യഹിയാ മുഹമ്മദ്
ഒരു മതിലിന്റെ അപ്പുറവും ഇപ്പുറവും നിന്ന് പ്രണയിക്കുന്ന പോലെ
ആയാസകരമാവണമെന്നില്ല
ഒരു മുൾവേലിയുടെ ഇരുവശങ്ങളിരുന്ന് പ്രണയിക്കുന്നത്.
മുൾവേലികൾ ശബ്ദിക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ?
തോക്കുകളുടെ ശബ്ദത്തിൽ അവ സംവദിക്കുന്നത്.
അവർ പരസ്പരം ചുംബിക്കാനൊരുങ്ങുമ്പോൾ
വേലികൾ പെരുമ്പാമ്പായി ചുറ്റിവരിയുകയും
കൈകാലുകൾ ബന്ധിച്ചിടുകയും ചെയ്യുന്നു.
അവിടെ അവർക്കു വേണ്ടി പാടാൻ ഒരു കുയിലോ
തണൽ വിരിക്കാൻ ഗുൽമോഹറോ
കുളിരേകാൻ ഒരു അരുവിയോ കാണണമെന്നില്ല.
കത്തിജ്വലിക്കുന്ന സൂര്യനു ചുവട്ടിൽ
നിലനിൽപ്പിനു വേണ്ടിയുള്ള സമരത്തിലായിരിക്കും
അവർ രണ്ടു പേരും.
എന്നെങ്കിലും ജ്വലിക്കാവുന്ന ഒരു അഗ്നിക്ക് വേണ്ടി
ചുള്ളിക്കമ്പുകൾ ഒടിച്ചു വെക്കുന്ന
തിരക്കിട്ടജോലിയിലായിരിക്കും അവർ.
അവരുതന്നെ അവർക്ക് ചാവേറുകളാണ്
ഒരിക്കൽ എന്നിൽ വന്ന്
അവൾ
പെട്ടിത്തെറിക്കുമോ എന്ന് അവനും
അവൻ വന്ന് പൊട്ടിത്തെറിക്കുമോ എന്ന് അവളും
ഭയത്തിന്റെ ഒരു മഞ്ഞു പടലം
ഉള്ളിൽ പുതച്ചിട്ടുണ്ടാവും
അടുത്ത ഗ്രാമത്തിൽ നിന്നും
വെള്ളമെടുക്കാൻ കുടങ്ങളുമായി അവൾ വരും
ആട്ടിൻ പറ്റങ്ങളെ തെളിച്ച് അവനും
ആടുകൾക്കവൾ
വെള്ളം കൊടുക്കും
അവൻ ആടിനെ കറന്നെടുക്കും.
കൈയിൽ കരുതിയ റൊട്ടിയിൽ നിന്നവർ
പകുത്തെടുത്ത് ഭക്ഷിക്കും
ഒരിക്കൽ കറുത്ത ബുർഖയ്ക്കുള്ളിൽ
അവനെയും ഒളിപ്പിച്ചു കൊണ്ടവൾ
കടന്നുകളയും
അന്ന്
ആകാശങ്ങളിൽ നിന്ന്
തീമഴ പെയ്യും.
അതിർത്തികളിലെ
വെടിയൊച്ചകളെ ഭേദിച്ച്
ഇടിമുഴക്കങ്ങൾ
മിന്നലുകൾക്കൊപ്പം പിഴുതെറിയും
പിന്നാലെ
പെയ്തിറങ്ങിയ പേമാരിയിൽ
മുൾവേലിക്കൾ പൂത്തു തുടങ്ങും…
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.