കുവൈറ്റ് മുന്‍ സ്ഥാനപതിയും എഴുത്തുകാരനുമായ ബി.എം.സി.നായര്‍ എന്ന മോഹനചന്ദ്രന്‍(77) അന്തരിച്ചു. ചെന്നൈ അണ്ണാനഗറിലെ വീട്ടില്‍ വെള്ളിയാഴ്ച രാവിലെ 10.30-ഓടെ ആയിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
മലയാളത്തില്‍ മാന്ത്രിക നോവല്‍ ശാഖയക്ക് തുടക്കം കുറിച്ച കലികയുടെ ഉപജ്ഞാതാവാണ്. 1941 മെയ് 24-ന് ആലുവയില്‍ ജനിച്ച മോഹനചന്ദ്രന്‍ 1962-ല്‍ മൊത്തം കേരള സംസ്ഥാനത്തില്‍ ഡിസ്റ്റിങ്ഷനോടെ എം.എ ചരിത്രം പാസ്സായി. കേരളചരിത്രത്തില്‍ യു ജി സി സ്കോളര്‍, പശ്ചിമയൂറോപ്പില്‍ ബ്രസല്‍സ് സര്‍വകലാശാലയില്‍ ഫ്രഞ്ച് ഭാഷയിലും സാഹിത്യത്തിലും പഠനം. 1965-ല്‍ IFS,IAS,IPS ഉള്‍പ്പെടെ സകല സര്‍വീസുകളിലേക്കും ഉയര്‍ന്ന റാങ്കോടെ തിരഞ്ഞെടുക്കപ്പെട്ടു. 28 ആം വയസ്സില്‍ അന്താരാഷ്ട്രീയ കമ്മീഷന്റെ ഹാനോയ് ശാഖയുടെ ചെയര്‍മാന്‍. തുടര്‍ന്ന്, ബര്‍ലിനില്‍ കോണ്‍സുള്‍ ജെനറല്‍, മൊസാംബിക്, ജമേയ്ക്ക, സിങ്കപ്പൂര്‍, കുവൈറ്റ് തുടങ്ങിയ ഇടങ്ങളില്‍ അംബാസിഡര്‍. ആഭ്യന്തരയുദ്ധം കാരണം വിയറ്റ്നാം, ബര്‍മ, മൊസാംബിക് എന്നിവിടങ്ങളില്‍ പ്രവേശനം പ്രയാസമായിരുന്ന സ്ഥലങ്ങളിലെ സാഹസികയാത്രികന്‍, 1973-ല്‍ ഈജിപ്ത് ഇസ്രയേല്‍ യുദ്ധകാലത്ത് കയിറോയില്‍ പൊളിറ്റിക്കല്‍ സെക്രട്ടറി. 2001-ല്‍ റിട്ടയര്‍ ചെയ്ത് ചെന്നൈയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.
കാക്കകളുടെ രാത്രി, സുന്ദരി ഹൈമവതി, കാപ്പിരി, പന്തയക്കുതിര, ഗന്ധകം, കരിമുത്ത്, വേലന്‍ ചെടയന്‍ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു കൃതികള്‍.
ഭാര്യ – ലളിത, മക്കള്‍ – മാധവി, ലക്ഷ്മി