കോഴിക്കോട്: ‘ആത്മ’ ക്രിയേറ്റീവ് ലാബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മ്യൂറല്‍ പെയിന്റിങ് ക്യാമ്പ് സമാപിച്ചു. മനോജ് ഇരിങ്ങാടന്‍പള്ളി (അസോസിയേറ്റ് ആര്‍ട്ട് ഡയറക്ടര്‍, മലയാളം സിനിമ ഇൻഡസ്ടറി) സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കലാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പലര്‍ക്കും അര്‍ഹമായ ശ്രദ്ധകിട്ടുന്നില്ല. അതിനുള്ള ഉത്തമ ഉദാഹരണമാണ് സിനിമയുടെ അവസാനം എഴുതികാണിക്കുന്ന പേരുകള്‍ ആരും ഓര്‍ത്തുവെക്കാത്തതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
ജൂലൈ 26 മുതല്‍ ആറ് ദിവസങ്ങളിലായി പ്രശസ്ത മ്യൂറല്‍ ആര്‍ട്ടിസ്റ്റ് സതീഷ് തായാട്ടിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. ഓരോ ദിവസവും ഓരോ നിറങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ക്യാമ്പ് മുന്നോട്ട് പോയത്. മഞ്ഞ, ചുവപ്പ്, പച്ച, നീല, കറുപ്പ് എന്നിവയായിരുന്നു ക്രമങ്ങള്‍. അക്രിലിക്ക് നിറങ്ങള്‍ക്ക് പുറമെ, പ്രകൃതി നിറങ്ങളും പരിചയപ്പെടുത്തി കൊണ്ടാണ് ക്ലാസുകള്‍ നടന്നത്.
ബിലാല്‍ ശിബിലി (എഡിറ്റര്‍, ആത്മ ഓണ്‍ലൈന്‍) സ്വാഗതം പറഞ്ഞ ചടങ്ങില്‍ ആത്മ ഡയറക്ടര്‍ സുജീഷ് സുരേന്ദ്രന്‍ അധ്യക്ഷനായി. പ്രശസ്ത മ്യൂറല്‍ ആര്‍ട്ടിസ്റ്റുകളായ സതീഷ് തായാട്ട്, വികാസ് കോവൂര്‍, സുബേഷ് പത്മനാഭന്‍ (ആര്‍ട്ട് ഡയറക്ടര്‍, ആത്മ), അജയ് ജിഷ്ണു സുധേയൻ, ശ്രീലക്ഷ്മി തുടങ്ങിയവര്‍ സംബന്ധിച്ചു.