നിറങ്ങള്‍ കൊണ്ട് ജീവിതം തീര്‍ത്ത കല: ജസ്ഫര്‍

0
1165

നിധിന്‍. വി. എന്‍.

ഇന്ന് അന്താരാഷ്ട്ര മൗത്ത് ആൻഡ് ഫൂട്ട് പെയിന്റിംഗ് ആർട്ടിസ്റ്റ് ഡേ. ശരീരത്തിന്റെ പരിമിതികളെ മറികടന്നുകൊണ്ട് ചിത്രങ്ങള്‍ വരയ്ക്കുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. ഒരൊറ്റ വര കൊണ്ട് നമ്മെ വിസ്മയിപ്പിക്കുന്ന, പരിധികളെ മറിക്കടക്കാന്‍ പ്രേരിപ്പിക്കുന്ന ചിലര്‍. അത്തരത്തില്‍ ഒരാളുടെ വിശേഷങ്ങളാവട്ടെ ഇന്നത്തെ ദിവസം.

ജസ്ഫര്‍ കോട്ടക്കുന്ന്. മലപ്പുറം സ്വദേശി. പരിസ്ഥിതി ജീവ കാരുണ്യ മേഖലകളില്‍ സജീവ സാന്നിധ്യം. സംഘാടകന്‍, മോട്ടിവേറ്റര്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്നിങ്ങനെ പല റോളുകളിലൂടെ ഓൺലൈനിലും ഓഫ്‌ലൈനിലും കർമ്മനിരതൻ.

അന്താരാഷ്ട്ര മൗത്ത് ആൻഡ് ഫൂട്ട് പെയിന്റിംഗ് അസോസിയേഷന്‍ അംഗമാണ് ജസ്ഫര്‍. 72 രാജ്യങ്ങളില്‍ നിന്നായി 780 ആര്‍ട്ടിസ്റ്റുകളുള്ള അന്തര്‍ദേശീയ സംഘടനയാണ് The Association of Mouth and Foot Painting Artists of the World. 

ബ്രഷുകള്‍ പല്ലുകള്‍ക്കിടയില്‍ കടിച്ചുപിടിച്ചുകൊണ്ടാണ് ജസ്ഫര്‍ ചിത്രങ്ങള്‍ വരക്കുന്നത്. വരച്ചും വായിച്ചും ആത്മവിശ്വാസത്തിന്റെ ആള്‍രൂപമായ ചിത്രകാരന്റെ ശരീരത്തെ തളര്‍ത്താന്‍ മാത്രമേ രോഗത്തിന് കഴിഞ്ഞുള്ളൂ. ആറാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ വരയ്ക്കുന്നതിനിടയില്‍ പെന്‍സില്‍ ഊര്‍ന്നു വീഴുകയായിരുന്നു. കഴുത്തിന്‌ മുകളില്‍ മാത്രം ചലനശേഷി അവശേഷിപ്പിച്ച രോഗത്തിന്റെ വരവായിരുന്നു. മസിലുകള്‍ അയഞ്ഞ് അവയങ്ങള്‍ നിശ്ചലമാകുന്ന മസ്കുലര്‍ ഡിസ്ട്രോഫി എന്ന അപൂര്‍വരോഗം. രോഗം പിടിപ്പെട്ട് ആറാം ക്ലാസ്സില്‍ വെച്ച് സ്‌കൂളിലേക്കുള്ള വഴിയടഞ്ഞു. പക്ഷെ, പഠനം ഉപേക്ഷിച്ചില്ല. ഇംഗ്ലീഷിലും, മലയാളത്തിലുമായി ഒട്ടേറെ പുസ്തകങ്ങള്‍ വായിച്ചു.

വരച്ച ചിത്രങ്ങള്‍ സുഹൃത്തുക്കളെ കാണിക്കുമ്പോള്‍ അവര്‍ നിര്‍ദേശങ്ങള്‍ പങ്കുവെക്കും. അതില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കി വര തുടരും. കെ വി ദയാനന്ദന്‍ മാസ്റര്‍ ജസ്ഫറിന് ഗുരുസ്ഥാനീയനാണ്. സുഹൃത്തുക്കളും ഗുരുക്കന്മാരും വരയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. യു. എ. ഇ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ ചിത്രപ്രദര്‍ശനം നടത്തിയിട്ടുണ്ട്. ലോകവ്യാപകമായി ആശംസാകാര്‍ഡുകളിലും, കലണ്ടറുകളിലും ചിത്രങ്ങള്‍ സ്ഥാനം പിടിച്ചു. ജീവിതത്തെ മുറുകെ പിടിച്ച, നിറങ്ങള്‍ കൊണ്ട് ജീവിതം തീര്‍ത്ത കലയാണ് ജസ്ഫര്‍.

പരിസ്ഥിതി കൂട്ടായ്മയായ ഗ്രീൻ പാലിയേറ്റീവിന്റെ ചെയർമാനാണ്. വിരിയട്ടെ ഇനിയുമൊരുപാട് ചിത്രങ്ങൾ, ജസ്ഫറിന്റെ ബ്രഷുകളിലൂടെ. ആശംസകൾ.

LEAVE A REPLY

Please enter your comment!
Please enter your name here