മനംനിറച്ച മറഡോണ…

0
548

പുൽത്തകിടിയിൽ കാൽകളാൽ പ്രകമ്പനം തീർത്ത കുറിയ മനുഷ്യനെ കുറിച്ചല്ല, ഒരുപറ്റം കൊച്ചു കലാകാരന്മാരുടെ മികവാർന്നൊരു നാടകത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. അരുൺലാലിന്റെ സംവിധാനത്തിൽ പാലക്കാട്‌ ജിവിഎച്ച്എസ് എസ് വട്ടേനാടിലെ വിദ്യാർത്ഥികൾ അണിയിച്ചൊരുക്കിയ ‘മറഡോണ’. കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കപ്പടിച്ച മറഡോണ വേദികളിൽ നിന്നും വേദികളിലേക്ക് ജൈത്രയാത്ര തുടരുകയാണ്.

പൂക്കാട് കലാലയത്തിന്റെ ‘കളി-ആട്ട’ത്തിൽ വെച്ചാണ് ഏറെ കേട്ടിട്ടുള്ള മറഡോണയെ നേരിട്ട് കാണാനാവസരം കൈവന്നത്. അടക്കാനാവാത്ത ജിജ്ഞാസയാൽ കർട്ടനുയരും മുൻപേ അരങ്ങിലേക്ക് എത്തിനോക്കിയപ്പോൾ കണ്ടത് ജേഴ്സിയണിഞ്ഞ് അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാക്കുന്ന നാളെയുടെ നടന്മാരും, ഒത്തനടുക്കായൊരു ഗോൾപോസ്റ്റും. പേര് തന്ന സൂചനപോലെ നാടകം കാൽപ്പന്തിനെ ചുറ്റിപ്പറ്റിയാണെന്ന് അതോടെ ഉറപ്പിക്കാനായി. അർജന്റീന ആരാധകൻ കൂടിയായതുകൊണ്ടാവണം,ഇതിഹാസത്തെ പറ്റി ഇവരെന്താണ് ചെയ്യാൻ പോവുന്നതെന്ന ആകാംക്ഷ മുൻനിരയിൽ തന്നെ എന്നെ പിടിച്ചിരുത്തി.

കർട്ടനുയർന്നത് തന്നെ കളിയാരവത്തിലേക്കായിരുന്നു. കാണികളെ ചിരിപ്പിച്ചുല്ലസിപ്പിച്ച് മുന്നേറിയ നാടകം നല്ലൊരു രസംകൊല്ലി തന്നെയെന്നുറപ്പിച്ചു തുടങ്ങവേ കഥയുടെ ഗതിയാകെ മാറി. കേവലം പന്തുകളിയെ കുറിച്ചുള്ള നാടകമെന്ന പരിവേഷത്തിൽ നിന്നും മൂന്നാംലിംഗമെന്ന ഗൗരവമേറിയ വിഷയത്തിലേക്കുള്ള പരിണാമം പൊടുന്നനെയായിരുന്നു. ശ്വാസമടക്കി വീക്ഷിച്ച കാണികൾക്ക് ശുഭാന്ത്യത്തിലൂടെ ആശ്വാസം പകർന്ന മറഡോണ കണ്ടവരുടെ കണ്ണുകളിൽ ഏറെനാൾ തങ്ങിനിൽക്കുമെന്നത് തീർച്ച.

പ്രമേയത്തിലെ പുതുമയ്‌ക്കൊപ്പം തന്നെ നാടകത്തിന്റെ അണിയറയും കയ്യടിയർഹിക്കുന്നു. രംഗമാറ്റത്തിന്റെ കോലാഹലങ്ങൾ തെല്ലുമില്ലാത്ത ഒരൊറ്റ സെറ്റിൽ അവസാനം വരെ നാടകമൊരുക്കിയ അണിയറയിലെ പരിശ്രമങ്ങൾ എടുത്തുപറയേണ്ടവയാണ്. നല്ലൊരു സംവിധായകന്റെ നല്ലൊരുകൂട്ടം നടൻമാർ വന്നുചേർന്നതോടെ രൂപംകൊണ്ട മറഡോണ വേദികൾ ഇനിയും കീഴടക്കുമെന്നത് തീർച്ച. കഴിവാകും ചിറകിനെ രാകിമിനുക്കി കൂടുതലുയരങ്ങളിലേക്ക് പറന്നുയരാനാവട്ടെ..

വേഷമിട്ടവർ :സജൽ, വൈശാഖ്, സഞ്ജയ്‌, അബിൻബാബു, ആദിത്യൻ, നവനീത്, ഷേബ, അതുൽ, ആര്യ, അമൃത, ഹാഷിർ.

LEAVE A REPLY

Please enter your comment!
Please enter your name here