അനിലേഷ് അനുരാഗ്
മാതൃഭാവത്തിലല്ലാതെ മായയെക്കാണാൻ പ്രയാസമായിരുന്നു. കുട്ടികളോ, സഹപാഠികളോ ആവട്ടെ അവരോടുള്ള മായയുടെ പ്രധാന പ്രേരണ മാതൃസഹജമായ വാത്സല്യമായിരുന്നു; അതുകൊണ്ട് തന്നെ മാതൃസ്നേഹത്തിൻ്റെ ആവശ്യവും, അഭാവവുമുള്ളവർ, വിവിധ സാഹചര്യങ്ങളിൽ, മക്കളായി മായയോടടുത്തു കൊണ്ടിരുന്നു. തള്ളക്കോഴി കുഞ്ഞുങ്ങളെ തൻ്റെ വിസ്തൃതമായ ചിറകിനുള്ളിലൊതുക്കുന്നതുപോലെ മായ തൻ്റെ ഹൃദയവാത്സല്യത്തിൽ അവരെ തന്നോടു ചേർത്തുപിടിച്ചു. മടിയിലിരുത്തി സ്നേഹിക്കപ്പെട്ടവരാൽ മായ, കോളേജിലെങ്ങും ‘മായേച്ചി’ എന്ന് ഉദ്ദേശിക്കപ്പെടുകയും, അറിയപ്പെടുകയും ചെയ്തു. മാതൃവാത്സല്യം കണക്കറ്റ് ലഭിച്ചതു കൊണ്ടോ, ബാല്യത്തിലുടനീളം കുടുംബത്തിലെയും, ചുറ്റുവട്ടത്തിലേയും ഏറ്റവും പ്രായം കുറഞ്ഞ പയ്യനെന്ന പ്രത്യേക പരിഗണന വല്ല്യമ്മ-ചെറിയമ്മ- ഏച്ചിമാരിൽ നിന്ന് നിർലോഭം കിട്ടിയതുകൊണ്ടോ എനിക്ക് മായയോട് ഒരിക്കലും ഒരു മാതൃസ്നേഹം തോന്നിയിട്ടില്ല; പകരം അതിലും വലിയ സൗഹൃദവും, പരസ്പര്യവും തോന്നിയിട്ടുണ്ട്.
സമാന ആശയങ്ങൾ ചർച്ച ചെയ്യുന്ന പൊതുസുഹൃത്തുക്കളുടെ ഒരു ചെറിയ ഗ്രൂപ്പ് ഉണ്ടെങ്കിലും അതിൽ ഉൾപ്പെടാത്ത പല കാര്യങ്ങളും നമ്മൾക്ക് സംസാരിക്കാനുണ്ടാകുമായിരുന്നു: കവിത, സങ്കീർണ്ണമായ മനുഷ്യബന്ധങ്ങൾ, ജീവിതത്തിൻ്റെ ചില അർത്ഥശൂന്യതകൾ. ആഴമേറിയ ആ സംവാദങ്ങൾക്കിടയിൽ, ഏറ്റവും ഹൃസ്വമായവയിൽപ്പോലും ഏറ്റവും കൂടുതൽ മായ ആവർത്തിച്ച പദം ‘പക്ഷെ’ എന്നായിരുന്നു. ഓരോ സമസ്യകൾക്കിടയിലും, അവയെ വിശദീകരിക്കാനുള്ള ശ്രമങ്ങൾക്കിടയിലും അനിവാര്യമായ അർദ്ധവിരാമം പോലെ ‘പക്ഷെ’ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. അതിപരിചയം കൊണ്ട് അർത്ഥഗൗരവം അവഗണിക്കപ്പെട്ട ‘പക്ഷെ’, മായയുടെ ശബ്ദത്തിൽ അതെന്നുമർഹിച്ച മറ്റൊരു വ്യാപ്തിയെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു.
നമുക്കറിയാം, അതൊരു സന്ദേഹത്തിൻ്റെ സംജ്ഞയാണ്. സുനിശ്ചിതമെന്ന് നമ്മൾ സ്വയം വിശ്വസിപ്പിച്ച പലതും അനിശ്ചിതമാണെന്ന തിരിച്ചറിവാണ് ‘പക്ഷെ’ യിലൂടെ ധ്വനിക്കപ്പെടുന്നത്: ചുറ്റുമുള്ളതെല്ലാം എല്ലാ അർത്ഥത്തിലും ‘അപ്രതീക്ഷിത’മാകാമെന്ന ഉൾബോധം. മതങ്ങൾ വിഭാവനം ചെയ്യുകയോ, ചിലപ്പോൾ വാഗ്ദാനം ചെയ്യുകയോ തന്നെ ചെയ്യുന്ന കളങ്കവും, അപഭ്രംശവുമില്ലാത്ത ഒരു സമ്പൂർണ്ണ ലോകത്തോട് യുക്തിഭദ്രനായ ഒരു നിസ്സാരമനുഷ്യൻ്റെ ചെറുത്ത്നിൽപ്പ് ഒരു ‘ പക്ഷെ’യിലാകും ആരംഭിച്ചിട്ടുണ്ടാവുക. ഏകാധിപത്യത്തെ തകിടംമറിച്ച വിപ്ലവകാരിയ്ക്കും, വിപ്ലവം തന്നെ മറ്റൊരു ഏകാധിപത്യമാകുമ്പോൾ അതിനെ ചോദ്യംചെയ്യുന്ന ബൗദ്ധികതയ്ക്കും ഈ പദം അപരിചിതമാകാൻ വഴിയില്ല. അങ്ങനെയെങ്കിൽ, സംരക്ഷിത ദൈവാസ്തിത്ത്വത്തെ ചോദ്യം ചെയ്ത സാത്താനോടും, അസുരനോടും, അനാര്യനോടും കൂടിയാണ് ഇത് നമ്മുടെ പദസഞ്ചയത്തിൻ്റെ ഭാഗമാകുന്നത്.
കാലിൽ കുരുങ്ങിയ അജ്ഞാത ചങ്ങലകളാൽ ബന്ധിതമാണ് നമ്മുടെയെല്ലാം ജീവിതങ്ങളെങ്കിൽ, നിരന്തരം മോഹിക്കപ്പെടുകയും എന്നാൽ എന്നും അപ്രാപ്യമായിത്തുടരുകയും ചെയ്യുന്ന ഇതരവാഴ് വുകളാണ് നമ്മെ ‘പക്ഷെ’ യിലേക്ക് പ്രലോഭിപ്പിക്കുക.”ഒരാളും ഉടനീളം അയാളല്ലെന്ന്” കല്പറ്റ നാരായണൻ മാഷ് പറയുന്ന ഈ ജീവിതനാടകത്തിൽ എല്ലാ തൃപ്തികൾക്കിടയിലും കുതറിവരുന്ന അസംതൃപ്തിയെ അടയാളപ്പെടുത്തുന്നു ഈ ചെറിയ വാക്ക്. സ്വാസ്ഥ്യമെന്തെന്നറിയാത്ത മനുഷ്യാസ്തിത്വത്തിന്, അതിൻ്റെ അനിഷേധ്യമായ വിഹ്വലതകൾക്ക് ഇതിലും മികച്ചൊരു രൂപകമില്ല. മറ്റൊരു കാരണം കൊണ്ടല്ല, ഉയിർത്തെഴുന്നേറ്റ യേശുവിൻ്റെ അതിശയസ്വരൂപത്തെ സന്ദേഹിച്ച സെയ്ൻ്റ് തോമസ് മനുഷ്യപ്രകൃതിയുടെ ഏറ്റവും സത്യസന്ധമായ ആവിഷ്കാരമായി ഇന്നും വിലയിരുത്തപ്പെടുപ്പെടുന്നത്.
എവിടെയാണെന്ന് പരസ്പരം അറിയുകപോലും ചെയ്യാത്ത പതിനെട്ടോളം വർഷങ്ങൾ എനിയ്ക്കും, മായയ്ക്കുമിടയിൽ കടന്നുപോയി. വായിച്ച വരികളും, പറഞ്ഞ വാക്കുകളും നെടുങ്കണ്ടത്തെ തണുത്ത കാറ്റിലും, കനത്ത വെയിലിലും നഷ്ടപ്പെട്ടിട്ടുണ്ടായിരിക്കും; എങ്കിലും, സംസാരത്തിൻ്റെ കൃത്യമായ ഇടവേളയിൽ മായ സ്വയം അടയാളപ്പെടുത്തിയ ദാർശനികസന്ദേഹത്തിൻ്റെ ആ ആദിപദം ഇന്നും അതിൻ്റെ വ്യത്യസ്തമാനങ്ങൾ എനിക്ക് വെളിപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല
നന്നായിട്ടുണ്ട് ????????