികൾ വളർന്ന് മുതിർന്നവരാകുമെന്ന് ഞാൻ കരുതുന്നില്ല. പൂജ്യത്തിൽ നിന്ന് മരണത്തിലേക്ക് വരച്ച, വളർച്ചയുടെ രേഖീയമായ തുടർയാത്രയാണ് ജീവിതമെന്നത് ഒരു ജീവശാസ്ത്രപരമായ ധാരണയാണ്; പക്ഷെ,ഇതുവരെ ഒഴുകിക്കടന്ന ജീവിതഘട്ടങ്ങളെക്കുറിച്ച് ഒന്നോർത്തു നോക്കൂ; പരസ്പരമേതുമില്ലാത്ത ദ്വീപുകൾ മാത്രമാണവയെന്ന ഉൾബോധമാണ് നമുക്കുണ്ടാവുക: ഒന്നും വളർന്ന് മറ്റൊന്നാകുന്നില്ല. ശൈശവം ബാല്യത്തിലേക്ക് വളരുന്നില്ല; ബാല്യത്തിന് കൗമാരം അപരിചിതമാണ് ; കൗമാരം യൗവനത്തെ അറിയുകപോലുമില്ല; യൗവനം വാർദ്ധക്യത്തെ അംഗീകരിക്കുന്നില്ല; മരണമാണെങ്കിലോ മറവിയുടെ പൂർണ്ണതയാണ്. ഓരോ ദശയിലും പരസ്പരം പങ്കുവയ്ക്കപ്പെടാത്ത അർത്ഥങ്ങൾ, അനുഭൂതികൾ, വ്യഥകൾ,യാതനകൾ.

താരതമ്യപ്പെടുത്തലൊന്നുമില്ലാതെ തന്നെ ബാല്യം ഗുണപരമായി ഉൽകൃഷ്ടമാണ്. ബോധത്തിൽ ഭൂമിയെ അറിഞ്ഞുതുടങ്ങുന്ന അവസരമാണത്. ഉടലിലെ ഓരോ രോമകൂപവും ഓരോ ഇന്ദ്രിയമായി മാറി പ്രപഞ്ചത്തെ വലിച്ചെടുക്കുന്ന; സംസ്കാരത്തിൻ്റെ കൈകടത്തലില്ലാതെ മനുഷ്യനെയും, പ്രകൃതിയേയും അനുഭവിച്ചറിയുന്ന കാലം. അതേസമയം, അതിദുർബ്ബലമായ ഒരു ദേഹത്തെയും, ഇളം മനസ്സിനെയും പ്രതിലോമകരമായ പരിസരങ്ങളിൽ നിന്ന് സമൂഹം സംരക്ഷിച്ചെടുക്കേണ്ടുന്ന ഘട്ടം കൂടിയാണ് ബാല്യം. ആഞ്ഞു നോക്കിയാലും പച്ചയല്ലാതെ മറ്റൊന്നും കാണാൻ കഴിയാത്ത അന്നത്തെ മോറാഴ വയലിലൂടെ, നെൽച്ചെടികൾ ഇരുവശത്തുനിന്നും തിങ്ങിഞെരുക്കി അദൃശ്യമാക്കിയ ഞരമ്പോളം നേർത്ത വരമ്പിലൂടെ, ഒരു വയൽ മുഖ്യ കൂടിയായ വല്ല്യമ്മയുടെ പിറകെ വഴുതി വഴുതി നടക്കുമ്പോഴാണ് ആ വാക്ക് കേട്ടത് ഞാനോർക്കുന്നത്: കുഞ്ഞി. നാട്ടുവഴക്കത്തിൽ താളവും, ആംഗ്യവും കലരാതെ ഒരു വാക്കു പോലുമില്ലല്ലോ; ആ ദൃശ്യം ഇങ്ങനെയായിരുന്നു: വിജനമായ പാടത്തിൽ ഒരു അശരീരി: “ഏ കുഞ്ഞ്യേ,ഏട്യാ പോന്ന്വേ”; ശബ്ദത്തിൻ്റെ തൊട്ടുപുറകെ വയലിൽ എവിടെന്നില്ലാതെ പൊങ്ങിവന്ന നാലഞ്ചു തലകൾ: കല്ല്യാണേച്ചി, നാരാണേച്ചി, ഓമനേച്ചി, ചേയ്യേച്ചി. ‘യശോധ കൃഷ്ണനെ വിളിക്കുന്ന പോലെ’എന്ന് വിജയൻ ഖസാക്കിൽ പറയുന്ന അതേ രാഗത്തിലാണ് ഈ ചോദ്യവും, അതിലടങ്ങിയ വാത്സല്യവുമെന്ന് എനിക്കന്നേ അറിയാമായിരുന്നു.

ഈ ഭൂമിമലയാളത്തിൽ കുഞ്ഞുങ്ങളെ അഭിസംബോധന ചെയ്യാൻ ഓരോ ദേശത്തും അനന്യമായ പദങ്ങളും, സവിശേഷമായ ഉച്ചാരണരീതികളുമുണ്ട്: കുഞ്ഞി, കുഞ്ഞൻ, ചെറുത്,കുണ്ടൻ,കൊച്ച്, ഏകവചനത്തിൽത്തന്നെ മക്കള്…അങ്ങനെയങ്ങനെ. പ്രാദേശികമായ വ്യത്യാസങ്ങൾക്കപ്പുറം അവയ്ക്കുള്ള ഒരു സമാനത പൊതുമണ്ഡലത്തിലെ സാമാന്യപദമായ’കുട്ടി’യിൽ നിന്നുള്ള വ്യത്യാസമാണ്. സാമൂഹ്യ മാനദണ്ഡമനുസരിച്ച് ശാരീരികവും, മാനസീകവുമായ വളർച്ച പ്രാപിക്കുന്നതിന് മുൻപുള്ള അവസ്ഥയാണ് ഔപചാരികമായ ‘കുട്ടി’യെക്കൊണ്ട് അർത്ഥമാക്കുന്നതെങ്കിൽ, ഒരു ജനതയ്ക്ക് അവരുടേതെന്ന് കരുതുന്ന കുട്ടികളോടുള്ള വൈകാരികമായ അടുപ്പവും, സ്വന്തത്വവുമാണ് ‘കുഞ്ഞി’യിലൂടെയും, അതിൻ്റെ പ്രാദേശിക വകഭേദങ്ങളിലൂടെയും ഉദ്ദേശിക്കുന്നത്. ചുരുക്കത്തിൽ തൻ്റേതാണെന്ന് തോന്നുന്ന നാട്ടിലെ കുട്ടിയാണ് കണ്ണൂരിലെ ‘കുഞ്ഞി’.

ഏറ്റവും അപകടകാരിയായ ഒരു മനുഷ്യൻ്റെ ആപത്കരമായ തുടക്കം സ്നേഹിക്കപ്പെടാത്ത, അംഗീകരിക്കപ്പെടാത്ത ബാല്യമാണെങ്കിൽ, ആ കുറവാണ് നമ്മുടേത് പോലുള്ള ഒരു നാട്, വളർച്ചയുടെ അത്യന്താപേക്ഷികമായ ഒരു ഘട്ടത്തിൽ, സ്നേഹത്തിൻ്റെയും, കരുതലിൻ്റെയും സംസ്കാരത്താൽ നിർവ്വഹിച്ചത്. കുഞ്ഞികളെല്ലാം നാടിൻ്റെ പൊതുസ്വത്തുക്കളായിരുന്നു; മറ്റൊരു നേരത്തും,കാലത്തും നാടിൻ്റെ നന്മയെ കാക്കേണ്ടവർ; മുതിർന്നു വരുംവരെ അവരെ നാട് സംരക്ഷിക്കേണ്ടതുണ്ട്. എൻ്റെ ഓർമ്മയിൽ, പോലീസും, നിയമങ്ങളും ഉണ്ടായിവരുന്നതിനും മുൻപും നമ്മുടെ നാട്ടിൽ കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ അതിവിരളമായിരുന്നു; അച്ഛനമ്മമാരുടെ ശിക്ഷകൾ പോലും അതിരുകടക്കുമ്പോൾ നാട്ടുകാർ ഇടപെടുമായിരുന്നു; അവഗണന കൊണ്ട് മയക്കുമരുന്നിലെത്തിച്ചേർന്ന കുട്ടികൾ നാട്ടിലുണ്ടായിട്ടില്ല; സ്കൂളിൽ പോകാത്തവർ ഉണ്ടായിട്ടില്ല; ഭക്ഷണം കിട്ടാഞ്ഞിട്ട് മണ്ണ് വാരിത്തിന്നേണ്ടി വന്ന മക്കളുണ്ടായിട്ടില്ല; ലൈംഗീകചൂഷണത്താൽ കയറിൽ ജീവിതമവസാനിപ്പിക്കേണ്ടി വന്നവരുണ്ടായിട്ടില്ല, എന്തിന്, വായനശാലയിൽ മെമ്പർഷിപ്പ് ഇല്ലാത്തവരോ, ഓണപ്പരിപാടിയ്ക്ക് ഒരു ഐറ്റത്തിലെങ്കിലും പങ്കെടുക്കാത്തവരോ ഉണ്ടായിട്ടില്ല… എതിർവാദങ്ങളോ, അപവാദങ്ങളോ ഇല്ലെന്നല്ല; പക്ഷെ,പരിമിതമായ ഭൗതികസൗകര്യങ്ങൾക്കുള്ളിലും,
‘കുഞ്ഞീ’ എന്ന വിളിയോളം അപരിമിതമായ സ്നേഹവും, കരുതലും നമ്മുടെ നാട് നമുക്ക് തന്നല്ലോ എന്ന നന്ദി മാത്രമാണ് ഓർത്തത്.

മോറാഴവയൽ നാലുഭാഗത്തു നിന്നും ചെറുതായി വന്നു; നെൽകൃഷി ആദായകരമല്ലാത്ത വരുമാന മാർഗ്ഗമായി മാറി. ഏറെ സ്നേഹം തന്ന വല്ല്യമ്മയും, ഞാറ് നടാനും, മൂരാനും കൂട്ടുണ്ടായിരുന്ന പണിക്കാരുടെ കൂട്ടവും, ആ കാലവും അസ്തമിച്ചു. നാടു മാറി, നന്മയിൽ പലതും ഓർമ്മയിലെ കാഴ്ചവസ്തുക്കളായി; എങ്കിലും, സ്മൃതിനാശം സംഭവിക്കാത്ത ഓർമത്തുരുത്തിൽ ഇന്നും ‘കുഞ്ഞീ’ ന്നുള്ള വിളിയുടെ പ്രതിധ്വനിയുണ്ട്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here