പ്രണയം കരകവിഞ്ഞൊഴുകുന്ന നദി. മായാനദി

1
1187
mayanadi movie
mayanadi movie

ബിലാല്‍ ശിബിലി

പ്രണയം. ഒഴുക്ക്. പ്രണയത്തിന്റെ നദി. മായനദി.
പക്വതയുള്ള, തീവ്രതയുള്ള, റിയലിസ്റ്റിക്ക് പ്രണയം.

പ്രണയമുണ്ടെന്ന് പാടി നടക്കാത്ത, തങ്ങളെ മാത്രം ബോധ്യപെടുത്തുന്ന മാത്തനും അപ്പുവും. അവരുടെ മുറിവുകളില്‍ അവര്‍ മെല്ലെ ഒഴിക്കുന്ന മരുന്നാണ് അവരുടെ മായനദി. പതിഞ്ഞ താളത്തില്‍ കഥ പറഞ്ഞു പോകുന്ന സിനിമ. രാത്രിയുടെ വശ്യത അത്രേമേല്‍ ഒപ്പിയെടുത്ത ദൃശ്യഭംഗി.

സ്വന്തമെന്ന് പറയുന്നവരൊക്കെ ഇല്ലാതായപ്പോള്‍ അവശേഷിച്ച, പൂച്ചയെ പോലെ രക്ഷപെടാന്‍ പഠിച്ച മാത്തന്‍. മാത്യൂസ്. ജീവിക്കണമെന്ന് അതിയായി ആഗ്രഹിക്കുന്ന, അത് ഉറപ്പിക്കുന്ന കരുത്തുള്ള പെണ്ണ്‍. അപ്പു. അപര്‍ണ്ണ. ഇവരുടെ അതിജീവനത്തിന്റെ ഒഴുക്കാണ് മായനദി.

ഇന്നലെയും ഇന്നും പോയി എന്നറിയുന്ന, നാളെയില്‍ പ്രതീക്ഷയുള്ള യുവാവ്. തല്ലരുത് എന്ന് കാമുകിയോട് മുന്‍‌കൂര്‍ ജാമ്യം വാങ്ങുന്ന, തല്ല് കിട്ടിയിട്ടും കൂടെ നടക്കുന്ന പ്രിയതമന്‍. “…ഒന്ന് പോയി തരുമോ മുന്നില്‍ നിന്ന്…” എന്ന് പറയുന്ന കാമുകിയോട് “…എന്നാ ഞാന്‍ പോയിട്ട് നാളെ വരാം….” എന്ന് പറയുന്ന കാമുകന്‍. മാത്തന്‍. ടോവിനോ തോമസിന്റെ കരിയറിലെ ഏറ്റവും മികച്ചത് എന്ന് തന്നെ പറയാം.

തന്റെ കയ്യില്‍ നിന്ന് കാഷ് വാങ്ങി പറ്റിച്ചതിനു കാമുകനെ തല്ലുന്ന കാമുകി. അത് തന്നെ വലിയ കടക്കാരി ആക്കിയപ്പോള്‍, ഇഷ്ടമില്ലാഞ്ഞിട്ടും അവതാരികയുടെ ജോലി ചെയ്ത് കടങ്ങള്‍ വീട്ടുന്നവള്‍. മകളും ചേച്ചിയും കൂട്ടുകാരിയും ഒക്കെയാണവള്‍. “ഞാനൊരു ഉമ്മ തരട്ടെ….” എന്ന് മാത്തന്‍ ചോദിക്കുമ്പോള്‍ “…ആയിട്ടില്ല…” എന്ന് മറുപടി പറയുന്ന അപ്പു. മനസ്സിന്റെയും ശരീരത്തിന്റെയും  ആനന്ദം അനുഭവിക്കുന്നവള്‍. രാത്രി ഒറ്റയ്ക്ക് നടക്കുന്നവള്‍. സന്തോഷം വരുമ്പോള്‍ പ്രിയതമനെ മതിവരുവോളം കെട്ടി പിടിച്ച് ഉമ്മ വെക്കുന്നവള്‍. ഐശ്വര്യ ലക്ഷ്മി ‘അപ്പു’ എന്ന അപര്‍ണ്ണ രവി ആയി നമുക്കിടയില്‍ തന്നെ ജീവിച്ചു.

ആഷിക്ക് അബു. സിനിമയിലും പുറത്തും ധൈര്യമുള്ള സംവിധായകന്‍. ആ ധൈര്യം കാണിക്കുന്ന. മായാനദി അദ്ധേഹത്തിന്റെ ‘മാഗ്നം ഒപ്പസ്’ ആണെന്ന് തന്നെ പറയം.

കഥയും തിരക്കഥയും കഥപറച്ചിലിന്റെ രീതിയും തന്നെയാണ് മര്‍മം. ദിലീഷ് നായര്‍ & ശ്യാം പുഷ്ക്കരന്‍. അഭിനന്ദനങ്ങള്‍.

ജയേഷ് മോഹന്‍ സമ്മാനിച്ച മനോഹരമായ ദൃശ്യങ്ങള്‍.
റെക്സ് വിജയന്‍റെ സംഗീതം.
ഷഹബാസ് അമന്റെ പാട്ടുകള്‍.
ഇവ മൂന്നുമാണ് നമ്മളെ സിനിമയുടെ കൂടെ ഒഴുക്കുന്നത്.
അത്രമേല്‍ ഫീല്‍ തരുന്നുണ്ട് ഇവയൊക്കെ അതിന്റെ ചേരുവയോടെ കൂടി ചേരുമ്പോള്‍.

തമിഴ് സംഭാഷണങ്ങള്‍ക്ക് സബ്ടൈറ്റില്‍ ഇല്ലാത്തത് ഒരു പോരായ്മ ആയി തോന്നിയത് മാത്രമാണ് സിനിമാ ആസ്വാദനത്തില്‍ ഒരു പ്രശ്നമാകുന്നത്.

ബഹിഷ്‌കരണങ്ങളുടെ ഇടയിലേക്കാണ് സിനിമ ഇറങ്ങിയത്. അതും അതിന്റെ സംവിധായകനും അദ്ധേഹത്തിന്റെ ഭാര്യയും എടുക്കുന്ന ശക്തമായ നിലപാടുകള്‍ കാരണം. അങ്ങനെയെങ്കില്‍, ആ സിനിമ കാണുന്നതും ഒരു രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണ്.

ആണ്‍കോയ്മകള്‍ക്ക് ഇഷ്ടമില്ലാത്ത പലതും ഇതിലുണ്ട്. ‘ഫെമിനിച്ചി’ യുണ്ട് അപ്പുവില്‍. ദീര്‍ഘനേരുമുള്ള ലിപ് ലോക്ക് ഉണ്ട്. “…സെക്സ് ഈസ്‌ നോട്ട് എ പ്രോമിസ്…” എന്നും “ഒന്ന് കൂടി..” എന്നും പറയുന്ന നായികയുണ്ട്.

ഇതൊന്നും കണ്ട് അസ്വസ്ഥമാകാത്ത, പെണ്ണ് തുറന്ന് പറയുമ്പോള്‍, അവള്‍ക്ക് പിന്തുണ കൊടുക്കുന്ന ആണിനെ, “പാവാട പിടിക്കുന്നവന്‍” എന്ന് വിളിക്കാത്ത, എല്ലാര്‍ക്കും ധൈര്യമായി സിനിമക്ക് കയറാം.

അല്ലാത്തവര്‍ എത്ര ബഹിഷ്കരിച്ചാലും സാരമില്ല, അത് ഒഴുകി കൊണ്ടേയിരിക്കും.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here