അനിലേഷ് അനുരാഗ്
അതിജീവനത്തിൻ്റെയോ, ആർഭാടജീവിതത്തിൻ്റെയോ ആവശ്യങ്ങൾക്കായി എവിടേക്കെല്ലാം മാറ്റിനട്ടാലും പൂർണ്ണമായി മാറ്റംവരാത്ത അനന്യസാംസ്കാരികമുദ്രകളിലൊന്നാണ് ഭാഷയുടെ പ്രാദേശികഭേദം. ബോധതലത്തിൽ എത്ര തന്നെ കിണഞ്ഞ് പരിശ്രമിച്ചാലും ചെറുപ്പത്തിൽ കുടിച്ചുവളർന്ന മുലപ്പാല് പോലെ ദേശഭാഷയുടെ രുചി നമ്മുടെ അബോധത്തിൻ്റെ രക്തത്തിൽ മായാതെ കിടക്കും. പുറംകാഴ്ചയിൽ അദൃശ്യമോ, അതാര്യമോ ആയിക്കിടക്കുന്ന ഈ ദേശാസ്തിത്വം പ്രതിസന്ധികളിലും, തീവ്രവും, നിർണ്ണായകവുമായ ജീവിതഘട്ടങ്ങളിലും മറവിയേതുമില്ലാതെ സ്വയം വെളിപ്പെടുകയാണ് ചെയ്യുക. നാം മറന്നാലും നമ്മെ മറക്കാത്ത ആദ്യാനുരാഗമാണ് ദേശഭാഷ.
മേല്പറഞ്ഞ കാരണം കൊണ്ടുതന്നെയാവണം മുഴപ്പിലങ്ങാട് മുതൽ ന്യൂമാഹി വരെയും, കൂത്തുപറമ്പ് മുതൽ പാനൂർ വരെയും, എരഞ്ഞോളി മുതൽ അറബിക്കടൽ വരെയും പരന്നുകിടന്ന ‘തലശ്ശേരി’ എന്ന സംസ്കാരത്തിൽ നിന്ന് മുപ്പതിലധികം മൈലുകൾ മാറിയുള്ള തളിപ്പറമ്പ് മോറാഴയിൽ ജീവിച്ച, നാല്പതിലധികം വർഷങ്ങൾക്ക് ശേഷവും വല്ല്യമ്മയുടെ നാവിൽ നിന്ന് ആ തലശ്ശേരി വാക്ക് മാഞ്ഞുപോകാതിരുന്നത്: തുള്ളിച്ചി. അക്ഷരാർത്ഥത്തിൽ ഒ.എൻ.വി.യുടെ ‘കുഞ്ഞേടത്തി’യിലെ കുഞ്ഞേടത്തിയെപ്പോലെ, അന്നത്തെ കുരുത്തംകെട്ട കുഞ്ഞനിയനായ ഞാൻ കാരണവും, ഷമ്മിയേച്ചി എന്ന് വിളിക്കപ്പെട്ട വല്ല്യമ്മയുടെ കൗമാരക്കാരിയായ മോൾക്ക് ചിലപ്പോഴൊക്കെ എറിഞ്ഞുകിട്ടിയിരുന്ന വഴക്കിൻ്റെ ഒരു തീക്ഷ്ണവാക്കായാണ് ഞാനാദ്യമായതിനെ കേട്ടിട്ടും, മനസ്സിലാക്കിയിട്ടുമുണ്ടാവുക.
ശ്രീകണ്ഠേശ്യത്തിൻ്റെ ശബ്ദതാരാവലിയിൽ (സ്വയം) ‘ചാടുക’ എന്നർത്ഥം കൊടുത്തിട്ടുള്ള അകർമ്മക ക്രിയയായ ‘തുള്ളലി’ൽ നിന്നാണ് നിസ്സംശയം ‘തുള്ളിച്ചി’യും ഉടലെടുത്തിട്ടുണ്ടാവുക. സ്വന്തം ഇച്ഛയാൽ ഒരാൾ ഏർപ്പെടുന്ന ഒരു ശാരീരിക പ്രവർത്തനം എന്ന പ്രാഥമിക അർത്ഥത്തിലാവണം ‘തുള്ളൽ’ അതിൻ്റെ അർത്ഥതലങ്ങൾ ‘തുള്ളിച്ചാടുക’, ‘തുള്ളിക്കളിക്കുക’, ‘തുള്ളൽപ്പനി’ എന്നീ പദങ്ങളിലേക്ക് വ്യാപിപ്പിച്ചത്. ഒറ്റനോട്ടത്തിൽ, കുഞ്ചൻ നമ്പ്യാരാൽ വിരചിതമായ ഓട്ടൻ-ശീതങ്കൻ-പറയൻ തുള്ളലുകൾ എന്ന ദൃശ്യകലാരൂപംപോലും അങ്ങനെ നാമകരണം ചെയ്യപ്പെട്ടത് അതിലുൾപ്പെട്ട ‘തുള്ളൽ’ കൊണ്ടുതന്നെയാണെന്ന് ആർക്കും ഊഹിക്കാവുന്നതാണ്. ഈയൊരു പ്രാഥമിക അർത്ഥത്തിൽ നിന്ന് ‘തുള്ളലിന്’ ലഭിച്ച ആദ്യവ്യതിയാനം കോപിക്കുക എന്ന ധ്വനി കൈവരുന്നതോടുകൂടിയാകും. അനിയന്ത്രിതമായ ദേഷ്യം, അളവിൽ കൂടിയ മറ്റെന്തുമെന്നതുപോലെ, ശരീരത്തിൽ പ്രതിഫലിയ്ക്കുന്നത് അടിമുടിയുള്ള വിറയലോട് കൂടിയാണല്ലോ. ഒപ്പം, അസ്വസ്ഥമായ മനസ്സ് അതിൻ്റെ ദേഹത്തിനെയും അപ്രതീക്ഷിതമായ രീതിയിൽ നിരന്തരം ചലിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ഈ കൈവിട്ട ക്രോധം പരപ്രേരണയാൽ നിർമ്മിച്ചെടുക്കപ്പെടുമ്പോൾ അത് ‘തുള്ളിക്കുക’ എന്ന സകർമ്മക ക്രിയയായി മാറും.
സാമൂഹിക-സാസ്കാരിക വിവേചനങ്ങളില്ലാതെ മനുഷ്യർക്ക് പൊതുവായി ബാധകമാകുന്ന മേല്പറഞ്ഞ ‘തുള്ളൽ’ അർത്ഥങ്ങൾ അധികാരപ്രയോഗത്തിനെ ശാക്തീകരിക്കുന്ന അവഹേളനത്തിൻ്റെയും, മാറ്റിനിർത്തലിൻ്റേയും ഭാഗമാകുമ്പോഴാണ് ‘തുള്ളിച്ചി’ എന്ന പദം രൂപപ്പെടുന്നത്. ഒരു പുരുഷാധിപത്യസമൂഹം അതിൻ്റെ അധികാരത്തെ നിർമ്മിക്കുന്നതും, നിലനിർത്തുന്നതും ആ സമൂഹത്തിലെ സ്ത്രീകളുടെ അവകാശങ്ങൾ കവർന്നുകൊണ്ടാണ്. അത്തരമൊരു സമൂഹത്തിൽ ഒരു സ്ത്രീയ്ക്ക് ആദ്യം നഷ്ടപ്പെടുന്ന അവകാശം അവളുടെ ഉടലിലും, അതിൻ്റെ പ്രകാശനങ്ങളിലുമുള്ളതായിരിക്കും. സ്ത്രീയുടെ ഉടലിൻ്റെ ചലനങ്ങളുടെ മേൽ പതിയ്ക്കുന്ന സാംസ്കാരിക കൂച്ചുവിലങ്ങുകൾ പുരുഷൻ നിശ്ചയിക്കുന്നതുപോലെ മാത്രം സഞ്ചരിക്കുന്ന ഒരു സ്ത്രീയെയാണ് വിഭാവനം ചെയ്യുകയും, അംഗീകരിക്കുകയും ചെയ്യുന്നത്. അങ്ങനെയാണ് ‘അടക്കവും, ഒതുക്കവും’ ഉള്ള അടിമസ്ത്രീ അഭികാമ്യയായ സ്ത്രീയും, ‘ഇളക്കമുള്ള’ സ്വാതന്ത്ര്യദാഹിയായ സ്ത്രീ അഗണ്യയുമാകുന്നത്. ഈയൊരർത്ഥത്തിൽ, പുറമെ നിന്നുള്ള പുരുഷൻ്റെ ചരലുവലികൾക്ക് വശംവദയാകാത്ത, സ്വന്തം ശരീരത്തെയും, അതിൻ്റെ ചലനങ്ങളെയും മറ്റാർക്കും അടിയറവയ്ക്കാത്ത, തൻ്റെ ആവേശത്തെയും, ആനന്ദത്തെയും തടകളില്ലാതെ ആഘോഷിക്കുന്ന ഏതു പെൺകുട്ടിയും /സ്ത്രീയും ഒരു ‘തുള്ളിച്ചി’യാകുന്നു.
ഒരമ്മയുടെ കരുതലിൽ നിന്നുയർന്ന ശാസനപദം മാത്രമായി വല്ല്യമ്മ ഉപയോഗിച്ചുകേട്ട ‘തുള്ളിച്ചി’യെ ആഴത്തിലാഴത്തിൽ വായിക്കുന്നേനെ അതൊരു സ്വാതന്ത്ര്യപ്രഖ്യാപനത്തിൻ്റെ സംജ്ഞയായി മാറുന്നത് ഞാൻ കാണുന്നു. പുരുഷാധിപത്യത്തിൻ്റെ അശ്ലീല അന്ധകാരം കുമിഞ്ഞ ലോകത്തേക്ക് സമത്വത്തിൻ്റെയും, സ്വാതന്ത്ര്യത്തിൻ്റെയും, വിമോചനത്തിൻ്റെയും, പ്രതീക്ഷാനാളങ്ങൾ ആവാഹിച്ചുകൊണ്ടുവന്നതെല്ലാം ‘തുള്ളിച്ചി’കളായിരുന്നല്ലോ. പുരുഷലോകത്തിലെ അവഗണനയെയും, അധിക്ഷേപത്തെയും, ചിലപ്പോൾ അക്രമത്തെയും അറിവും, ധൈര്യവും, ബോധ്യവും കൊണ്ട് നേരിട്ടവരെല്ലാം ‘തുള്ളിച്ചി’കളായിരുന്നല്ലോ. ഒന്നുകൂടി നോക്കിയാൽകാണാം, ഇപ്പോൾ ആ ശാസനാപദത്തിനു ചുറ്റും ശതകോടി സ്ത്രീകൾ തലയുയർത്തിനിൾക്കുന്നു, സ്വയം പ്രഖ്യാപിക്കുന്നു, നൃത്തമാടുന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല