തമിഴ് സിനിമയിലെ ജാതി

1
852
Mridul C Mrinal

സിനിമ
മൃദുൽ. സി. മൃണാൾ

സകലകല എന്നതിലുപരി ഒരു പ്രദേശത്തിന്റെയാകെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളെ  ഇളക്കി മറിക്കുന്ന ഒരു നിർണ്ണായക ഘടകമാണ് സിനിമ. ആവിഷ്കാരത്തിൻറെ ഉന്നത തലം എന്നും വേണമെങ്കിൽ പറയാം.മനുഷ്യ മനസ്സിനെ സ്വാധീനിക്കാൻ തക്കതായ മറ്റൊരു വിനോദോപാധി ഉണ്ടോയെന്ന് സംശയമാണ്. നാടകം ശാലകളിൽ നിന്നും വെള്ളിത്തിരയിലേക്കും ശേഷം നവമാധ്യമ പ്രതലത്തിലേക്കുമുള്ള സിനിമയുടെ പരിണാമം വളരെ സങ്കീർണവും അതിശയിപ്പിക്കുന്നതുമാണ്.ഗ്രീക്ക് ദേവതോപാസനയിൽ നിന്ന് ഒരു നാടിനെയാകെ സ്വാധീനിക്കുന്ന ഘടകമാകാൻ അഭിനയകല ഒട്ടേറെ ദൂരങ്ങൾ താണ്ടിയിരിക്കുന്നു. ആധുനികാനന്തര കാലത്ത് സാംസ്കാരിക മണ്ഡലത്തെ വിമർശനാത്മകമായി സമീപിക്കുന്ന നമ്മൾ ഇതുവരെ നർമ്മബോധത്തോടെ കണ്ടും കേട്ടും രസിച്ചിരുന്നവയെ ഇഴകീറി പരിശോധിക്കാൻ തയ്യാറാകുന്നു. ഇതിൽ നവമാധ്യമങ്ങൾക്കള്ള പങ്കും വലുതാണ്. സിനിമ എന്ന മാദ്ധ്യമത്തെ മറ്റൊരു വീക്ഷണകോണിലൂടെ പഠിക്കേണ്ടത് അത്യാവശ്യമാണ്.

തമിഴ് ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് തമിഴ് സിനിമ. ബോളിവുഡ് കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ വ്യവസായം. അന്നത്തെ മദിരാശിയിലാണ് തെലുങ്കു-തമിഴ്-മലയാളം സിനിമകളുടെ തുടക്കം. AVM പോലുള്ള സ്റ്റുഡിയോകളിൽ നിരവധി ചലച്ചിത്രങ്ങൾ പിറന്നു. കോളിവുഡ് എന്ന് പൊതുവെ അറിയപ്പെടുന്ന തമിഴ് സിനിമയ്ക്ക് ഇന്ന് തമിഴ്നാട്ടിൽ മാത്രമല്ല ദക്ഷിണേന്ത്യ മുഴുവനും ആഗോളതലത്തിലും മാർക്കറ്റുകളുണ്ട്. വലിയ ബഡ്ജറ്റിൽ ബ്രഹ്മാണ്ഡ ചിത്രങ്ങളൊരുക്കി ലോകമെങ്ങും പ്രദർശിപ്പിക്കുന്നു. അധികവും വൻ ആരാധക പ്രീതിയുള്ള താരങ്ങളെ വെച്ച് ചെയ്യുന്ന കച്ചവട സിനിമകളാണെങ്കിലും കഥാമൂല്യമുള്ള ചിത്രങ്ങളും പുറത്തിറങ്ങുന്നു. സിനിമയും രാഷ്ട്രീയവും ഇടകലരുന്ന സംഭവ വികാസങ്ങൾക്ക് എടുത്തുകാട്ടാണല്ലോ തമിഴകം. ആരാധകപ്രീതി ഉപയോഗിച്ച് താരങ്ങൾ രാഷ്ട്രീയ രംഗപ്രവേശനം ചെയ്ത് വിജയിച്ച മണ്ണാണ് തമിഴ്നാട്. എം.ജി രാമചന്ദ്രനും, ജാനകി രാമചന്ദ്രൻ, കരുണാനിധി, ജയലളിത തുടങ്ങി മുഖ്യമന്ത്രി പദം അലങ്കരിച്ച എല്ലാവരും ഒരുകാലത്ത് വെള്ളിത്തിര അടക്കിവാണ താരങ്ങളാണെന്ന് ഓർക്കണം. ആന്ധ്രയിൽ എൻ ടി രാമറാവും ഇതേ രീതിയിലാണ് രാഷ്ട്രീയത്തിലെത്തിയത്. പ്രമുഖ രാഷ്ട്രീയ നേതാക്കൾ അരങ്ങൊഴിഞ്ഞ തമിഴകത്ത് പുതിയകാല താരങ്ങൾ തങ്ങളുടെ രാഷ്ട്രീയത്തിലെ ഭാഗ്യപരീക്ഷണത്തിന് ഒരുങ്ങുകയാണ്. ആരാധക പ്രീതിയാണ് പ്രധാന ആധാരം. ഇതിനിടെ മണ്ണിന്റെ മക്കൾ വാദമുയർത്തി സിനിമാ താരങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തെ എതിർക്കുന്ന തീവ്ര തമിഴ് ദേശീയ ഗ്രൂപ്പകളും തമിഴ് രാഷ്ട്രീയത്തിലുണ്ട്.

വളരെ റിയലിസ്റ്റിക് എന്ന് വിളിക്കപ്പെടുന്ന മലയാളം സിനിമയിൽ നിന്ന് ലഭിക്കാത്ത ആക്ഷൻ സിനിമ അനുഭവം മലയാളി കണ്ടെത്തുന്നത് തമിഴ് സിനിമയിലാണ്. എന്നാൽ കേവലം വിനോദം എന്നതിലുപരി തമിഴ് സിനിമയിൽ കണ്ടെത്തുന്ന കഥാതന്തു മലയാളികൾ ചർച്ചാവിധേയമാക്കാറില്ല. പല സിനിമകളെയും വിമർശനാത്മകമായി സമീപിക്കുമെങ്കിലും അവയുടെ സാമൂഹ്യ സാംസ്കാരിക പശ്ചാത്തലത്തെ തൊടാതെയുള്ള വിമർശനങ്ങളാണ് പൊതുവെ വരുന്നത്. തമിഴ് നാടിന്റെ സാമൂഹ്യ ഘടനയിലെ സങ്കീർണ്ണ അവസ്ഥയും അവയെ പറ്റിയുള്ള ധാരണകളുടെ അഭാവവും മലയാളി പ്രേക്ഷകരെ അത്തരത്തിലുള്ള ഒരു ചർച്ചയിലേക്ക് കൊണ്ടെത്തിക്കുന്നില്ല. സിനിമ ചർച്ച ചെയ്യുന്ന സാംസ്കാരിക മൂല്യങ്ങളെ മുൻനിർത്തിയുള്ള പഠനങ്ങളിൽ പ്രധാനമാണ് അവയിലെ ഒളിച്ചു കടത്തലുകളും അവ ചർച്ച ചെയ്യപ്പെടുന്ന സാമൂഹ്യ പശ്ചാത്തലവും. വിഖ്യാത ഫ്രഞ്ച് സംവിധായകൻ ഗോദാർദിൻറെ വിശേഷണത്തിൽ സിനിമ ലോകത്തെ ഏറ്റവും സുന്ദരമായ തട്ടിപ്പാണ്. അവയിൽ അണിയറക്കാരുടെ താൽപര്യങ്ങൾക്ക് വിധേയമായിയാണ് സിനിമ വളരുന്നത്. സംവിധായകൻറെ രാഷ്ട്രീയവും രചയിതാവിന്റെ ജാതിയും എല്ലാം അതിൽ ചർച്ചയാകുന്നു.

തമിഴ് സിനിമയിലെ ജാതി ഘടനകൾ പ്രധാനമായും രണ്ടു തരത്തിലാണ് വരുന്നത്. ഒന്ന് ഒരു പ്രാദേശിക സ്വഭാവത്തിൽ കഥ പറഞ്ഞു തുടങ്ങുമ്പോൾ അവയിൽ നേരിട്ട് വരുന്ന ജാതി. രണ്ടാമത് പ്രത്യക്ഷത്തിൽ ജാതി പറയാതെ ജാതി ചിന്ത ഒളിച്ചു കടത്തുന്ന സിനിമകൾ. തമിഴ് ഗ്രാമീണ അന്തരീക്ഷത്തിൽ കഥ പറയുന്ന ചിത്രങ്ങൾ ആദ്യ ഗണത്തിൽപെടുന്നവയാണ്. ഇവയിൽ ജാതി സംഘർഷം മുഖ്യ വിഷയമായിരിക്കും. അവയെ കൂടുതൽ അടുത്തറിയാൻ തമിഴ് സാമൂഹ്യ മണ്ഡലത്തെ സൂക്ഷ്മമായി അവലോകനം ചെയ്യേണ്ടതുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ സിനിമയിലും മുതൽ മുടക്കിലും കണ്ട ബ്രാഹ്മണ സ്വാധീനം ദ്രാവിഡ സംഘടനകളുടെ ആവിർഭാവത്തോടെ ക്ഷയിച്ചു തുടങ്ങി. തൽസ്ഥാനത്ത് മറ്റ് സമുദായങ്ങൾ പ്രത്യേകിച്ചും ഭൂവുടമകളായ സമുദായങ്ങൾ സിനിമയിൽ ആധിപത്യം പുലർത്തി തുടങ്ങി. ഇവർ പൊതുവേ പിന്നോക്ക വിഭാഗങ്ങളായിട്ടാണ് അറിയപ്പെടുന്നതെങ്കിലും അധഃസ്ഥിത ദളിത് സമുദായങ്ങളിൽ നിന്നും നിന്ന് വ്യത്യസ്തമായി സമൂഹത്തിൽ സ്വയം അടയാളപ്പെടുത്തിയിരുന്നു. ഒരു മേധാവിത്വം പുലർത്തുന്ന ഉന്നത ജാതിയും അവരുമായി സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു അധഃസ്ഥിത ദളിത് വിഭാഗവുമാണ് സാധാരണ തമിഴ് ജാതി സംഘർഷങ്ങളുടെ മുഖചിത്രം. ഇവയെ പ്രധാനമായും മൂന്നായി തരം തിരിക്കാം. തമിഴ്നാട്ടിൽ ഉടനീളവും പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ കാണപ്പെടുന്ന പറയർ അഥവാ ആദി ദ്രാവിഡരും വണ്ണിയരുമാണ് ഒരു വശത്ത്. കൊങ്കുനാട്ടിലെ, അതായത് കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, നാമക്കൽ, സേലം തുടങ്ങിയ ജില്ലകളിലെ അരുന്ധതിയാർ ഗൗണ്ഡർ സംഘർഷം ഒരു ഭാഗത്ത്. പാലക്കാടൻ അതിർത്തി ഗ്രാമങ്ങളായ വടകരപ്പതി, ഒഴലപ്പതി, ചിറ്റൂർ പ്രദേശങ്ങളിൽ ഇന്നും ഈ സംഘർഷം നിലനിൽക്കുന്നത് കാണാം. തെക്കൻ തമിഴ് നാടാണ് ജാതി സംഘർഷങ്ങളുടെ പ്രധാന കേന്ദ്രം. ഇവിടെ ഭൂവുടമകളായ തേവർ സമുദായക്കാരും ദളിതരായ പള്ളർക്കും ഇടയിലാണ് പ്രധാന സംഘർഷം. കള്ളർ, മറവർ , അകമുടയാർ തുടങ്ങിയ സമുദായങ്ങളെ പൊതുവെ ഒരുമിച്ച് വിളിക്കുന്ന പേരാണ് തേവർ. മൂന്ന് ജാതികളായതിനാൽ മുക്കുലത്തോർ എന്നും ഇവർ അറിയപ്പെടുന്നു. ഇടുക്കിയിലെ തേയില തോട്ടങ്ങളിൽ പണിയെടുക്കാൻ ബ്രിട്ടീഷുകാർ പ്രധാനമായും കൊണ്ടുവന്നത് ഇവരെയാണ്. മിക്ക സിനിമകളും ആധാരപ്പെടുത്തി എടുത്തിരിക്കുന്നത് ഈ സാമൂഹ്യ പശ്ചാത്തലങ്ങളിലാണ്. ഗൗണ്ഡർ പശ്ചാത്തലത്തിൽ കൊങ്കു തമിഴ് സംസാരിക്കുന്ന ഒരുപാട് ചിത്രങ്ങൾ ഇറങ്ങിയിട്ടുണ്ട്. 1992 ൽ വിജയകാന്ത് അഭിനയിച്ച ചിന്ന ഗൗണ്ഡർ ഒരു ഉദാഹരണം. കൊങ്കു തമിഴ് സംസാരിക്കുന്നവരെ പൊതുവെ ഹാസ്യ കഥാപാത്രങ്ങളായിട്ടാണ് ചിത്രീകരിക്കുന്നത്. കോവൈ സരള, ഗൗണ്ഡമണി തുടങ്ങിവർ ഉദാഹരണം.

വിജയനഗര സാമ്രാജ്യ കാലത്ത് തമിഴ്നാട്ടിൽ പടയെടുത്ത് വന്ന നായ്ക്കന്മാരുടെ കൂടെ എത്തി തമിഴ്നാട്ടിൽ വൻ തോതിൽ കുടിയേറി പാർത്തവരാണ് നായിഡു, നായ്ക്കർ, മുദ്രയാർ എന്നിങ്ങനെ വിളിക്കപ്പെടുന്ന സമൂഹം. തെലുങ്കു മാതൃഭാഷയായ ഇവർ പിന്നീട് തമിഴ് ഉപയോഗിച്ച് തുടങ്ങി. ഇന്നും തേനി, മധുരൈ പോലുള്ള തമിഴ്നാടിന്റെ ഉൾ പ്രദേശങ്ങളിൽ തെലുങ്ക് സംസാരിക്കുന്നത് കാണാം. തമിഴ് സിനിമയിലെ ജമീന്ദാർമാർ ഇവരാണ്. ജാതിയെ പ്രശംസിക്കുന്ന സിനിമകളിൽ നായിക്കരെ പ്രശംസിക്കുന്നു രംഗങ്ങൾ അനവധിയാണ്. തേൻമാവിൻ കൊമ്പത്തിൻറ തമിഴ് റീമേക്കായ യജമാനനിൽ ജാതി മേധാവിത്വം മുഴച്ചു നിൽക്കുന്നതു കാണാം. 2000 ൽ ഭാരതി കണ്ണൻ സംവിധാനം ചെയ്ത തിരുനെൽവേലി എന്ന സിനിമ നായ്ക്കർ സമുദായത്തെ ആഘോഷിക്കുന്ന സിനിമയാണ്. 2004 ൽ പുറത്തിറങ്ങിയ കമലഹാസന്റെ വിരുമാണ്ടി നായ്ക്കർ മേധാവിത്വത്തെ ചോദ്യം ചെയ്യുന്ന ഒരു സിനിമയായിരുന്നു. ചെന്നൈ പശ്ചാത്തലമാക്കിയുള്ള പല സിനിമകളിലും കഥാപാത്രങ്ങൾ അച്ഛനെ അപ്പാ എന്നതിന് പകരം നൈനാ എന്ന് വിളിക്കുന്നത് കാണാം. ഇത് കഥാപാത്രങ്ങളുടെ സാമൂഹ്യ പശ്ചാത്തലം പറയാതെ പറയുന്ന രീതിയാണ്.

തെക്കൻ തമിഴ്നാട്ടിലെ നിത്യ സംഭവമാണ് ജാതി സംഘർഷങ്ങൾ. മധുരെ, തേനി , പുതുക്കോട്ട രാമനാഥപുരം, ശിവഗംഗ, തിരുനെൽവേലി തുടങ്ങിയ ജില്ലകളെ ഒരു തരത്തിലുള്ള ഫ്യൂഡൽ മാടമ്പിത്തരം നിലനിൽക്കുന്ന പ്രദേശങ്ങളായാണ് സിനിമകളിൽ കാണിക്കുന്നത്. “ച” കാരത്തിന് ഊന്നൽ കൊടുക്കുന്ന മധുരൈ തമിഴും അഥവാ അണ്ണാച്ചി തമിഴും ഷർട്ടിന് പിന്നിൽ അരിവാൾ വെച്ച് വെട്ടാൻ നടക്കുന്ന അടിയാളുകളും സിനിമയിൽ ഈ പ്രദേശങ്ങളെ ഒരു സംഘർഷ ഭൂമിയായി ചിത്രീകരിക്കുന്നു. സമാന പ്രവണത തെലുങ്ക് സിനിമയിലും കാണാം. റായലസീമ പ്രദേശത്തെ സമാനരീതിയിലാണ് തെലുങ്ക് സിനിമകളിൽ അവതരിപ്പിക്കുന്നത്. തേവർ സമുദായത്തിന് മേധാവിത്വമുളള ഇവിടെയാണ് കുപ്രസിദ്ധമായ ജാതിമതിലും  1981 ലെ വിവാദമായ മീനാക്ഷിപുരം കൂട്ടമതപരിവർത്തനവും നടന്നത്. തേവർ സമുദായത്തെ ആഘോഷിക്കുന്ന സിനിമകൾ അനവധിയാണ്.1992 രാമനാരായണൻ സംവിധാനം ചെയ്ത തേവർ വീട്ട് പൊണ്ണ് എന്ന് സിനിമയിൽ തേവൻ സമുദായചാര്യനായ പസുംപൊൻ മുത്തുലിംഗ തേവരെ സ്തുതിക്കുന്ന പാട്ടുകൾ ജാതി മേധാവിത്വത്തിന്റെ കാണാപുറങ്ങളെ വരച്ചു കാട്ടുന്നു. 1994 ൽ കമലഹാസൻ, ശിവാജി ഗണേശൻ എന്നിവർ അഭിനയിച്ച തേവർ മകൻ വളരെ വിവാദമായ ഒരു സിനിമയായിരുന്നു. സിനിമയിലെ ഒരു ഗാനം രംഗം വളരെ വിവാദം ഉയർത്തി വിട്ടിരുന്നു. “പോട്രി പാടടി കണ്ണേ തേവർ കാലടി  മണ്ണേ” എന്ന് തുടങ്ങുന്ന ഗാനം തേവർക്ക് മുന്പിൽ ഒരു പള്ളർ സമുദായക്കാരൻ കുറം വെച്ച് കൊട്ടുന്നതായിരുന്നു രംഗം. ഗാനത്തിൻറ വരികളും രംഗാവിഷ്ക്കാരവും ചൂണ്ടിക്കാട്ടി അന്ന് നിരവധി വിമർശനങ്ങളുയർന്നിരുന്നു. എന്നാൽ ഇതിടയിൽ തന്നെ ഈ പ്രദേശങ്ങളിൽ നിന്ന് തന്നെ ദളിത് പശ്ചാത്തലത്തിലുള്ള ധാരാളം സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്. പരിയേറും പെരുമാൾ, അസുരൻ    തുടങ്ങിയ ശ്രദ്ധിക്കപ്പെട്ട സിനിമകളുടെ ഭൂമിക ഈ തെക്കൻ പ്രദേശങ്ങളായിരുന്നു. ജാതി മേധാവിത്വത്തെ അതിന്റെ മടയിൽ ചെന്ന് നേരിടുക എന്ന ശൈലിയാണ് സംവിധായകർ ഇവിടെ അവലംബിച്ചിട്ടുള്ളത്. തൻറെ ദളിത് ആഭിമുഖ്യമുള്ള സിനിമകൾക്ക് തെക്കൻ ജില്ലകളിൽ വേണ്ടത്ര സ്വീകാര്യത ലഭിക്കില്ലെന്ന് പല സഹസംവിധായകരും തനിക്ക് മുന്നറിയിപ്പ് തന്നതായി സംവിധായകൻ പ രഞ്ജിത്ത് ഒരു സംഭാഷണത്തിനിടെ പറഞ്ഞിരുന്നു. ഈ സിനിമകൾ പലതും തമിഴ്നാട്ടിലെ ദളിത് ഉണർവ്വിൻറെ പ്രതിഫലനമായി വേണം കാണുവാൻ. പരിയേറും പെരുമാളിലെ പാരിയുടെ ഡയലോഗുകളിലൊന്നിൽ പറയുന്നത് കേൾക്കുക “നീങ്ക നീങ്കളാ ഇരുകരവരെക്കും നാൻ നായാതാൻ ഇരുക്കനുംന് നീങ്ക എതിർപാക്കര വരെക്കും ഇങ്ങ്ക എതുവുമേ മാറാത്”. ജാതി മേധാവിത്വത്തിനും സാമൂഹ്യ ഘടനയ്ക്കുമെതിരെയുള്ള ശക്തമായ രോഷപ്രകടനമായി ഇതിനെ കാണാം. ഒപ്പം അംബേദ്കർ, നാരായണഗുരു എന്നിവർ അഭിപ്രായപ്പെട്ടത് പോലെ യഥാർത്ഥ വിമോചനം അറിവൂടെ എന്ന സന്ദേശം നൽകുന്നതാണ് മിക്ക സിനിമകളും. അസുരനിലെ ഒരു സംഭാഷണം ഇങ്ങനെയാണ് ” നമക്കിട്ട കാടിരുന്താ എടുത്തുകിടുവാണ്ങ്കേ, പൂവിരുന്താ പുടുങ്കിപാണ്ങ്കേ, അണാ പഠിപ്പുമട്ടും നമക്കിട്ടയിരുന്ത് എടുത്തുക്കമുടിയാത് ചിദംബരം” (നമ്മുടെ കയ്യിൽ വയലുണ്ടെങ്കിൽ അതെടുക്കും, പൂവുണ്ടെങ്കിൽ അത് പറിച്ചെടുക്കും എന്നാൽ നമ്മുടെയടുക്കൽ പഠിപ്പു ണ്ടെങ്കിൽ അത് ആരാലും അപഹരിക്കാൻ കഴിയില്ല). ഒരു സാമൂഹ്യ നിർമ്മിതി എന്ന നിലയിൽ തമിഴ് സിനിമയിൽ ജാതി ഒരു യാഥാർത്ഥ്യമാണ്. ഒരു കാലത്തെ സമൂഹത്തിന്റെ പ്രതിഫലനമാണ് സിനിമ. ആ സമൂഹത്തിന്റെ മാറ്റങ്ങളെയും സിനിമ അടയാളപ്പെടുത്തിന്നു. അപ്രകാരം പാരിയും ചിദംബരവുമെല്ലാം മാറി ചിന്തിക്കുന്ന തമിഴകത്തിന്റെ അടയാളങ്ങളാണ്.

Reference

Karthikeyan Damodaran and Hugo Gorringe, « Madurai Formula Films: Caste Pride and Politics in Tamil Cinema », South Asia Multidisciplinary Academic Journal [Online], Free-Standing Articles, Online since 22 June 2017, connection on 19 September 2020. URL : http://journals.openedition.org/samaj/4359 ; DOI : https://doi.org/10.4000/samaj.4359

Leonard, Dickens. 2015. “Spectacle Spaces: Production of Caste in Recent Tamil Films.” South Asian Popular Culture 13(2):155–73.

DOI : 10.1080/14746689.2015.1088499

Hardgrave, Robert. 1973. “Politics and Film in Tamil Nadu: The Stars and the DMK.” Asian Survey 13(3):288–305

nand, S. 2005. “Politics, Tamil Cinema Eshtyle.” Outlook, 30 May, 2005. Retrieved Semptember 30, 2013 (http://www.outlookindia.com/article.aspx?227523


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

1 COMMENT

  1. തമിഴ്‌ സിനിമയിലോ തെലുങ്ക്‌ സിനിമകളിലോ മാത്രമല്ല ജാതിയും മതവും പൊതിഞ്ഞു കടത്തുന്നത്‌. മലയാളത്തിലും ഹിന്ദിയിലും ഇതുണ്ട്‌, മലയാളത്തിൽ പ്രബലമായി തന്നെ ജാതിയും മതവും നിലനിൽക്കുന്നുണ്ട്‌. അപ്പോസ്തല നായകന്മാരെ അവതരിപ്പിച്ച്‌ കൈയടി നേടിയവരും മാടമ്പിത്തരം വിളമ്പിയവരും കുറവല്ല. അസുരൻ പോലെയോ കർണ്ണൻ പോലെയോ ഒരു സിനിമ ഇപ്പോഴും മലയാളത്തിൽ സംഭവിക്കാൻ സാധ്യത കുറവാണു, കീഴാള രാഷ്ട്രീയം പറഞ്ഞ കമ്മ്യൂണിസ്റ്റ്‌ സിനിമകളിൽ പോലും നായക കഥാപാത്രങ്ങളുടെ അസ്ഥിത്വം ജാതിയമായും മതപരമായും ഉന്നതമായിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്‌.

    ഇതെല്ലാം കൂടി ലേഖനത്തിൽ ചർച്ച ചെയ്യാമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here