വിവാദമായ എസ്. ഹരീഷിന്റെ ‘മീശ’ ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്നു. മാതൃഭൂമിയിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു വന്നിരുന്ന എസ്. ഹരീഷിന്റെ മീശയിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് ചില സംഘടനകൾ വിവാദമാക്കിയിരുന്നു. തുടർന്ന്, ഹരീഷ് നോവൽ മാതൃഭൂമിയിൽ നിന്ന് പിൻവലിച്ചിരുന്നു. നിര്‍ത്തിവെച്ച നോവലാണ് ഇപ്പോൾ ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്നത്. നോവലിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഡി സി ബുക്സ് തന്നെയാണ് പുറത്ത് വിട്ടത്.
“പ്രിയമുള്ളവരേ,
എസ്. ഹരീഷിന്റെ മീശ ഞങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ്. മലയാളം വാരിക, ദേശാഭിമാനി, ഗ്രീന്‍ബുക്‌സ്, ഇന്‍സൈറ്റ് പബ്ലിക്ക, സൃഷ്ടി എന്നിവര്‍ അതിന്റെ പ്രസിദ്ധീകരണം ഏറ്റെടുക്കാമെന്ന് അറിയിപ്പിട്ടിരുന്നെങ്കിലും എസ് ഹരീഷ് മുന്‍ പുസ്തകങ്ങളെപ്പോലെ ഡി സി ബുക്‌സിനെ ഏല്‍പ്പിക്കുകയാണ് ചെയ്തത്. അതിനാല്‍ത്തന്നെ അതിന്റെ പ്രസീദ്ധീകരണം നിര്‍വ്വഹിക്കുക എന്നത് ഞങ്ങളുടെ കര്‍ത്തവ്യമായി ഏറ്റെടുത്തു. എക്കാലത്തും എഴുത്തുകാരോടും വായനക്കാരോടൊപ്പമാണ് ഞങ്ങള്‍. മീശ ഇപ്പോള്‍ ഇറക്കാതിരിക്കുകയാണെങ്കില്‍ മലയാളത്തില്‍ ഇനിയൊരു നോവലോ കഥയോ പ്രസിദ്ധീകരിക്കല്‍ അസാധ്യമായി വന്നേക്കാം. ബഷീന്റെയോ വി കെ എന്റെയോ ചങ്ങമ്പുഴയുടെയോ വി ടി യുടെയോ ഇന്നത്തെ എഴുത്തുകാരുടെയോ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിന് പലരുടെയും അനുവാദം വാങ്ങേണ്ടിയും വന്നേക്കാം. അതിനാല്‍ മീശയുടെ പ്രസിദ്ധീകരണം ഞങ്ങള്‍ നിര്‍വ്വഹിക്കുന്നു, താങ്കളുടെ സര്‍വ്വ പിന്തുണയും ഉണ്ടാകുമെന്ന ഉറപ്പോടെ.
സ്‌നേഹത്തോടെ
ഡി സി ബുക്‌സ് പ്രസിദ്ധീകരണ വിഭാഗം”
നാളെയാണ് നോവൽ ഇറങ്ങുന്നത്. നോവൽ പിൻവലിച്ച വിവാദങ്ങൾ കെട്ടടങ്ങും മുൻപേ തന്നെ നോവൽ പ്രസിദ്ധീകരിക്കുന്നത് അഭിനന്ദനാർഹമാണ്.