ചേമഞ്ചേരി: കാപ്പാട് മറ്റൊരു ചരിത്രത്തിന് സാക്ഷിയാവുന്നു. ലോക നൃത്ത ദിനത്തോട് അനുബന്ധിച്ച് ആയിരം പേരുടെ മെഗാ ഡാന്‍സാണ് കാപ്പാട് വെച്ച് ഏപ്രില്‍ 29 ന് സംഘടിപ്പിക്കുന്നത്. പൂക്കാട് കലാലയത്തിലെ നൃത്ത വിദ്യാര്‍ത്ഥികളാണ് ആയിരം പേരും. ‘പാരമ്പര്യവും മാനവികതയും’ എന്ന പ്രമേയത്തിലാണ് ഈ വര്‍ഷം ലോക നൃത്ത ദിനം ആചരിക്കുന്നത്.
‘സഹസ്രമയൂരം’ എന്ന് പേര് നല്‍കിയിരിക്കുന്ന ചടങ്ങ് ജില്ല ടൂറിസം വകുപ്പിന്റെ സഹകരണത്തോട് കൂടിയാണ് സംഘടിപ്പിക്കുന്നത്. തൂവ്വപ്പാറയില്‍ നടക്കുന്ന മെഗാ ഡാന്‍സില്‍ വിവിധയിനം നൃത്തരൂപങ്ങളായ ഭാരതനാട്യം. കുച്ചിപ്പുടി, ഫോക്ക് ഡാന്‍സ് മുതലയവയുടെ ഫ്യൂഷന്‍ ആണ് ഉണ്ടാവുക.
വൈകിട്ട് 5.15 ന് ആരംഭിക്കുന്ന പരിപാടിയില്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ സംബന്ധിക്കും. ശേഷം, കാണികള്‍ക്കും നൃത്തം ചെയ്യാനുള്ള അവസരം ഉണ്ടാവുമെന്ന് പൂക്കാട് കലാലയം മാനേജര്‍ ശിവദാസന്‍ പൂക്കാട് അറിയിച്ചു.