ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന വെബ് പരമ്പരയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വെബ് പരമ്പരയുടെ ഓണ്‍ലൈന്‍ പ്രദര്‍ശനം നിര്‍ത്തിവെയ്ക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇറോസ് നൗവിന് നിര്‍ദ്ദേശം നല്‍കി. ഇതുവരെ പ്രദര്‍ശിപ്പിച്ച അഞ്ച് ഭാഗങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് പിന്‍വലിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
‘മോദി -ഹ ജേര്‍ണി ഓഫ് എ കോമണ്‍ മാന്‍’ എന്ന പേരുള്ള പരമ്പരയ്ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഏപ്രില്‍ മൂന്നിനാണ് പരമ്പരയുടെ പ്രദര്‍ശനം ആരംഭിച്ചത്. ഉമേഷ് ശുക്ല സംവിധാനം ചെയ്യുന്ന വെബ് സീരിസസില്‍ മഹേഷ് താക്കൂറാണ് മോദിയായി അഭിനയിക്കുന്നത്.
മോദിയുടെ കഥ പറയുന്ന’പിഎം മോദി’ എന്ന ചിത്രത്തിന്റെ റിലീസ് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞിരുന്നു. അതിനുപിന്നാലെയാണ് വെബ് സീരിസിനും വിലക്ക് ഏര്‍പ്പെടുത്തുന്നത്.