കോഴിക്കോട്∙ കവി എം.എൻ. പാലൂർ (പാലൂർ മാധവൻ നമ്പൂതിരി – 86) അന്തരിച്ചു. ഒക്ടോബര്‍ 9ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു അന്ത്യം. കേന്ദ്ര, കേരള പുരസ്കാരങ്ങളും ആശാൻ സാഹിത്യ പുരസ്കാരവും നേടിയിട്ടുണ്ട്. എറണാകുളം പറവൂരിൽ ജനിച്ച എം.എൻ.പാലൂർ ഏറെക്കാലമായി കോഴിക്കോട് കോവൂരിലായിരുന്നു താമസം.
പാലൂരു മനയ്‌ക്കൽ മാധവൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകനായി 1932 ജൂൺ 22നു ജനിച്ച മാധവന് ഔപചാരിക വിദ്യാഭ്യാസത്തിന് അവസരം ലഭിച്ചില്ല. സംസ്‌കൃത ഭാഷയും ദേവനാഗരി ലിപിയും ചെറുപ്പത്തിൽ തന്നെ പഠിച്ചു; പിന്നീട് ഡ്രൈവിങ്ങും. നാട്യാചാര്യൻ പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെയും വാഴേങ്കട കുഞ്ചുനായരുടെയും കീഴിൽ കഥകളിയും അഭ്യസിച്ചു. 1959ൽ മുംബൈയിൽ ഇന്ത്യൻ എയർലൈൻസിൽ ജീവനക്കാരനായി. 1990ൽ ഗ്രൗണ്ട് സപ്പോർട്ടിങ് ഡിവിഷനിൽ സീനിയർ ഓപ്പറേറ്റായി വിരമിച്ചു. പേടിത്തൊണ്ടൻ (1962) ആണ് ആദ്യ കാവ്യ സമാഹാരം. തീർഥയാത്ര, ഭംഗിയും അഭംഗിയും, പച്ചമാങ്ങ, സർഗധാര, കലികാലം തുടങ്ങിയവയാണ് പ്രധാനകൃതികൾ. ‘കലികാലം’ കവിതാ സമാഹാരം 1983ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടി. ആത്മകഥ ‘കഥയില്ലാത്തവന്റെ കഥ’ 2013ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് അർഹമായി. 2009ലെ ആശാൻ സാഹിത്യ പുരസ്കാരവും പാലൂരിനായിരുന്നു.