തിരുവനന്തപുരം : ലോകകപ്പ് ഫുട്‌ബോള്‍ വിജയിയെക്കുറിച്ചുള്ള പ്രശസ്ത മെന്റലിസ്റ്റ് പ്രീത് അഴീക്കോടിന്റെ പ്രവചനം നൂറുശതമാനം ശരിയായി. കപ്പ് നേടുന്ന രാജ്യം ഏതാണെന്നും, എതിരാളി ആരായിരിക്കും എന്നും, സ്‌കോര്‍ നിലയും ആണ് ക്വാര്‍ട്ടര്‍ ഫൈനലിന് മുമ്പേ പ്രവചിച്ചിരുന്നത്.
ജൂലൈ 6 ന് പ്രവചനം അടങ്ങിയ കടലാസ് സുതാര്യമായ ചില്ലുപെട്ടിക്ക് അകത്ത് അടച്ച്, താക്കോല്‍ തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തിനെ ഏല്‍പ്പിക്കുകയായിരുന്നു. പെട്ടി അന്ന് മുതല്‍ ഏരീസ് പ്ലെക്‌സ് തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന്, ജൂലൈ 15 ന് ഫൈനല്‍ മാച്ച് കഴിഞ്ഞ ശേഷം മേയറുടെ സാന്നിധ്യത്തില്‍ പെട്ടി തുറന്നു പ്രവചനം പരിശോധിക്കുകയായിരുന്നു.
ലോക്ക് ചെയ്ത പെട്ടിക്കകത്ത് പ്രവചനം അടങ്ങിയ കടലാസ് എല്ലാവര്‍ക്കും കാണാമെന്നതും, സുതാര്യമായ പെട്ടിയും ഗ്ലാസ് ടേബിളും ആണ് ഉപയോഗിച്ചത് എന്നതും, തുറന്നു പരിശോധിക്കുന്ന ദിവസം മെന്റലിസ്റ്റോ സഹായികളോ പെട്ടി സ്പര്‍ശിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കാണികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് പെട്ടി കൈകാര്യം ചെയ്തത്. മാത്രമല്ല, സെമി ഫൈനല്‍സ് തുടങ്ങുന്നതിനു മുമ്പ് ജൂലൈ 9 ന് പ്രീത് അഴീക്കോട് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ്‌ചെയ്ത ഫോട്ടോയില്‍ കയ്യിലുണ്ടായിരുന്ന സന്ദേശത്തിലെ വാക്കുകളുടെ ആദ്യ അക്ഷരങ്ങള്‍ ചേര്‍ത്ത് വായിക്കുമ്പോള്‍ അത് FRANCE എന്ന രഹസ്യ സന്ദേശം ആയിരുന്നു എന്നത് കാണികളെ കൂടുതല്‍ വിസ്മയിപ്പിച്ചു.
മെന്റലിസ്റ്റ് പ്രീത് അഴീക്കോട്
മെന്റലിസത്തിന്റെയും മാജിക്കിന്റെയും ചരിത്രത്തില്‍ ആദ്യമായണ് ഇത്രയും സുതാര്യമായ ഒരു പ്രവചനം അരങ്ങേറുന്നത് എന്ന്‍ പ്രീത് അഴീക്കോട് പറഞ്ഞു. ഭാവി പറയാന്‍ കഴിയുമെന്ന് അവകാശപെട്ടു കൊണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന കപട ശാസ്ത്രങ്ങള്‍ക്കും ദിവ്യന്മാര്‍ക്കും എതിരെയുള്ള ബോധവത്ക്കരണത്തിനായാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചത്.
2014-ല്‍ ലോകസഭാ ഇലക്ഷന് ഫലം വരുന്ന ദിവസത്തെ 6 ദിനപത്രങ്ങളുടെ തലക്കെട്ടുകള്‍ പ്രവചിച്ചുകൊണ്ട് ജനശ്രദ്ധ ആകര്‍ഷിച്ച മെന്റലിസ്റ്റ് ആണ് പ്രീത് അഴീക്കോട്. 2 വര്‍ഷത്തോളം കഴക്കൂട്ടത്തുള്ള മാജിക് പ്ലാനറ്റിലെ പെര്‍ഫോമര്‍ ആയിരുന്നു അദ്ദേഹം. ഇപ്പോള്‍ കുടുംബസമേതം സ്വന്തം ഷോ ആയ ‘മായാമാനസം’ അവതരിപ്പിച്ചു വരികയാണ്.
ഭാര്യ: ബലൂണ്‍ ആര്‍ട്ടിസ്റ്റ് ഷിജിന പ്രീത്, മകള്‍: ജ്വാല പ്രീത്.
പരിപാടിയില്‍ മേയര്‍ വി.കെ. പ്രശാന്ത്, ഏരീസ് പ്ലെക്‌സ് സി.ഇ.ഒ. സോഹന്‍ റായി, ബിഗ് എഫ്.എം. ഹെഡ് കിടിലം ഫിറോസ്, ബിഗ് എഫ്. എം ആര്‍.ജെ. സുമി, ആര്‍.ജെ. വിഷ്ണു, ആര്‍.ജെ. നീനു, ഏരീസ് പ്ലെക്‌സ് മാനേജര്‍ ജോയ് എന്നിവര്‍ സംസാരിച്ചു. ഷിജിന പ്രീത് നന്ദി പറഞ്ഞു.