എം.ടി.വാസുദേവൻ നായരുടെ ജ്യേഷ്ഠനും എഴുത്തുകാരനുമായ എം.ടി.നാരായണൻ നായർ (88) അന്തരിച്ചു. പാലക്കാട് റെയിൽവേ ആശുപത്രിയിൽവച്ചായിരുന്നു മരണം. കുറച്ചു വർഷങ്ങളായി മകൾക്കൊപ്പം പാലക്കാടായിരുന്നു താമസം. കഥകളും വിവർത്തനങ്ങളും ഉൾപ്പെടെ 37 കൃതികൾ രചിച്ചിട്ടുണ്ട്. എം.ടി.വാസുദേവൻ നായർക്കു മുമ്പുതന്നെ സാഹിത്യ ലോകത്തെത്തിയ നാരായണൻ നായരുടെ പ്രധാന പ്രവർത്തനമേഖല വിവർത്തനമായിരുന്നു. അശോകമിത്രന്റെ എയ്റ്റീൻത്ത് പാരലൽ വിവർത്തനം ചെയ്തത് നാരായണൻ നായരാണ്. ജിദ്ദു കൃഷ്ണമൂർത്തിയെക്കുറിച്ചുള്ള ഗ്രന്ഥങ്ങളും അദ്ദേഹം മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. അടുത്ത സുഹൃത്തുക്കൾക്കിടയിൽ കൊച്ചുണ്യേട്ടൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.