മാതൃഭൂമി സാഹിത്യപുരസ്‌കാരത്തിന് എന്‍.എസ്. മാധവന്‍ അര്‍ഹനായി

0
354
NS Madhavan Mthrubhumi Award

കോഴിക്കോട്: 2018-ലെ മാതൃഭൂമി സാഹിത്യപുരസ്‌കാരത്തിന് പ്രശസ്ത സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍ അര്‍ഹനായി. കഥ, നോവല്‍ വിഭാഗങ്ങളില്‍ മലയാള സാഹിത്യത്തിന് അദ്ദേഹം നല്‍കിയ മഹത്തായ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും എം.വി. ദേവന്‍ രൂപകല്പനചെയ്ത ശില്പവും അടങ്ങുന്ന മാതൃഭൂമി പുരസ്‌കാരം ജനുവരി രണ്ടാംവാരം കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ സമര്‍പ്പിക്കും.

എം.കെ. സാനു അധ്യക്ഷനും കെ. ജയകുമാര്‍, ആഷാമേനോന്‍ എന്നിവര്‍ അംഗങ്ങളുമായ പുരസ്‌കാര നിര്‍ണയ സമിതിയാണ് എന്‍.എസ്. മാധവനെ തിരഞ്ഞെടുത്തതെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാറും മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രനും അറിയിച്ചു. അതിസൂക്ഷ്മമായ രാഷ്ട്രീയപ്രമേയങ്ങളെ അന്യാദൃശമായ കൈയടക്കത്തോടെയും അനുപമമായ  ഭാഷാചാതുര്യത്തോടെയും മലയാളത്തിന്റെ മികച്ച കഥകളായി വിളയിച്ചെടുത്ത പ്രതിഭാധനനാണ് എന്‍.എസ്. മാധവനെന്ന് ജഡ്ജിങ് കമ്മിറ്റി വിലയിരുത്തി. മലയാളകഥയെ ലോകോത്തരമാക്കിയ എഴുത്തുകാരില്‍ മാധവന്‍ പ്രഥമശ്രേണിയില്‍ വരുന്നു. അതിനുള്ള സമുചിതമായ ആദരമാണ് ഈ പുരസ്‌കാരം – സമിതി നിരീക്ഷിച്ചു.

കൊച്ചിയില്‍ ജനിച്ച മാധവന്‍ എറണാകുളം മഹാരാജാസ് കോളേജിലും തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം 1975-ല്‍ ഐ.എ.എസ്സില്‍ ചേര്‍ന്നു. ദീര്‍ഘകാലത്തെ സേവനത്തിനുശേഷം ബീഹാറിലെ ചീഫ് ഇലക്ടറല്‍ ഓഫീസറായി വിരമിച്ചു. ഇന്ദിരാവധത്തെത്തുടര്‍ന്ന് അരങ്ങേറിയ കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ മാധവന്‍ എഴുതിയ ‘വന്‍മരങ്ങള്‍ വീഴുമ്പോള്‍’  എന്ന കഥ ‘കായാതരണ്‍’ എന്ന പേരില്‍ ചലച്ചിത്രമായിട്ടുണ്ട്. ഓടക്കുഴല്‍ പുരസ്‌കാരം, കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, പത്മപ്രഭാ പുരസ്‌കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here