ഏകജാലകം വഴിയുള്ള ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ മെയ് 25 ന് ആരംഭിക്കും. ജൂൺ 3 വരെ അപേക്ഷിക്കാം. പ്രൊവിഷണൽ റാങ്ക് ലിസ്റ്റും ട്രയൽ അലോട്‌മെന്റും ജൂൺ 7ന് പ്രസിദ്ധീകരിക്കും. ഒന്നാം അലോട്ട്‌മെന്റ് ജൂൺ 13നും രണ്ടാം അലോട്ട്‌മെന്റ് 22നും പ്രസിദ്ധീകരിക്കും. മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി, സ്‌പോർട്‌സ്, കൾച്ചറൽ ക്വാട്ട, വികലാംഗ വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകൾ എന്നിവയിലേക്ക് അപേക്ഷിക്കുന്നവർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ തന്നെ നേരിട്ട് അപേക്ഷ സമർപ്പിക്കണം. ലക്ഷദ്വീപിൽ നിന്നുള്ള അപേക്ഷകർക്കായി ഓരോ കോളേജുകളിലും സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ലക്ഷദ്വീപ് നിവാസികളായ അപേക്ഷകർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ തന്നെ നേരിട്ട് അപേക്ഷ സമർപ്പിക്കണം. ഓരോ കോളേജുകളിലെയും അക്കാദമിക് പ്രോഗ്രാം വെബ്‌സൈറ്റിൽ ലഭ്യമാണ്. പ്രോസ്‌പെക്ടസിന്റെ സംക്ഷിപ്തരൂപം മലയാളത്തിലും നൽകിയിട്ടുണ്ട്. സ്‌പോർട്‌സ്/ കൾച്ചറൽ/ വികലാംഗ സംവരണ സീറ്റുകളിലേക്കും പ്രവേശനത്തിനായി അപേക്ഷകർക്ക് 31 വരെ കോളേജുകളിൽ നേരിട്ട് അപേക്ഷ സമർപ്പിക്കാം. റാങ്ക് ലിസ്റ്റ് ജൂൺ രണ്ടിന് കോളേജുകളിൽ പ്രസിദ്ധീകരിക്കും. പ്രവേശനം ജൂൺ 4നകം പൂർത്തീകരിക്കണം. ഓൺലൈൻ രജിസ്‌ട്രേഷനുവേണ്ടി സർവ്വകലാശാലാ ഇൻഫർമേഷൻ സെന്ററുകളിലും അക്ഷയ സെന്ററുകളിലും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ അഫിലിയേറ്റഡ് കോളേജുകളിലും ഏകജാലക ഹെൽപ്പ് ഡെസ്‌കുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. എസ്.സി /എസ്.ടി വിഭാഗത്തിന് 330 രൂപയും മറ്റുള്ളവർക്ക് 660 രൂപയുമാണ് രജിസ്‌ട്രേഷൻ ഫീസ്.