ഖലീഫാ ബഷീർ.. പട്ടാപ്പകൽ ചൂട്ടുകത്തിച്ച സ്നേഹപ്രവാചകൻ

5
600

ഓർമ്മക്കുറിപ്പ്

മുർഷിദ് മോളൂർ

‘പണ്ടൊരു കാലത്ത് പരസ്യമായി അമ്മയോ അച്ഛനോ ഇല്ലാത്ത ഒരു യുവാവുണ്ടായിരുന്നു..അയാൾ വളരെ കൊലപാതകം ചെയ്തു. ഇരുപത്തി നാലാമത്തെ വയസ്സിൽ അയാൾ-‘
ഇടക്കൊന്നു ചോദിച്ചോട്ടെ !
കഥ തുടങ്ങുകയാണോ ?
‘അതെ’
നിങ്ങൾ ആരെപ്പറ്റിയാണീ പറയുന്നത് ?
‘എന്നെപ്പറ്റിത്തന്നെ’
അത് കൊള്ളാം..

വായനക്കാരന്റെ കണ്ണുകളിൽ നിറമുള്ള ചിത്രം വരച്ച്, ഹൃദയവഴികളിലൂടെ അലഞ്ഞലഞ്ഞ്, ചിരിച്ചും ചിന്തിപ്പിച്ചും, കരയിപ്പിച്ചും കൊതിപ്പിച്ചും നടന്നുപോയൊരാൾ..
മലയാള സാഹിത്യഭൂമിയിലെ ഖലീഫാ ബഷീർ..
അയാളുടെ കാലത്ത് ഒരാളും അക്ഷരപ്പട്ടിണികിടന്നില്ലെന്ന്..
അയാളുടെ വരിപ്പുറത്ത് മനുഷ്യരെല്ലാരും ഒന്നുപോലെയായിരുന്നെന്ന്..

എന്താണ് ജീവിതം ?
മരണത്തിന്റെ സ്വപ്നമായിരിക്കുമോ ജീവിതം ?
അല്ല, മരണത്തിന്റെ ശേഷമുള്ളതായിരിക്കുമോ ജീവിതം ?
ശ്‌മശാനം നിശബ്ദമായിരുന്നു..
മരിച്ച സ്വപ്നങ്ങളുടെ ശവക്കുഴിയാണ് മനുഷ്യഹൃദയം. മനുഷ്യ ഹൃദയങ്ങളുടെ ശവക്കുഴിയാണ് ഭൂമി..

ചിരിപടരുന്ന വരിവരമ്പുകളിൽ നിന്ന് തത്വചിന്തയുടെ വിത്തിറക്കിയ മഹാമാന്ത്രികൻ..

അന്ന് യുദ്ധങ്ങൾ ഹൃദയങ്ങൾകൊണ്ടായിരുന്നു.. പ്രണയം തന്നെ.
കരളിലൊരു ‘ബേദന’ എന്ന് വേണം പറയാൻ.

പുട്ടിനുള്ളിൽ കോഴിമുട്ടയൊളിപ്പിച്ച് ആ പ്രണയകാലത്തിന് ബഷീർ മലയാളഭാവം നൽകി..

ചൂട്ടേന്തി നടന്നകാലത്ത് കണ്ടതെല്ലാം വായിച്ചു.. തിരുത്തെഴുതി അയച്ചു..
മൂത്രം മണക്കുന്ന പള്ളികൾ അടച്ചുപൂട്ടണമെന്ന് ഉത്തരവിട്ടു.. അന്ധവിശ്വാസങ്ങളുടെ വാറോലകൾ കൂട്ടിയിട്ട് കത്തിച്ചു..

ഉറക്കെ പറഞ്ഞു.. ജയിലറകളിലും മലമേടുകളിലും പുഴയോരങ്ങളിലും ആ വരികൾ വിരിഞ്ഞിറങ്ങി..

‘ഈശ്വരൻ പ്രാർത്ഥിക്കുമോ ?’
‘എന്തിന്..?’
‘ഈശ്വരനെ സൃഷ്‌ടിച്ച..’

‘ഈശ്വരൻ എങ്ങനെ ഉണ്ടായി..?’
‘മകനേ.. അങ്ങനെ ചോദിക്കാൻ പാടില്ല’
‘ഞാൻ ചോദിക്കും , എനിക്കറിയണം’

ആത്മീയ കലഹകലാപങ്ങൾക്ക് ആ ദർബാർ സാക്ഷിയായി.. കാലങ്ങളോളം ഇരുട്ട്കൊണ്ട് കൊണ്ട് മൂടിയ നിലാവെളിച്ചം മെല്ലെ മെല്ലെ പുറത്തേക്കൊഴുകി..

ഹൗ .. വെളിച്ചതിനെന്തൊരു വെളിച്ചം..!!

മൻസൂർ സൂക്ഷിക്കുക, ആപത്കരമായ ഒരു ദിവസം അടുത്തുവരുന്നു.. നിങ്ങളുടെ
ചുടുനിണം കൊണ്ട് യൂഫ്രട്ടീസ് നദീതീരത്തിലെ വെള്ളമണൽ കുങ്കുമം പൂശുന്ന അന്തിമ ദിനം സൂക്ഷിക്കുക..

അങ്ങും സൂക്ഷിക്കുക.. അനൽ ഹഖ്..!!

ഖലീഫാ ബഷീർ അങ്ങനങ്ങനെ നടന്നു.. ഭാര്യയെ തട്ടിക്കൊണ്ട് പോവാൻ ആളെ ആവശ്യമുണ്ടെന്ന് ബോർഡെഴുതി..
നൂറ്റൊന്നു നാവുകൾ എന്നാൽ സ്ത്രീ ആണെന്ന് പറഞ്ഞു.. അവരുടെ തലക്കകത്ത് നിലാവെളിച്ചമുണ്ടെന്ന് സമ്മതിച്ചു..

എല്ലാവർക്കും അർഹിച്ചത് കൊടുത്തു..
നീതിപൂർണ്ണമായ കാലം…
രണ്ടു ജാതിക്കാരായ അച്ഛനമ്മമാർ, കുട്ടിക്ക് എന്ത് പേരിടും..?

ചൈനാ പേര്..
‘ഡങ്ക ഡിങ്കോ ഹോ..’
എടാ മോനെ.. ഡങ്ക ഡിങ്കോ ഹോ..
പേര് സാറാമ്മക്ക് പിടിച്ചില്ല, എന്നാൽ റഷ്യൻ പേര്..സ്‌കി എന്ന് ചേർത്താൽ മതി
‘എന്ത് സ്‌കി’
ചാപ്ലോസ്കി.. ചാപ്ലോസ്കി.
വേണ്ട.

നമുക്ക് പറയാം.. ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്നൂന്ന്.. നമ്മളൊക്കെ രാജകുടുംബത്തിലെ കുട്യോളാന്നും..

മധുര സുന്ദര സുരഭിലമായ നിലാവെളിച്ചമാകുന്നു പ്രേമം..!

ഖലീഫക്കുള്ളിലെ കള്ളക്കാമുകൻ.. മതിലുകൾക്കിപ്പുറത്ത് മോഹം കൊണ്ടൊരു കൊട്ടാരം പണിതവൻ..

സുഹറാ.. നമ്മെപ്പറ്റി അയൽക്കാർ എന്തൊക്കെയോ പറയുന്നുണ്ട്..
അതിന് ?
‘അതിന് ഒന്നുമില്ല, സൂക്ഷിക്കണം.. സ്ത്രീയാണ് പേരിന് കളങ്കം പറ്റാതെ..’
‘ഓ പറ്റട്ടെ.. എന്റെ ആത്മാവിന് കൂടി കളങ്കം പറ്റട്ടെ..’
അവളുടെ കണ്ണുകൾ നിറഞ്ഞു..

സദാചാരക്കാരന്റെ കരണം നോക്കിയാണ് ബഷീർ അന്ന് പൊട്ടിച്ചത്..
നന്ദിയുണ്ട് ബഷീറിനോട്..
പിറക്കാൻ ഈ കേരളത്തെ തെരെഞ്ഞെടുത്തതിന്..

ഒരു തണുത്ത വെളുപ്പാൻ കാലത്ത് മഞ്ഞുപെയ്യുന്ന ഒരോർമ്മപോലെ..
ഒരു സുലൈമാനിയുടെ മധുരമുള്ള ചൂടോർമ്മ പോലെ ആ മുടികൊഴിഞ്ഞ മുഖം ഓർമ്മയുടെ ഉമ്മറപ്പടിയിൽ ചാരുകസേരയിട്ടിരിക്കുന്നുണ്ട്…

5 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here