നാട് കടക്കും വാക്കുകള്‍ -‘എടവലം’

0
192

അനിലേഷ് അനുരാഗ്

മാസങ്ങൾക്ക് മുൻപൊരു ദിവസം രാവിലെ സ്റ്റാഫ് റൂമിൽ വച്ച് കണ്ട തലശ്ശേരിക്കാരനായ സഹപ്രവർത്തകനോട് തലേ ദിവസം അവധിയായതിൻ്റെ കാരണം തിരക്കിയപ്പോൾ കിട്ടിയ മറുപടി ഇങ്ങനെയായിരുന്നു: “എടവലത്തൊരു മങ്ങലമുണ്ടായിരുന്നു. പോവാണ്ടിരിക്കാൻ പറ്റൂല്ലപ്പ” അമ്മ വഴിയിലും, അച്ഛൻ വഴിയിലും തലശ്ശേരി ബന്ധം നിരവധിയായതുകൊണ്ട് ഒട്ടും അപരിചിതമല്ലെങ്കിലും പുള്ളിയുടെ അനൗപചാരിക മറുപടിയിലെ ആ സവിശേഷ തലശ്ശേരി പദം എൻ്റെ ഭാഷാ-സംസ്കാര കൗതുകത്തെ പിടിച്ചെടുക്കാതിരുന്നില്ല: എടവലം!

ആദിമധ്യാന്തങ്ങളിൽ സാന്നിധ്യമുള്ള  ‘ഇ’ ശബ്ദങ്ങളെ ഇരുമ്പ് പണിക്കാരൻ്റെ ഉലയിലെ പച്ചിരരുമ്പ് കഷണങ്ങളെന്നതുപ്പോലെ അടിച്ചുപരത്തി ‘എ’ ആക്കിമാറ്റുന്ന കണ്ണൂർക്കാരുടെ വേഡ് മാജിക് തലശ്ശേരി പിണറായിക്കാരനായ മുഖ്യമന്ത്രിയുടെ ”എനക്ക് (എനിക്ക്) അറിയില്ല”യിൽ കേട്ടുപരിചയമുള്ളതുകൊണ്ട് മേല്പറഞ്ഞ ‘എടവലം’ ‘ഇടവല’ മല്ലാതെ മറ്റൊന്നല്ലെന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾ മനസ്സിലാക്കിക്കാണണം. കൂടുതലായൊന്നും പ്രതീക്ഷിച്ചല്ലെങ്കിലും ശ്രീകണ്ഠേശ്വരത്തിൻ്റെ ശബ്ദതാരാവലിയിൽ തിരഞ്ഞപ്പോൾ കിട്ടിയ ഒറ്റവരിയിലെ സൂചനയും ഒരു സംശയത്തിനുമിടവരുത്താത്ത ‘ഇടതും, വലതും’ എന്നു മാത്രമായിരുന്നു.

എന്നാൽ, ഒറ്റ വാക്കിലും, ശബ്ദത്തിലും അനേക ധ്വനികൾ ഒളിപ്പിച്ചു വയ്ക്കുന്ന നാട്ടുപദസഞ്ചത്തിൽ എൻ്റെ സുഹൃത്ത് കൂടിയായ സഹപ്രവർത്തകൻ ഉച്ചരിച്ച ‘എടവലം’ രണ്ടു ദിശകളെ കൂട്ടിക്കെട്ടിയ ഒരു സംയുക്തപദം മാത്രമല്ല. സാമാന്യാർത്ഥത്തിൽ തലശ്ശേരിക്കാരുടെ ‘എടവലം’ അടുത്ത വീട്, സമീപഭവനം എന്നെല്ലാം പര്യായങ്ങളുള്ള അയൽപക്കം തന്നെയാണ്. എഴുത്തുഭാഷയിലെ അയൽപക്കം തന്നെ പലവിധത്തിൽ ലോപിച്ച് ‘അയല്വക്കം’, ‘ആലക്കം’ എന്നിങ്ങനെയുള്ള സമാന നാട്ടുപദങ്ങളായി പ്രചാരത്തിലുള്ളപ്പോൾ ‘എടവല’ ത്തിൻ്റെ പ്രസക്തിയെന്താണ്.

ഈയൊരു ചോദ്യത്തിൻ്റെ അനുരണനങ്ങൾ പൊതുവായി പഴയ കേരളത്തിൻ്റെയും, സവിശേഷമായി തലശ്ശേരിയുടെയും സംസ്കാരിക പ്രത്യേകതകളിലേക്കുമാണ് നമ്മളെ കൊണ്ടുചെന്നെത്തിക്കുക. ആധുനികതയും, അണുകുടുംബങ്ങളും നിലവിൽ വരുന്നതിനു മുൻപെയുള്ള കേരളത്തിലെ അയൽപക്കങ്ങൾ തമ്മിലുളള സുദൃഡബന്ധങ്ങളിലേക്കാണ് സത്യത്തിൽ ഇത്തരം വാക്കുകൾ വിരൽചൂണ്ടുന്നത്. മറ്റു തെന്നിന്ത്യൻ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടിയ ജനസാന്ദ്രതയുള്ള കേരളത്തിൽ  അടുത്തടുത്ത വീടുകളിലെ മനുഷ്യർ തമ്മിൽ ആഴമുള്ള ബന്ധങ്ങൾ നിലനിന്നുപോന്നിരുന്നു. ഇന്നുള്ളതുപോലെയുള്ള ബോധപൂർവ്വമുള്ള അധികാരവികേന്ദ്രീകരണമോ, ഗ്രാമസഭകളോ കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നില്ലെങ്കിലും അന്നും മനുഷ്യർ സഹകരണത്തിലൂന്നിയ അനവധി സംരംഭങ്ങളിൽ ഏർപ്പെട്ടിരുന്നു.

കേരളത്തിലുടനീളം പ്രതിഫലിച്ച ഈ അയൽപക്ക ബന്ധങ്ങളുടെ ഏറ്റവും തീവ്രമായ മാതൃകകൾ ഉണ്ടായ സ്ഥലങ്ങളിലൊന്നായാണ് കണ്ടും, കേട്ടുമറിഞ്ഞ തലശ്ശേരിയെ ഞാൻ വിലയിരുത്തുന്നത്. നാനാജാതിയിലും, മതത്തിലും, വംശത്തിലുമുൾപ്പെട്ടവർ എല്ലാ അർത്ഥത്തിലും ഒരുമിച്ചു ജീവിച്ച തലശ്ശേരി സാംസ്കാരിക സമന്വയത്തിൻ്റെ പെരുമയിൽ സപ്തഭാഷാസംഗമഭൂമി എന്നറിയപ്പെടുന്ന കാസറഗോഡിൻ്റെ മാത്രം പിറകിലാണെന്നാണ് എനിക്ക് തോന്നുന്നത്. സാമൂഹികമായി വിശകലനം ചെയ്യുമ്പോൾ ഹിന്ദുക്കളും, മുസ്ലീങ്ങളും, ക്രിസ്ത്യാനികളും കാലങ്ങളായി സഹിഷ്ണുതയോടെയും, സൗഹാർദ്ദത്തോടെയും ജീവിച്ച പ്രദേശങ്ങളിലൊന്നായി തലശ്ശേരിയെ മനസ്സിലാക്കാവുന്നതാണ്. കുത്സികബുദ്ധികളുടെ ബോധപൂർവ്വമുള്ള ചില വർഗ്ഗീയ അജണ്ടകൾ ഒരിക്കലും വിജയത്തിലെത്താതെപോയതിന് പിറകിൽ ഈ മതേതരസാമൂഹിക ഐക്യത്തിൻ്റെ ശക്തമായ കെട്ടുറപ്പുണ്ട്. ഈ സാമൂഹികസൗഹാർദ്ദം സാംസ്കാരികമായ തലത്തിൽ തലശ്ശേരിയിൽ നടത്തിയ ഇടപെടലുകൾ ഒട്ടും ചെറുതല്ലെന്ന് ഒരു വിശകലനം കൊണ്ട് മനസ്സിലാക്കാവുന്നതാണ്. യൂറോപ്യന്മാരിൽ നിന്ന് പഠിച്ചെടുത്ത കേക്ക്, സർക്കസ്, ക്രിക്കറ്റ് എന്നീ മൂന്ന് ക്ലീഷേ ‘സി’ (C) കളെ മാറ്റിനിർത്തിയാലും തലശ്ശേരിക്കാർ തമ്മിൽത്തന്നെ ഭാഷയും, ഭക്ഷണവും, വിശ്വാസവും, ആചാരങ്ങളുമെല്ലാം കൈമാറിയിട്ടുള്ളതായി കാണാൻ കഴിയും. തലശ്ശേരിയിലെ സംസാരശൈലിയിലുള്ള അറബി വാക്കുകളുടെ ആധിക്യവും, ഒറോട്ടിയും, അരിക്കടുക്കയും, കോയിക്കാലുമുൾപ്പെട്ട ചെറുകടികളുടെ നീളൻ ലിസ്റ്റും വെളിവാക്കുന്നത് മറ്റൊന്നല്ല.

തലശ്ശേരിയിലെ ജനങ്ങളുടെ സാമ്പത്തീക മേഖലയിലെ സഹകരണത്തിൻ്റെയും, പരസ്പര വിശ്വാസത്തിൻ്റെയും അനന്യമാതൃകകളിലൊന്നാണ് ഇവിടെ വർഷങ്ങളായി വിജയകരമായി നിലനിന്നിരുന്ന ‘പയറ്റ്’ എന്ന മൈക്രോഫൈനാൻസിംങ്. അയൽപക്കക്കാർ തമ്മിലുള്ള ഒരു അലിഖിത സാമ്പത്തിക ഉടമ്പടിയാണത്.  ബാങ്കുകളിൽ നിന്ന് ലോൺ ലഭ്യമാക്കുന്നതിനുള്ള ഈടുവയ്പ്, ഗവൺമെൻ്റ് ജോലിക്കാരുടെ സാലറി സർട്ടിഫിക്കറ്റ്, എ ക്ലാസ്സ് മെമ്പർഷിപ്പുള്ള ജാമ്യക്കാർ, പ്രൊസസിംഗ് ചാർജെന്ന ഒളിയമ്പുകൾ ഇങ്ങനെയുള്ള നൂലാമാലകളൊന്നുമില്ലാതെ പെട്ടെന്ന് പണം സ്വരുക്കൂട്ടാനാകുന്ന സാമ്പത്തിക വിനിമയം ആണ് പയറ്റ്. പണം ആവശ്യമുള്ളൊരാൾക്ക് ഒരു  വൈകുന്നേരം അയാളുടെ വീട്ടിൽ നടത്തുന്ന ചായപ്പയറ്റ് എന്ന ചായസൽക്കാരത്തിൽ (സൽക്കാരം എന്നാൽ ചായയും, ഒരു ചെറിയ പ്ലേറ്റിൽ രണ്ട് ബിസ്ക്കറ്റും, അല്പം മികച്റുമൊക്കെ ആവും) എത്തിച്ചേരുന്ന മറ്റ് അംഗങ്ങൾ (അയൽക്കാർ/നാട്ടുകാർ) ഒരു നിശ്ചിതതുകയിൽ കുറയാത്ത സംഭാവന കൊടുക്കുകയാണ് ചെയ്യുക. അങ്ങനെ ഒറ്റ ദിവസം കൊണ്ട് അയാൾക്കാവശ്യമുള്ള തുക ലഭിക്കുന്നു. ഓരോ ആളും തന്ന തുക എഴുതിവയ്ക്കുന്ന പയറ്റുകാരൻ അവർക്ക് ആവശ്യം വരുമ്പോൾ – മകളുടെ കല്ല്യാണം, മകൻ്റെ വിസ, ഗൃഹപ്രവേശം – കിട്ടിയ തുകയോട് ഒരു രൂപയെങ്കിലും അധികം ചേർത്ത് തിരിച്ചുനല്കുന്നു. പയറ്റിലെ ഏറ്റവും പ്രധാനമായ കാര്യം അതിൻ്റെ നിയമങ്ങളെല്ലാം ഔപചാരിക സാക്ഷ്യപത്രങ്ങൾക്ക് പകരം വിശ്വാസബോധ്യങ്ങളാണ് എന്നതാണ്. പയറ്റിലെ കണക്കുകൾ രേഖപ്പെടുത്തപ്പെടുന്നത് ഓഫീസ് ലഡ്ജറുകളിലല്ല, ഹൃദയസത്യത്തിലാണ്. അവ സൂക്ഷിക്കപ്പെടുന്നത് ലോക്കറുകളിലല്ല, പാരസ്പര്യത്തിൻ്റെ ഓർമ്മകളിലാണ്.

വേരുകളിലേക്കിറങ്ങി വരുമ്പോൾ ‘എടവലം’ ഒരാൾ സ്വന്തമാക്കിയ വീടിൻ്റെയോ, പറമ്പിൻ്റെയോ ഇരുദിശകളിലെ അന്തേവാസികൾ മാത്രമല്ല; അത് ഒരാളുടെ ഇടവും, വലവും നിന്ന് കാക്കുന്ന മനുഷ്യബന്ധങ്ങളാണ് എന്ന് നമുക്ക് മനസ്സിലാകും. അവർ തമ്മിൽ കൈമാറ്റം ചെയ്തത് ഉപ്പും, പഞ്ചസാരയും, ഉള്ളിയും, കടുകും, തീപ്പെട്ടിയും മാത്രമല്ല, സുഖവും, ദു:ഖവും, ആഘോഷവും, ആത്മസംഘർഷങ്ങളുമായിരുന്നു. കരിങ്കൽ മതിൽ കെട്ടി വേർതിരിച്ച്, ഇൻ്റെർലോക്കിട്ട് മോഡി പിടിപ്പിച്ചപ്പോൾ ആധുനിക മലയാളിക്ക് അന്യം വന്ന അമൂല്യതകളിലൊന്ന് ആരില്ലെങ്കിലും കൂടെയുണ്ടാക്കുന്ന ഇത്തരം ‘എടവല’ങ്ങളാണ്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here