Homeആസ്വാദനംമരണാനുകരണം; പുലകുളിച്ചു കയറ്റുന്ന കലാനുഷ്ഠാനം

മരണാനുകരണം; പുലകുളിച്ചു കയറ്റുന്ന കലാനുഷ്ഠാനം

Published on

spot_img

വി.ടി ജയദേവൻ

വേരുകള്‍ക്ക് അബോധത്തെ പിളര്‍ക്കാന്‍ മാത്രം ശക്തിയുണ്ടാകുമ്പോള്‍ അതൊരുനഷ്ഠാനക്രിയപോലെ ആസ്വാദകനെ ഭൂതപ്രേതബാധകളില്‍ നിന്ന് മുക്തമാക്കും. ഭൂതവും പ്രേതവും ഒന്നാണ്. എല്ലാ ഓര്‍മ്മബാധയും പ്രേതബാധയാണ്. ചില പ്രേതങ്ങള്‍ ശാന്തര്‍, കാരുണ്യമൂര്‍ത്തികള്‍, ചിലര്‍ കഠോരര്‍, വരുതിക്കുനിര്‍ത്തുന്നവര്‍, കാഴ്ച കെടുത്തുന്നവര്‍.
ഭൂതകാലത്തില്‍ പെട്ടുപോകുമ്പോള്‍, വര്‍ത്തമാനകാലത്തെ ഭൂതകാലം അട്ടിമറിക്കുമ്പോള്‍, കീഴടക്കുമ്പോള്‍ മനസ്സിന്റെ ചലനശേഷി നഷ്ടപ്പെടുകയും നവ്യത നഷ്ടപ്പെടുകയും അത് വിഭ്രമാനുഭവങ്ങളുടെ വാസസ്ഥാനമാവുകയും ജീവിതം നരകം ആവുകയും ചെയ്യും.
എല്ലാ ഭയങ്ങളും പരിഭ്രാന്തികളും പ്രേതബാധകളാണ്. മോഹാവേശങ്ങള്‍ പ്രേമബാധയാണ്. കേവലമായ വാക്കുകൊണ്ടോ ചിന്തകൊണ്ടോ ഉപദേശങ്ങള്‍കൊണ്ടോ ആഴത്തിലെ ഇറച്ചിയിലേയ്ക്കു തുളഞ്ഞു കയറിയ ഭൂതബാധകളെ ഉച്ചാടനം ചെയ്‌തൊഴിവാക്കാന്‍ സാധിക്കുകയില്ല. മുള്ളുകൊണ്ടു മുള്ളെടുക്കും വിധം കല ഭൂതകാലത്തെ ഭൂതകാലം കൊണ്ട് തോണ്ടിയെടുക്കുന്നു.
കലയുടെയും അനുഷ്ഠാനത്തിന്റെയും മിശ്രണത്തിലൂടെ സ്വന്തം ആഴത്തെ ഭേദിച്ചപ്പുറത്തെ ആകാശമനുഭവിക്കാന്‍ ആസ്വാദകനെ പ്രാപ്തനാക്കുകയാല്‍ എമില്‍മാധവിയുടെ മരണാനുകരണം എന്ന നാടകം ഒരാധുനിക ക്ലാസിക് ആയി മാറുന്നു.

an-Imitation-of-death-emil-madhavi-vt-jayadevan-athmaonline-11

an-Imitation-of-death-emil-madhavi-vt-jayadevan-athmaonline-10

രംഗവേദിയിലെ നടന്റെ പലമാനമുള്ള അഭിനയത്തെ മാത്രം ഉപകരണമാക്കിയാണ് സാധാരണയായി നാടകം ആസ്വാദകനെ മറ്റൊരു ജീവതാവസ്ഥയിലേയ്ക്ക് തള്ളിയിടാറുള്ളത്. കാലം ചെല്ലുമ്പോള്‍ കലയുടെ ഉപകരണസാമഗ്രമികള്‍ പഴകുകയും അനുഷ്ഠാനചിഹ്നങ്ങള്‍ വെറും ആചാരമാകുമ്പോള്‍പോലെ അവയ്ക്ക് പ്രഹരശേഷി നഷ്ടപ്പെടുകയും പഴകിയ ഉപകരണങ്ങളുടെ, വാക്കുകളുടെ ഊര്‍ജ്ജവികിരണത്തെ മനസ്സു മറികടക്കുകയും അവ മനസ്സിന്റെ ഉപരിതലത്തെ പിളര്‍ക്കാന്‍ ശക്തമല്ലാതാവുകയും ചെയ്യുന്നു. മുന്നേയുപയോഗിച്ച കാവ്യമാതൃകകളും ദൃശ്യരൂപമാതൃകകളും ആവര്‍ത്തിച്ചുപയോഗിക്കുമ്പോള്‍ ഉള്ളിലൊരിളക്കവും ഉണ്ടാക്കാതിരിക്കാനുള്ള കാരണം അതാണ്.
മരണാനുകരണം നാടകം നാടകത്തിന്റെ ശരീരത്തിനുള്ളിലേയ്ക്ക് നാടകത്തിന്റെ ഹൃദയമിടിപ്പുകളിലേയ്ക്ക് ശ്വാസോച്ഛസങ്ങളിലേയ്ക്ക് ആസ്വാദനകനെ നടത്തിക്കൊണ്ടു പോകുന്നു. നാടകത്തിന്റെ ചെറുകുടലില്‍കിടന്ന് ആഖ്യാനവസ്തുക്കളോടൊപ്പം ആസ്വാദകനും സ്വയം ദഹിക്കേണ്ടിവരുന്നു.

മരണ ഭീതിയോളം ശക്തമായ ഒരു ഭീതിയില്ല. രോഗഭീതിയും ദാരിദ്ര്യഭീതിയും നിസ്സാരതാഭീതിയുമൊക്കെ ആത്യന്തികമായി മരണഭീതിയുടെ നിറമാറ്റങ്ങള്‍ തന്നെ. മരണഭീതിയില്‍നിന്നു സമ്പൂര്‍ണമായ വിടുതല്‍ നേടുന്ന നിമിഷം ഒരാള്‍ പ്രബുദ്ധനായി മാറും. ജ്ഞാനി എന്ന് ആരെയെങ്കിലും ഒരാളെ നിസ്സംശയം വിളിക്കാമെങ്കില്‍ അത് മരണഭീതിയുടെ അപ്പുറം പോയ ഒരാളെയാണ്. മൃതി ഭീതിയ്ക്കപ്പുറം പോകുമ്പോല്‍ ഒരാള്‍ ഭൂതഭാവനകളില്‍നിന്ന് രക്ഷനേടുന്നു. സ്വപ്നങ്ങളില്ലാത്ത ഉറക്കത്തിനും സങ്കല്‍പക്കുരുക്കില്ലാത്ത നിത്യപ്രയാണത്തിനും അര്‍ഹതയുള്ളയുള്ളവനാകുന്നു. അതു കൊണ്ട് കലയ്‌ക്കോ ജ്ഞാനത്തിനോ എന്തെങ്കിലും ഒരു ലക്ഷ്യമുണ്ട് എന്നു വരുന്ന പക്ഷം അത് മരണഭീതിയില്‍ നിന്ന് ഒരാളെ മുക്തനാക്കുന്നു എന്നതായിരിക്കും.

മരണാനുകരണം എന്ന നാടകം മരണലോകത്തിലൂടെ ആസ്വാദകനെ കൂട്ടിക്കൊണ്ടു പോകുന്നു. മരണ ലോകപാതയുടെ നനവും ചെരിയും കല്ലും ഇരുട്ടും പുല്‍ത്തണുപ്പും ചെരിപ്പില്ലാത്ത കാലുകൊണ്ട് നടന്നറിയാന്‍ പ്രേരിപ്പിക്കുന്നു. മരണത്തിന്റെ അടുപ്പിന്‍കനല്‍വെളിച്ചത്തിലിരുന്ന് ജീവിതത്തിന്റെ ചോറു വിളമ്പുകയും ചവച്ചിറക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ജീവിതത്തിന്റെ ഓരോ വറ്റിലും വലിയൊരു ശതമാനം മരണത്തിന്റെ നീര് ആണ് എന്നതാണ് യാഥാര്‍ത്ഥ്യം. തുപ്പലുകൂട്ടിച്ചവയ്ക്കുമ്പോള്‍ ജീവിതത്തിന്റെയും മരണത്തിന്റെയും ഇടവലര്‍ന്നൊന്നായ ഒറ്റ രുചി, ഉപ്പിച്ച മധുരം അനുഭവിക്കാനാകും.
പ്രേതലോകപ്രവേശനമായാണ് നാടകം രൂപപ്പെടുത്തിയത്. ആസ്വാദകന്‍ ജീവിതത്തില്‍ നിന്ന് മരണത്തിലേയ്ക്കു വീണുപോയ മനുഷ്യരെ മരണത്തിന്റെ ലോകത്തില്‍ ചെന്നു കാണുകയും അവരുടെ പിറുപിറുപ്പുകള്‍ക്ക് വിധേയമാകുകയും ചെയ്യുന്നു. അവിടെ സ്‌നഹവും പ്രണയവും അനുകമ്പയും വിലാപവും നിരാശയും തളകെട്ടിയിരിക്കുന്നു. ജീവതത്തിന്റെ ഇരുട്ടുപിടിച്ച അകങ്ങളില്‍ നാം അനുഭവിച്ചുപോരാറുള്ള അതേ ചെളിയും വഴുക്കും വിലാപവും തന്നെ. ജീവിതം തന്നെ മരണം. ജീവിതസൗന്ദര്യത്തില്‍ ഒട്ടും കുറയാത്ത സൗന്ദര്യമൂല്യം അതുകൊണ്ട് മരണത്തിനും.
മരണത്തിനും ജീവിതത്തിനുമിടയില്‍ യുക്തിയുടെ നേര്‍ത്ത വരമ്പുണ്ട്. ആ വരമ്പിലാണ് നമ്മുടെ മതജീവിതവും ആത്മീയ ജീവിതവും പ്രണയജീവിതവും അവരുടെ കുഞ്ഞുകുഞ്ഞു കാല്പനിക റിപ്പബ്ലിക്കുകളുടെ കൊടിക്കൂറപറപ്പിക്കുന്നത്. നാടകം അതീവരഹസ്യമായി, സമര്‍ത്ഥമായി ആ വരമ്പങ്ങു മായ്ചുകളയുന്നു. വരമ്പുപോയപ്പോള്‍ ആ കണ്ടത്തിലെ വെള്ളം ഈ കണ്ടത്തിലെ വെള്ളമായി തീര്‍ന്നു. മരണക്കണ്ടത്തിലെ പരമീനുകള്‍ ജീവിതക്കണ്ടത്തിലേയ്ക്കും ജീവിതക്കണ്ടത്തിലെ തവളകള്‍ മരണക്കണ്ടത്തിലേയ്ക്കും സഞ്ചരിക്കുന്നു.

നാടകാസ്വദത്തെക്കുറിച്ചുള്ള പാശ്ചാത്യവും പൗരസ്ത്യവുമായ രസസങ്കല്‍പനങ്ങളെ തിരുത്തിയെഴുതാന്‍ മാത്രം ശക്തി കൈവരിക്കാന്‍ മരണാനുകരണത്തിനു സാധിക്കുന്നു. ആസ്വാദകന്‍ അവനവന്റെ ജീവിതാനുഭവങ്ങള്‍ വിസ്മരിക്കുകയും നാടകത്തിലെ സ്ഥലകാലവുമായി താദാത്മ്യപ്പെടുകയും ചെയ്യുന്നു എന്നതാണല്ലോ ക്ലാസിക്കലായ രസാസ്വാദനചിന്തയുടെ കാതല്‍. എന്നാലിവിടെ ആസ്വാദകന്‍ സഞ്ചരിക്കുന്നത് സ്വന്തം ആന്തരവനത്തിലേയ്ക്കാണ്. പടവില്‍നിന്ന് ഉപരിതലത്തെ ഭേദിച്ച് അബോധത്തിന്റെ ആഴത്തിലേയ്ക്കു വീണ ആസ്വാദകന്‍ സ്വന്തം ജീവതത്തിന്റെ അടിച്ചെളിയിലാണ് ചെന്നെത്തുന്നത്. സ്വന്തം ഭൂതകാലത്തിലേയ്ക്കാണ്, തന്റെ തന്നെ ഉള്ളിലെ മൃതിലോകത്തിലേയ്ക്കാണ് ആസ്വാദകന്‍ ചെന്നെത്തുന്നത്. അതായത് ഒരു കവിത വായിക്കുമ്പോള്‍ പോലെ ഈ നാടകാനുഭവവും ആസ്വാദകര്‍ക്ക് സാമാന്യമായ ഉപരിതലാനുഭവമല്ല സവിശേഷമായ ആന്തിരികാനുഭവമാണ് നല്‍കുന്നത്. ഓരോ ആളും ഓരോ നാടകമാണ് അനുഭവിക്കുന്നത് എന്നര്‍ഥം. സ്വന്തം ജീവിതത്തിന്റെ കെല്‍പുകള്‍ക്കും ദീനതകള്‍ക്കും അനുസരിച്ച് ഓരോരുത്തരുടെയും സ്ഥലകാലം മാറിമറയുന്നു.
അച്ഛന്റെ മരണാനുഭവമാണ് എനിക്കു മരണലോകത്തിലേയ്ക്കു കയറാനുള്ള താക്കോലായത്. അച്ഛനും ഞാനും മാത്രം ഉള്‍പ്പെട്ട ഒന്നായിരുന്നു അച്ഛന്റെ മരണരംഗം. പിന്നീട് അച്ഛനെന്നെ മരിക്കാന്‍ പഠിപ്പിച്ചു എന്നു തോന്നും വിധം ഗാഢമായിരുന്നു ആ മുഹൂര്‍ത്തം. അത്യന്തം നാടകീയമായിരുന്നു അത്. എല്ലാ രസശീര്‍ഷങ്ങളെയും പിന്നിട്ട് പരമശാന്തിയില്‍ ചെന്നു തൊട്ടിരുന്നു അത്. പഴയാകാല നാടകത്തിന്റെ വക്താവായിരുന്ന അച്ഛന്‍ മരണാനുകരണനാടകം വഴിക്ക് എന്നിലേയ്ക്കു വരികയുണ്ടായി. മരണത്തിലച്ഛനോടൊപ്പം ഞാനുണ്ടായ പോലെ മരണാനുകരണം നാടത്തിനകത്തെ പാതാളയാത്രയില്‍ അച്ഛന്‍ എന്നൊപ്പം നിന്ന് ജീവിതം തൊട്ടു.
ജീവതത്തിന്റെ ഇരുട്ടിലൂടെ കൈകോര്‍ത്തു കോര്‍ത്തുപിടിച്ചു ചലിക്കുന്ന ചങ്ങലയാകുന്നുണ്ട് ആസ്വാദകന്‍ ഈ നാടത്തിലൊരിടത്ത്. പ്രതീക്ഷയുടെ കുഞ്ഞുനക്ഷത്രം പോലും മുങ്ങിപ്പോയൊരു മഴക്കാറുമൂടലമാവാസിപ്പാതിരാപാതാളയാത്രയിലാണെങ്കിലും സ്‌നേഹത്തിന്റെ കൈകോര്‍ക്കലുകളാല്‍ വിശ്രാന്തിയുടെ പുലര്‍വെയിലില്‍ ചെന്നെത്താമെന്ന് അപ്പോഴനുഭവിക്കാനാകുന്നു.

മരണലോകത്തെ ചെളിയും വഴുക്കും താണ്ടി സ്വന്തം മരണപ്പായിലേയ്ക്കാണ് നാടകം ആസ്വാദകനെ കൊണ്ടെത്തിയ്ക്കുന്നത്. പൂര്‍ണമായും ശമിക്കാനും മരിക്കാനും പറ്റും വിധം വരണ്ട ചുണ്ടുകളില്‍ നനവുതേയ്ക്കുന്നു. പിന്നീട് വെളിച്ചം തെളിമ്പോള്‍ ആസ്വാദകന്‍ സ്വന്തം മരണത്തില്‍ നിന്ന് മൗനക്കടലില്‍ മുങ്ങിപുലകുളിച്ച് പ്രശാന്തനായെണീറ്റു വരുന്നു.


LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

സ്വപ്നവും മിഥ്യയും ജീവിതത്തിന്റെ പാലങ്ങളും

ആത്മാവിന്റെ പരിഭാഷകൾ (സിനിമ, കവിത, സംഗീതം ) ഭാഗം 19 ഡോ രോഷ്നി സ്വപ്ന To you, I'm an atheist. To God, I'm the...

ഉപേക്ഷിക്കപ്പെട്ട നഗരത്തിന്റെ പാസ്സ്‌വേർഡ്

കവിത നിമ. ആർ. നാഥ്‌ നിന്നെയോർക്കുന്നു. ഉയിരിൽ നിന്നും ഇറങ്ങിപ്പോയൊരു നിഴൽ. ഉടലിൽ നിന്നും വേർപെട്ടു നിൽക്കുന്നോരവയവം. സമുദ്രജലവഴുപ്പ്. ഗർഭദ്രവഗന്ധം. ദിശതെറ്റിയുറഴി ചുഴിയരികുകളിൽ- ചുംബിക്കുന്നൊരു കപ്പൽ. ഉഗ്രതയുള്ള കരിമ്പുലിയെന്നവണ്ണം- മുരണ്ടമറുന്ന കറുത്ത റോയൽ...

A Man Called Otto

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: A Man Called Otto Director: Marc Forster Year: 2023 Language: English പെന്‍സില്‍വാനിയയിലെ പിറ്റ്‌സ്ബര്‍ഗില്‍ താമസിക്കുന്ന...

MIRACLE OF ISTANBUL

പവലിയൻ ജാസിർ കോട്ടക്കുത്ത് “We had a mountain to climb but we kept fighting to the end.”...

More like this

സ്വപ്നവും മിഥ്യയും ജീവിതത്തിന്റെ പാലങ്ങളും

ആത്മാവിന്റെ പരിഭാഷകൾ (സിനിമ, കവിത, സംഗീതം ) ഭാഗം 19 ഡോ രോഷ്നി സ്വപ്ന To you, I'm an atheist. To God, I'm the...

ഉപേക്ഷിക്കപ്പെട്ട നഗരത്തിന്റെ പാസ്സ്‌വേർഡ്

കവിത നിമ. ആർ. നാഥ്‌ നിന്നെയോർക്കുന്നു. ഉയിരിൽ നിന്നും ഇറങ്ങിപ്പോയൊരു നിഴൽ. ഉടലിൽ നിന്നും വേർപെട്ടു നിൽക്കുന്നോരവയവം. സമുദ്രജലവഴുപ്പ്. ഗർഭദ്രവഗന്ധം. ദിശതെറ്റിയുറഴി ചുഴിയരികുകളിൽ- ചുംബിക്കുന്നൊരു കപ്പൽ. ഉഗ്രതയുള്ള കരിമ്പുലിയെന്നവണ്ണം- മുരണ്ടമറുന്ന കറുത്ത റോയൽ...

A Man Called Otto

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: A Man Called Otto Director: Marc Forster Year: 2023 Language: English പെന്‍സില്‍വാനിയയിലെ പിറ്റ്‌സ്ബര്‍ഗില്‍ താമസിക്കുന്ന...