പ്രപഞ്ചവും കാലവും, അതിന്നുമപ്പുറം എന്താണ്?, മുക്കുറ്റിപ്പൂവിന്റെ ആകാശം, ഞാനിവിടെയുണ്ട്, ഭൂമി പാടുന്ന ശീലുകള്‍ തുടങ്ങിയ കൃതികളുടെ രചയിതാവും
പ്രശസ്ത ബാലസാഹിത്യകാരനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പെരുമ്പാവൂർ മേഖലക്കമ്മിറ്റി അംഗവും ആയിരുന്ന പി. മധുസൂദനൻ ഇന്ന് വൈകിട്ട് അന്തരിച്ചു. നാളെ രാവിലെ 9 മണി മുതൽ 10 മണി വരെ വളയൻചിറങ്ങര വി എന്‍ കെ പി വായനശാലയിൽ പൊതുദർശനത്തിനുവെക്കും. കവി പി. മധുസൂദനന്റെ സംസ്കാര കർമ്മങ്ങൾ നാളെ ഉച്ചയ്ക്ക് രണ്ടിന് പെരുമ്പാവൂരിനടുത്തുള്ള ഒക്കലിൽ വീട്ടുവളപ്പിൽ വെച്ചുനടത്തും.
വളയൻചിറങ്ങര അരിമ്പാശേരി വീട്ടിൽ ആദ്യ കാല കമ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന കെ പി പടനായരുടേയും ശാന്തയുടേയും മകനാണ്. ശ്രീ മൂലനഗരം ഹൈസ്കൂളിൽ നിന്നും ഹെഡ്മാസ്റ്ററായി റിട്ടയർ ചെയ്തിരുന്നു. അബുദാബി ശക്തി അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. ശാസ്ത്രസാഹിത്യ പരിഷത്ത്, ഗ്രന്ഥശാല സംഘം, പുരോഗമന കലാസാഹിത്യ സംഘം, എന്നീ സംഘടനകളിൽ സജീവമായിരുന്നു. പരിഷത്ത് കലാജാഥകളിലെ കവിതകളും പാട്ടുകളും ഏറെയും മാഷിന്റേതായിരുന്നു. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവാർഡ് നേടിയ അതിന്നുമപ്പുറമെന്താണ് എന്ന കവിതയു പി വിഭാഗം മലയാള പാഠാവലിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബാലസംഘത്തിന്റെ പരിപാടികളിലും മധു മാഷ് സജീവ സാന്നിദ്ധ്യമായിരുന്നു. കാവ്യഭംഗി നഷ്ടപ്പെടാതെ ശാസ്ത്രകാര്യങ്ങള്‍ കവിതയില്‍ ഉള്‍ക്കൊള്ളിക്കാന്‍ മധുസൂദനനെപ്പോലെ പ്രാഗത്ഭ്യം കാട്ടിയ മറ്റൊരാളില്ല. ശാസ്ത്രബോധത്തിന്റെ ആകാശത്തിലേക്ക് ഏവരെയും കണ്ണുതുറപ്പിച്ച വ്യക്തിയായിരുന്നു മധുസൂദനന്‍. ഭാര്യ: ശ്രീകല. മകൾ: നന്ദന. മകൻ: ശ്രീജിത്ത്.