നിധിൻ.വി.എൻ
“ദി ഗോഡ്ഫാദർ ” എന്ന ഹോളിവുഡ് ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ വിറ്റോ കൊറിയോണിയെ അനശ്വരനാക്കിയ മാർലൺ ബ്രാൻഡോ (Marlon Brando) -യുടെ തൊണ്ണൂറ്റിനാലാം പിറന്നാളാണ് ഇന്ന്. സിനിമാ ആർട്ടിസ്റ്റ്, നാടകനടൻ, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനാണ് അദ്ദേഹം.
അമേരിക്കയിലെ നെബ്രാസ്ക (Nebraska) സംസ്ഥാനത്തെ ഒമാഹയിൽ(omaha) 1924 ഏപ്രിൽ മൂന്നിന് ബ്രാൻഡോ ജനിച്ചു. 1943-ൽ ന്യൂയോർക്കിൽ എത്തി അഭിനയം പഠിച്ച ശേഷം നാടകരംഗത്തേക്കിറങ്ങി. വിഖ്യാത നാടകകൃത്തായ ടെന്നസീ വില്യംസിന്റെ ” എ സ്ട്രീറ്റ് കാർ നെയിമ്ഡ് ഡിസയർ ” (1947-ൽ) എന്ന നാടകത്തിലെ സ്റ്റാൻലി കൊവൽസ്കിയായി വേദിയിൽ നിറഞ്ഞാടിയ ബ്രാൻഡോ തുടർന്ന് സിനിമാരംഗത്തെത്തി. 1950-ൽ പുറത്തിറങ്ങിയ ” ദി മെൻ ” ആയിരുന്നു ആദ്യ ചിത്രം.
1951-ൽ എലിയ കസൻ “സ്ട്രീറ്റ് കാർ” സിനിമയാക്കിയപ്പോൾ ബ്രാൻഡോ തന്നെയാണ് കൊവൽസ്കിയായി വേഷമിട്ടത്. ചരിത്രം സൃഷ്ടിച്ച ഈ ചിത്രം അദ്ദേഹത്തെ പ്രശസ്തനാക്കി. “വിവ സപാത്ത”യിൽ മെക്സിക്കൻ വിപ്ലവക്കാരിയായ എമിലിയാനോ സപാത്തയുടെ വേഷമായിരുന്നു ബ്രാൻഡോ കൈകാര്യം ചെയ്തത്. തുടർന്ന് അഭിനയ ചാതുര്യം നിറഞ്ഞ ചിത്രങ്ങൾ ഒന്നൊന്നായി പുറത്തിറങ്ങുകയും, ഹോളിവുഡിലെ ഏറ്റവും വലിയ താരം എന്ന നിലയിലേക്ക് മാർലൺ ബ്രാൻഡോ വളരുകയുമായിരുന്നു. ” ജൂലിയസ് സീസർ, ദി വൈൽഡ് വൺ, ഓൺ ദി വാട്ടർ ഫ്രെണ്ട്, guys and dolls, ദി ഫുജിടീവ് കൈൻഡ് ” തുടങ്ങിയ ചിത്രങ്ങൾ ജനശ്രദ്ധ പിടിച്ചുപറ്റി.
ഏതൊരു ചലച്ചിത്രക്കാരന്റെയും ജീവിതത്തിൽ സംഭവിക്കാവുന്നതുപോലെ അറുപതുകളിൽ ഇറങ്ങിയ ചില ചിത്രങ്ങൾ പരാജയപ്പെട്ടതോടെ അദ്ദേഹത്തിന്റെ പ്രഭ മങ്ങി. എന്നാൽ 1972-ൽ ഫ്രാൻസിസ് ഫോർഡ് കൊപ്പോല (Francis ford Coppola ) സംവിധാനം ചെയ്ത “ദി ഗോഡ്ഫാദർ” -ലൂടെ അദ്ദേഹം ശക്തമായ തിരിച്ചു വരവ് നടത്തി. ഈ ചിത്രത്തിലെ വിറ്റോ കൊറിയോനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് ബ്രാൻഡോയ്ക്ക് ഓസ്കാർ ലഭിച്ചെങ്കിലും , നിരസിക്കുകയായിരുന്നു. മാനുഷികവും രാഷ്ട്രീയവുമായ കാരണങ്ങളാൽ മികച്ച നടനുള്ള പുരസ്കാരം നിരസിച്ചു കൊണ്ട് അദ്ദേഹം പ്രതിഷേധിച്ചു. ഓസ്കാർ നിരസിക്കുന്ന രണ്ടാമത്തെ നടനാണ് ബ്രാൻഡോ. 1971-ൽ ജോർജ് സി സ്‌കോട്ടാണ് ആദ്യമായി ഓസ്കാർ നിരസിച്ചത്. 2004 ജൂലൈ ഒന്നിന് ഓർമ്മയായ മാർലൺ ബ്രാൻഡോ ഫിലീം ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ എക്കാലത്തെയും മികച്ച നടന്മാരുടെ പട്ടികയിൽ നാലാമതാണ്.